ആലുവ: കൊറിയർ ഉണ്ടെന്ന് മെഡിക്കൽ സ്ഥാപനത്തിലേക്ക് വ്യാജ സന്ദേശമയച്ചവർ സ്ഥാപനത്തിലെ ജീവനക്കാരന്റെ അക്കൗണ്ടിൽ നിന്ന് 45,000 രൂപ തട്ടിയെടുത്തു. ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം രത്നം ആൻഡ് കമ്പനിയിലെ ജീവനക്കാരൻ കിഴക്കേ കടുങ്ങല്ലൂർ സ്വദേശി അമൽ എസ്. കുമാറിനാണ് പണം നഷ്ടമായത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് 6287655632 എന്ന നമ്പറിൽ നിന്ന് സ്ഥാപനത്തിലേക്ക് ഒരു കൊറിയർ എത്തിയിട്ടുണ്ടെന്ന് വിളിച്ചറിയിച്ചത്. സ്ഥലം കൃതമായറിയാൻ ഒരു ഫോം വാട്‌സാപ്പിൽ പൂരിപ്പിച്ച് അയക്കണമെന്നും നിർദ്ദേശിച്ചു. സ്ഥാപനത്തിലേക്ക് കൊറിയറിൽ മരുന്നുകൾ എത്താറുള്ളതിനാൽ സംശയിച്ചില്ല. ഫാസ്റ്റർ കൊറിയർ എന്നാണ് ഫോമിൽ രേഖപ്പെടുത്തിയിരുന്നത്. വിലാസവും മൊബൈൽ നമ്പറും നൽകിയതിനൊപ്പം ട്രാക്കിംഗ് സർവീസിനായി ഗൂഗിൾ പേ വഴി രണ്ടു രൂപ അടയ്ക്കാനും നിർദ്ദേശിച്ചു. വൈകിട്ടായപ്പോഴേക്കും എച്ച്.ഡി.എഫ്.സി ആലുവ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 45000 രൂപ പിൻവലിക്കപ്പെട്ടതായി സന്ദേശമെത്തി. ആലുവ സൈബർ സെല്ലിനും സി.ഐക്കും അമൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |