SignIn
Kerala Kaumudi Online
Monday, 18 May 2026 5.02 AM IST

അരങ്ങേറ്റ പഞ്ചാരിയിൽ എം.എൽ.എ, മേളപ്രമാണിയായി മട്ടന്നൂർ

panchari

ഓച്ചിറ: കാർത്തിക വിളക്ക് തൊഴാനെത്തിയ ആയിരങ്ങളെ സാക്ഷി നിറുത്തി കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രസന്നിധിയിൽ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചു.

അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പായി മാറിയ ഓച്ചിറ പടനിലത്തിൽ വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും തായമ്പക വിദഗ്ദ്ധൻ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണനും മേളപ്രമാണിമാരായപ്പോൾ ജനം ആവേശത്തിൽ മതിമറന്നു. ഇവർക്കൊപ്പം കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ മകൾ യുവജനോത്സവ വിജയി മീര ഉണ്ണിക്കൃഷ്ണനും അരങ്ങേറ്റം കുറിച്ചു.

കുഴൽ വിദ്വാൻ വാദ്യകലാനിധി മപ്രാണം ഷൈജു ആശാന്റെ നേതൃത്വത്തിൽ കുഴൽ വിദഗ്ദ്ധരും കലാപീഠം ഓച്ചിറ രാജീവിന്റെ നേതൃത്വത്തിൽ കൊമ്പ് കലാകാരന്മാരും പഞ്ചാരിയിൽ അണിചേർന്നു. മട്ടന്നൂരിന് കൂട്ടായി മക്കളായ മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത് എന്നിവരും മേളപ്രമാണിമാരായ കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, വെള്ളിനേഴി ആനന്ദ്, സിനിമാനടൻ ആദിനാട് ശശി എന്നിവരും ചെണ്ടയിൽ താളമിട്ടു.

അഞ്ച് കാലങ്ങളുള്ള പ‌ഞ്ചാരിയുടെ മൂന്ന്, നാല്, അഞ്ച് കാലങ്ങളാണ് അരങ്ങേറിയത്. നൂറോളം കലാകാരന്മാർ പങ്കെടുത്ത മേളം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. കഴിഞ്ഞ വർഷം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലാണ് സി.ആർ. മഹേഷ് എം.എൽ.എ കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ ശിക്ഷണത്തിൽ തായമ്പകയിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ദിവസം മട്ടന്നൂരും സംഘവും കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണന്റെ പുതുപ്പള്ളിയിലുള്ള കളരിയിലെത്തി പഞ്ചാരിയിൽ ഒരുമിച്ച് പരിശീലനം നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MAHESH MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA