ലണ്ടൻ : സാന്റാക്ലോസ് അപ്പുപ്പന്റെ കൂടെയുള്ള ഓമനത്തമുള്ള റെയ്ൻഡീറാണ് റുഡോൾഫ്. റുഡോൾഫ് എന്ന ഈ സാങ്കല്പിക കഥാപാത്രത്തിന് രൂപം നൽകിയത് അമേരിക്കക്കാരനായ റോബർട്ട് ലൂയിസ് മേയാണ്. അദ്ദേഹത്തിന്റെ ' റുഡോൾഫ് ദ റെഡ് നോസ്ഡ് റെയ്ൻഡീർ ' എന്ന കൃതിയിലാണ് ഈ മാൻ കുട്ടി പ്രത്യക്ഷപ്പെടുന്നത്.
സാന്റാ ക്ലോസ് അപ്പുപ്പന്റെ വാഹനം വലിച്ച് നീങ്ങുന്ന റെയിൻഡീറുകളിൽ ഒമ്പതാമത്തേതും ഏറ്റവും ചെറുതുമാണ് റുഡോൾഫ്. റുഡോൾഫിന്റെ തിളങ്ങുന്ന ചുവന്ന മൂക്കാണ് സാന്റാ ക്ലോസിന്റെ വാഹനത്തിനെ നയിക്കുന്നത്. മൂക്കിന്റെ പേരിൽ റുഡോൾഫിനെ മറ്റ് റെയിൻഡീറുകൾ ആദ്യം കളിയാക്കുമെങ്കിലും പിന്നീട് റുഡോൾഫിന്റെ ഈ തിളങ്ങുന്ന മൂക്കാണ് അതിശൈത്യത്തെ കീറിമുറിച്ച് കൊണ്ട് സാന്റയുടെ യാത്രയ്ക്ക് വഴിയൊരുക്കുന്നത്.
1939ലാണ് റുഡോൾഫിന്റെ കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. ക്രിസ്മസ് നാടോടികഥകളിലെ പ്രിയപ്പെട്ട കഥാപാത്രമാണ് ഈ മാൻകുട്ടി. 2014ൽ റുഡോൾഫിന്റെ ചിത്രങ്ങളുള്ള സ്റ്റാമ്പുകൾ അമേരിക്ക പുറത്തിറക്കിയിരുന്നു.റുഡോൾഫിനെ കേന്ദ്രകഥാപാത്രമാക്കി നിരവധി സിനിമകളും കാർട്ടൂണുകളും പുറത്തിറങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |