തിരുവനന്തപുരം: കൊല്ലം ഡയറിയിൽ നിന്ന് ഓണക്കിറ്റിലേക്ക് നൽകാനുള്ള പൗച്ചിൽ നെയ്യ് നിറച്ചതിലൂടെ 61 ലക്ഷം രൂപയുടെ ലാഭമുണ്ടായെന്ന് മിൽമ അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. 50 മില്ലിയുടെ ഒരു ബോട്ടിൽ നെയ്യ് നിറയ്ക്കുന്നതിന് 4.14 രൂപയാണ് ചെലവാകുക. 22 ലക്ഷം ബോട്ടിൽ നിറയ്ക്കാൻ 91ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയും ചെലവ് വരും. എന്നാൽ പൗച്ചിൽ നിറച്ചതുകൊണ്ട് 21.34 ലക്ഷം രൂപ മാത്രമാണ് ചെലവായത്.
ഓണക്കിറ്റിന്റെ കരാർ ലഭിച്ചാൽ മാത്രമേ പൗച്ചിൽ നെയ്യ് നിറയ്ക്കേണ്ടതുള്ളൂ. ഇതിനായി മാത്രം നാലുലക്ഷം രൂപ വിലയുള്ള 5 മെഷീനുകൾ വാങ്ങി അധിക നഷ്ടമുണ്ടാക്കാതിരിക്കാനാണ് പൗച്ചിൽ നിറയ്ക്കുന്ന ജോലി കരാറുകാരന് നൽകിയത്. തിരുവനന്തപുരം മേഖലാ യൂണിയൻ കൈവരിച്ച റെക്കാഡ് നേട്ടത്തിൽ അസ്വസ്ഥരായ ചില സ്വകാര്യ ബ്രാൻഡുകളാണ് വ്യാജ ആരോപണത്തിന് പിന്നിൽ. പ്ളാന്റ് അസി. തസ്തികകൾ നികത്തുന്നത് അംഗസംഘങ്ങളിലെ കർഷകരുടെ ആശ്രിതരിൽ നിന്നുതന്നെയാണ്. സംഘങ്ങൾ വഴി അപേക്ഷ ക്ഷണിച്ച് സുതാര്യമായാണ് നിയമനങ്ങളെന്നും മിൽമ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |