₹നിയമോപദേശം തേടി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല അനധികൃത നിയമന മേളയിലൂടെ ഭരണക്കാരുടെയും, യൂണിയൻ നേതാക്കളുടെയും ഉറ്റ ബന്ധുക്കൾക്ക് ഉൾപ്പെടെ നൽകിയ പിൻ വാതിൽ നിയമനങ്ങൾ
റദ്ദാക്കാൻ ചാൻസലറായ ഗവർണർ നടപടി തുടങ്ങി. സർവകലാശാലയുടെ ക്രമവിരുദ്ധ ഉത്തരവുകളും നടപടികളും റദ്ദാക്കാനും സസ്പെൻഡ് ചെയ്യാനുമുള്ള അധികാരം ഉപയോഗിച്ച് നിയമന വിജ്ഞാപനം റദ്ദാക്കാനാണ് നീക്കം.ഇത് സംബന്ധിച്ച് ഗവർണർ നിയമോപദേശം തേടി.
'പിൻവാതിൽ നിയമന മേള' 'കേരളകൗമുദി'യാണ് പുറത്തു കൊണ്ടുവന്നത്. പിന്നാലെ, സർവകലാശാലയിലെ ക്രമവിരുദ്ധ നിയമനങ്ങൾ സ്ഥിരീകരിച്ച് വൈസ്ചാൻസലർ പ്രൊഫ.സിസാ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് നിയമന വിജ്ഞാപനമിറക്കിയതെന്ന് വി.സി ഗവർണറെ അറിയിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ വൈസ്ചാൻസലർ ഡോ.എം.എസ് രാജശ്രീ, കരാർ നിയമനത്തിന് വിജ്ഞാപനമിറക്കാൻ അനുമതി നൽകിയിരുന്നില്ല. നവംബർ നാലിന് വി.സിയായി ചുമതലയേറ്റ പ്രൊഫ. സിസാതോമസിന്റെ അറിവില്ലാതെയാണ്,എട്ടിന് രജിസ്ട്രാർ നിയമന വിജ്ഞാപനമിറക്കിയത്. നിയമ സാധുതയില്ലാത്ത ഈ വിജ്ഞാപനം റദ്ദാക്കപ്പെടേണ്ടതാണെന്നും, നിലവിലെ കരാർ ജീവനക്കാരുടെ കാലാവധി നീട്ടി നൽകുന്നത് വിശദമായ പരിശോധനയ്ക്കും വ്യക്തിഗത അവലോകനത്തിനും ശേഷമായിരിക്കുമെന്നും വി.സി ഗവർണറെ അറിയിച്ചിട്ടുണ്ട്.
ക്രമക്കേടുണ്ടെന്ന് വൈസ്ചാൻസലർ തന്നെ സമ്മതിച്ചതിനാൽ ,ഇനി സർവകലാശാലയുടെ വിശദീകരണം തേടാതെ ഗവർണർക്ക് നടപടിയെടുക്കാനാവും. 54 അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, 19 ഇ-ഗവേണൻസ് സപ്പോർട്ട് സ്റ്റാഫ്, 9 ഓഫീസ് അറ്റൻഡർമാർ, 4 ഡ്രൈവർമാർ, 8 സ്വീപ്പർമാർ എന്നിങ്ങനെ 100 പേരെ ഡിസംബർ ഒന്നിനാണ് നിയമിച്ചത്. അടുത്ത 100 പേരെ നിയമിക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു.
സ്ഥിരം ജീവനക്കാർ 57
സാങ്കേതിക സർവകലാശാലയിൽ സ്ഥിരം ജീവനക്കാർ 57 മാത്രമാണ്. 100 അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടെങ്കിലും, 25 എണ്ണമേ സർക്കാർ അനുവദിച്ചുള്ളൂ.
നിലവിലെ സർവകലാശാലാ അസിസ്റ്റന്റ് പി.എസ്.സി ലിസ്റ്റിൽ നിന്ന് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കാൻ കാലിക്കറ്റ് സർവകലാശാലയിലെ കേസിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതു പ്രകാരം, സാങ്കേതിക സർവകലാശാലയിലും .വി.സിയുടെ അനുമതിയോടെ നിയമന വിജ്ഞാപനമിറക്കുകയും എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും സാങ്കേതിക വൈദഗ്ദ്ധ്യ പരിശോധനയുടെയും അടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുകയുമാവാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |