SignIn
Kerala Kaumudi Online
Friday, 29 March 2024 4.04 PM IST

'ചിന്നവർ' മന്ത്രിസഭയിലേക്ക് ഉദയനിധി സ്റ്റാലിന്റെ സത്യപ്രതിജ്ഞ നാളെ

ss

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ചെന്നൈ ചെപ്പോക്ക് എം.എൽ.എയുമായ ഉദയനിധി സ്റ്റാലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഡി.എം.കെ ഉന്നതാധികാര സമിതി തീരുമാനിച്ചു. നിലവിൽ മുഖ്യമന്ത്രി സ്റ്റാലി​ൻ കൈവശം വച്ചിരിക്കുന്ന കായിക, യുവജനകാര്യ ക്ഷേമകാര്യവകുപ്പുകൾ മകന് നൽകുമെന്നാണ് സൂചന. നാളെയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്.

പാർട്ടി വൃത്തങ്ങളിൽ 'ചിന്നവർ" എന്ന് വിശേഷിപ്പിക്കുന്ന ഉദയനിധി സ്റ്റാലിൻ അറിയപ്പെടുന്ന തിരക്കുള്ള നായക നടനും നിർമ്മാതാവുമാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഡി.എം.കെയ്ക്ക് ലഭിച്ചപ്പോൾ തന്നെ ഉദയനിധിയെ മന്ത്രിയാക്കണമെന്ന ആവശ്യം ഉയർന്നതാണ്. എന്നാൽ, തുടക്കത്തിലേ കുടുംബാധിപത്യം എന്ന ദുഷ്പേര് മന്ത്രിസഭയ്ക്ക് ഉണ്ടാകാതിരിക്കാനായി സ്റ്റാലിൻ അത് നടപ്പിലാക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. നിലവിൽ 34 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്.

69,355 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെപ്പോക്കിൽ നിന്ന് ഉദയനിധി വിജയിച്ചത്. ചെപ്പോക്കിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്.

2019 മുതൽ ഡി.എം.കെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ്. 1982 മുതൽ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിൻ വഹിച്ചിരുന്ന പദവിയാണിത്. 2021ൽ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളായിരുന്നു ഉദയനിധി. മന്ത്രിസഭാ പ്രവേശം സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയ ശേഷം അതേക്കുറിച്ച് പ്രതികരിക്കാമെന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്.

 ദുരൈമുരുകന്റെ രണ്ടാം സ്ഥാനം തെറിക്കുമോ?

മുഖ്യമന്ത്രിയുടെ മകൻ മന്ത്രിസഭയിൽ രണ്ടാമനായി മാറിയാൽ അത്ഭുതപ്പെടാനില്ല. കേഡർ പാർട്ടിയെന്ന് നേതാക്കൾ പറയുമെങ്കിലും കുടംബാധിപത്യമാണ് നേതൃനിരയിലാകെ. പാർട്ടി ജറനൽ സെക്രട്ടറി ദുരൈ മുരുകനാണ് ഇപ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ. ജലസേചന, പാർലമെന്ററികാര്യം, തിരഞ്ഞെടുപ്പ്, ധാതുഖനനം വകുപ്പുകളാണ് ദുരൈമുരുകനുള്ളത്.

കാട്പാടിയിൽ നിന്ന് 736 വോട്ടുകൾക്ക് കഷ്ടിച്ച് ജയിക്കുകയായിരുന്നു ദുരൈമുരുകൻ.

 സിനിമയിൽ സജീവം

കഴിഞ്ഞ വർഷം സിനിമകളിലൊന്നും അഭിനയിച്ചില്ലെങ്കിലും ഈ വർഷം രണ്ട് ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. അരുൺരാജ കാമരാജ് സംവിധാന ചെയ്ത സംവിധാനം ചെയ്ത 'നെ‌ഞ്ചുക്ക് നീതി"യിൽ ഐ.പി.എസ് ഓഫീസറായും മകിഴി തിരുമേനി സംവിധാനം ചെയ്ത കലകാ തലൈവനിൽ വാഹന നിർമ്മാണ കമ്പനി ജീവനക്കാരനായും അഭിനയിച്ചു.

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതും ഉദയനിധിയാണ്. ഫഹദ് ഫാസിൽ, കീർത്തി സുരേഷ്, വടിവേലു എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. അഭിനയിക്കാനായി പുതിയ ചിത്രങ്ങൾക്കൊന്നും ഡേറ്ര് നൽകിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.