SignIn
Kerala Kaumudi Online
Saturday, 11 May 2024 12.13 AM IST

നവോത്ഥാനത്തിലെ പൊൻതിളക്കം

vakkam

ഈ ലേഖനത്തിലെ നായകൻ സാമൂഹ്യ പരിഷ്കർത്താവ്, പത്രമുടമ, ബഹുഭാഷാപണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ വക്കം മുഹമ്മദ് അബ്ദുൾ ഖാദർ മൗലവിയാണ്. തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിൽ വക്കം എന്ന ഗ്രാമത്തിൽ 1873ൽ ജനനം. മലയാളം, ഇംഗ്ളീഷ്, അറബി, ഹിന്ദുസ്ഥാനി, സംസ്കൃതം, തമിഴ്, പേർഷ്യൻ ഭാഷകളിൽ പണ്ഡിതനായിരുന്നു വക്കം മൗലവി. മതപരിഷ്കരണം, സാമൂഹ്യപ്രവർത്തനം, പത്രപ്രവർത്തനം, സാഹിത്യം എന്നിവയായിരുന്നു കർമ്മമേഖലകൾ.

19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും കേരളത്തിൽ മാഹാത്മ്യത്തിന്റെ മാനദണ്ഡം ജാതിയും മതവുമായിരുന്നു. തൊട്ടുകൂടായ്മ, അയിത്തം തുടങ്ങിയ അനാചാരങ്ങൾ ഇവിടെ നിലനിന്നിരുന്നു. മാറുമറയ്ക്കാൻ അവകാശമില്ലാത്ത, വഴിനടക്കാൻ അനുവാദമില്ലാത്ത, ആരാധനാ സ്വാതന്ത്ര്യ‌മില്ലാത്ത ഒരുവിഭാഗം ജനങ്ങൾ അടിമകളെപ്പോലെ ഇവിടെ കഴിഞ്ഞിരുന്നു.

18-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി ഇന്ത്യയിലൊരു നവോത്ഥാനമുണ്ടായി. പാശ്ചാത്യ ശാസ്ത്രസാങ്കേതിക വിദ്യയും പൗരസ്‌ത്യദർശനവുമായുള്ള സമന്വയമായിരുന്നു ആ നവോത്ഥാനം. രാജാറാം മോഹൻറായി, ദയാനന്ദസരസ്വതി തുടങ്ങിയവരായിരുന്നു ഭാരതനവോത്ഥാനത്തിന് നേതൃത്വം നൽകിയത്. എന്നാൽ ഹിന്ദുമതത്തിലെ സവർണരുടെ സതി മുതലായ അനാചാരങ്ങൾ നിറുത്താനായിരുന്നു അവർ മുൻതൂക്കം നൽകിയത്. ഇതേ കാലഘട്ടത്തിൽ കേരളത്തിലുമൊരു നവോത്ഥാനമുണ്ടായി. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമായി വിശേഷിപ്പിച്ച കേരളത്തെ പ്രബുദ്ധ കേരളമാക്കാൻ വേണ്ടിയായിരുന്നു ഇവിടത്തെ നവോത്ഥാനം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യൻകാളി, വക്കം മൗലവി എന്നിവരായിരുന്നു കേരള നവോത്ഥാനത്തിനു നേതൃത്വം നൽകിയത്.

സ്വന്തം സമുദായത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പൊരുതാൻ വക്കം മൗലവി അക്ഷരത്തെ ആയുധമാക്കി. ഇതിനായി 1906ൽ 'മുസ്ളിം", 1916ൽ 'അൽ ഇസ്ലാം," 1931ൽ 'ദീപിക" എന്നീ ആനുകാലികങ്ങൾ പ്രസിദ്ധീകരിച്ചു. ജാതിമത ചിന്തകൾക്കതീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം മുസ്ലിം സമുദായത്തിലെ പരമോന്നതനായ സാമൂഹ്യപരിഷ്‌കർത്താവാണ്. സമ്പത്തും പദവിയുമൊക്കെ സമൂഹത്തിനുവേണ്ടി ത്യജിക്കാനുള്ള ത്യാഗബുദ്ധി, സഹനശക്തി, സ്വപ്രയത്നവൈദഗ്ദ്ധ്യം, സ്വാതന്ത്ര്യ ബോധം, മാനവസ്നേഹം എന്നീ ഗുണങ്ങളാണ് വക്കം മൗലവിയെ ചരിത്രപുരുഷനാക്കിയത്. സമ്പന്നകുടുംബമായ പൂന്ത്രാംവിളാകം തറവാട്ടിൽ ജനിച്ച വക്കം മൗലവി ഇസ്ളാം മതത്തോടൊപ്പം ഹിന്ദുമതവും ക്രിസ്തുമതവും പഠിച്ചു. അതിനാൽ മറ്റു മതങ്ങളെ ആദരവോടെ വീക്ഷിച്ചു. പൂന്ത്രാംവിളാകം തറവാട്ടിലെ സന്ദർശകനായിരുന്നു ശ്രീനാരായണഗുരു. ആചാര്യന്മാരുമായുള്ള സമ്പർക്കവും വായനയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സ്വേച്ഛാധിപത്യത്തിനും അഴിമതിക്കുമെതിരെ പോരാടാനുള്ള ഉൗർജ്ജം നൽകി.

ബ്രിട്ടീഷ് കോളനിയായിരുന്ന അഞ്ചുതെങ്ങിൽ നിന്ന് 1905 ജനുവരി 19നായിരുന്നു സ്വദേശാഭിമാനി പത്രവും പ്രസും ആരംഭിച്ചത് . പ്രഥമ പത്രാധിപർ ചിറയിൻകീഴുകാരനായ സി.പി. ഗോവിന്ദപ്പിള്ളയായിരുന്നു. പ്രസും സ്വദേശാഭിമാനി പത്രവും 1906ൽ തന്നെ വക്കത്തേക്കു മാറ്റുകയും കെ. രാമകൃഷ്ണപിള്ളയെ പത്രാധിപരായി നിയോഗിക്കുകയും ചെയ്തു. പത്രപ്രവർത്തനത്തോടൊപ്പം വിദ്യാഭ്യാസവും തുടരുന്നതിന് രാമകൃഷ്ണപിള്ളയുടെ സൗകര്യാർത്ഥം പിന്നീട്, പ്രസും പത്രവും തിരുവനന്തപുരത്തേക്ക് മാറ്റി. പത്രം തുടങ്ങാനായി തറവാട്ടു സ്വത്ത് വിറ്റ് ലണ്ടനിൽനിന്നാണ് അന്നത്തെ ആധുനിക പ്രസ് വാങ്ങിയത്. പണം നഷ്ടപ്പെടുത്തുന്നത് ബന്ധുക്കളും അഭ്യുദയകാംക്ഷികളും എതിർത്തിരുന്നു. വക്കം മൗലവിയുടെ ധൈഷണികവും സംസ്കാര സമ്പന്നവുമായ മറുപടി ഇതായിരുന്നു : ''ഞാൻ കച്ചവടക്കാരനല്ല. എനിക്ക് ലാഭം വേണ്ട; രണ്ട് കാര്യങ്ങളേ പത്രം കൊണ്ട് ഞാനുദ്ദേശിക്കുന്നുള്ളൂ - രാജ്യസേവനവും സമുദായ സേവനവും. പണം നഷ്ടപ്പെട്ടാലും രാജ്യം മെച്ചപ്പെടുന്നതു കണ്ടാൽ മതി" അഴിമതിയേയും അനീതിയേയും എതിർക്കുന്നതിൽ പത്രയുടമയായ മൗലവിയും പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ളയും ഒരേ തൂവൽപക്ഷികളായിരുന്നു.

അധികാരിവർഗത്തിന്റെ ഭീഷണികളെയും പ്രലോഭനങ്ങളെയും ഖുർ ആനിലെ തിരുവചനങ്ങൾകൊണ്ട് മൗലവി ധാർമ്മികമായി നേരിട്ടു. ആദർശധീരതയോടെ ഭരണവർഗത്തിനെതിരെ പോരാടിയ മൗലവിയുടെ പ്രസ് സർക്കാർ കണ്ടുകെട്ടി; സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തി. മൗലവിയുടെ ദുഃഖം സമ്പത്ത് നഷ്ടപ്പെട്ടതിലായിരുന്നില്ല. ഒരേ ദൗത്യത്തിനുവേണ്ടി തന്നോടൊപ്പം പ്രവർത്തിച്ച രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിലായിരുന്നു. സമ്പത്തെല്ലാം നഷ്ടപ്പെട്ട് ഏറെ യാതനകൾ അനുഭവിച്ച് 1932ൽ വക്കം മൗലവി ഇഹലോകം വെടിഞ്ഞെങ്കിലും ജീവിതദൗത്യം നിറവേറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. പത്രങ്ങളിലൂടെ അനീതിയെ എതിർക്കാനും സമൂഹത്തിനു വിജ്ഞാനം പകരാനും മുസ്ളിം യുവാക്കളെ ഇംഗ്ളീഷ് പഠനത്തിലേക്കും ശാസ്ത്രവിദ്യാഭ്യാസത്തിലേക്കും ആനയിക്കാനും കഴിഞ്ഞു. സ്‌ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ മുൻകൈയെടുത്തു. അറബി മലയാളലിപി പരിഷ്കരണത്തിന് അൽ ഇസ്ളാം മാസിക മുഖേന നിസ്തുല സംഭാവനകളാണ് അദ്ദേഹം നൽകിയത്. തിരുവിതാംകൂർ മുസ്ളിം മഹാസഭയും ചിറയിൻകീഴ് താലൂക്ക് മുസ്ളിം സമാജവും രൂപീകരിച്ച് മുസ്ളിം സമുദായോദ്ധാരണത്തിനുവേണ്ടി മൗലവി സാഹിബ് ചെയ്ത സേവനങ്ങൾ അവിസ്മരണീയമാണ്.

വക്കം മൗലവിയുടെ നിര്യാണത്തിനുശേഷം ആറ് ദശാബ്ദക്കാലം അദ്ദേഹത്തിന്റെ ഓർമ്മകൾ തമസ്കരിക്കപ്പെട്ടു. കെ.എം. ബഷീർ, ഡോ. എൻ.എ. കരീം, എ. സുഹൈർ, ഡോ. കായംകുളം യൂനുസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വക്കം മൗലവി ഫൗണ്ടേഷൻ രൂപീകൃതമായ ശേഷമാണ് പുതുതലമുറയ്ക്ക് അദ്ദേഹത്തെ പരിചയപ്പെടാൻ കഴിയുന്നത്. മൗലവിയുടെ ഓർമ്മകൾക്കൊപ്പം അദ്ദേഹം തുടങ്ങിവച്ച നവോത്ഥാന പ്രവർത്തനങ്ങളും പത്രപ്രവർത്തനത്തിന്റെ പ്രാരംഭപാഠങ്ങളും പിന്തുടരുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ വക്കം മൗലവി ഫൗണ്ടേഷന് കഴിയട്ടെ എന്നാശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAKKOM ABDUL KHADAR MAULAVI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.