SignIn
Kerala Kaumudi Online
Thursday, 19 September 2024 5.19 AM IST

ഒന്നുറങ്ങിയെണീക്കും മുമ്പേ

Increase Font Size Decrease Font Size Print Page

v-prathapachandran-

അവിശ്വസനീയവും വേദനാജകവുമായ മറ്റൊരു വിയോഗം കൂടി. ഡി.സി.സി ഓഫീസിൽ തിങ്കൾ വൈകുവോളം നീണ്ട കൂടിയാലോചനകൾ പൂർത്തിയാക്കാതെ നാളെ കാണാമെന്ന് യാത്രപറഞ്ഞിറങ്ങിയ പ്രതാപചന്ദ്രൻ രാത്രി ഉറങ്ങിയെണീക്കും മുമ്പ് എന്നേയ്ക്കുമായി വിടപറഞ്ഞു, എങ്ങനെ വിശ്വസിക്കാനാണ് ! രാവിലെ പ്രതാപന്റെ ഫോൺവിളി കാത്തിരുന്ന എന്നെത്തേടി ആ വാർത്തയെത്തിയപ്പോൾ, കേട്ടത് ശരിയാവരുതേ എന്നായിരുന്നു പ്രാർത്ഥന. ആ പ്രാർത്ഥന അർത്ഥമില്ലാത്തതായിരുന്നു എന്ന് ഉൾക്കൊള്ളാൻ ഏറെ പാടുപെട്ടു.

എന്റെ ക്ഷണപ്രകാരം നഗരസഭയ്ക്കുമുന്നിലെ സത്യഗ്രഹം തിങ്കളാഴ്‌ച ഉദ്ഘാടനം ചെയ്തു മടങ്ങിയ പ്രതാപന്റെ മുഖം മനസിൽനിന്ന് മായുന്നില്ല. കെ.പി.സി.സി ട്രഷറർ എന്ന നിലയിൽ അത്യധികം സംതൃപ്തി നൽകുന്ന ഒരു ദൗത്യം പൂർത്തിയാക്കിയതിന്റെ സന്തോഷവും ചാരിതാർത്ഥ്യവും ആ മുഖത്തും വാക്കുകളിലും നിറഞ്ഞു നിന്നിരുന്നു. മാർ ഇവാനിയോസ് കോളേജിലെ കെ.എസ്.യു കാലത്തു തുടങ്ങിയ ആത്മബന്ധമാണ്. പരസ്പരം സഹകരിച്ചും മത്സരിച്ചും ഒന്നിച്ച് സമരം ചെയ്തും മുന്നേറിയ ബന്ധം.

പത്രപ്രവർത്തനവും തൊഴിലാളി സംഘടനാ ചുമതലകളുമടക്കം പാർട്ടി ഉത്തരവാദിത്തങ്ങളിൽ പ്രവർത്തിച്ച രംഗങ്ങളിലെല്ലാം സ്വന്തം നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത മുറുകെപ്പിടിച്ച നേതാവായിരുന്നു പ്രതാപചന്ദ്രൻ.

ഏറ്റവുമൊടുവിൽ കെ.പി.സി.സി യുടെ താക്കോൽ സ്ഥാനങ്ങളിലൊന്നായ ട്രഷറർ പദവിയിലെത്തിയപ്പോഴും പ്രതാപചന്ദ്രൻ വിശ്രമമില്ലാതെ കർമരംഗത്ത് നിറഞ്ഞുനിന്നു. ഞാൻ ഡി.സി.സി അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം ജില്ലയിലെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ പൂർണ പിന്തുണയും മാർഗനിർദേശവും നൽകി അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു. നേതാക്കൾക്കും അണികൾക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങൾക്ക് സമവായത്തിലൂടെ പരിഹാരം കാണാനും സമരമുഖങ്ങളിൽ ഒന്നിച്ച് അണിനിരത്താനും പ്രതാപചന്ദ്രന്റെ സമയോചിത ഇടപെടലുകൾ വളരെയേറെ സഹായിച്ചു. മരണത്തിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിലും അതേപ്പറ്റിയുള്ള ചർച്ചകളിലായിരുന്നു ഞങ്ങൾ. 'രംഗബോധമില്ലാത്ത കോമാളിയാണ് മരണം' എന്ന എംടിയുടെ വാക്കുകൾ എത്ര സത്യമെന്ന് ഓർത്തുപോകുന്ന നിമിഷങ്ങൾ.

കെ.പി.സി.സിയിൽ പ്രതാപന്റെ സേവനം ഏറ്റവും അനിവാര്യമായ സന്ദർഭത്തിലാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്. തന്റെ മുഴുവൻ കഴിവും ബന്ധങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള അക്ഷീണ പ്രയത്നത്തിലായിരുന്നു അദ്ദേഹം. ആ ദൗത്യം പൂർത്തിയാക്കാൻ വിധി അദ്ദേഹത്തിന് അവസരം നൽകിയില്ല. അന്ത്യനിമിഷത്തിലും മരണമില്ലാത്ത ഓർമ്മകൾ ബാക്കിയാക്കി യാത്ര പറയാതെ മറഞ്ഞ പ്രിയസുഹൃത്തിന് വേദനയോടെ വിട.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PRATHAPA CHANDRAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.