ശിവഗിരി: കേരളത്തിന് ഒരു ആചാര്യനുണ്ടെങ്കിൽ അത് ശ്രീനാരായണഗുരുവാണെന്നും ശങ്കരാചാര്യരല്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ശ്രീനാരായണഗുരു ജാതീയതയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ശങ്കരാചാര്യരുടെ ദർശനങ്ങൾക്ക് പിന്നാലെയാണ് ശ്രീനാരായണഗുരു പോയതെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ, ജാതിവ്യവസ്ഥയെ സംരക്ഷിച്ച ശങ്കരാചാര്യരെ ഗുരു തള്ളിപ്പറഞ്ഞുവെന്നതാണ് യാഥാർത്ഥ്യമെന്നും രാജേഷ് വ്യക്തമാക്കി.
90-ാമത് ശിവഗിരി തീർത്ഥാടനത്തിലെ സംഘടനാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടിലമായ ജാതി വ്യവസ്ഥയുടെ പ്രയോക്താവായിരുന്നു ശങ്കരാചാര്യർ. ശ്രീനാരായണ ഗുരുവാകട്ടെ ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാനാണ് ശ്രമിച്ചത്. വ്യത്യസ്തമായ രണ്ട് തലങ്ങളിൽ നിൽക്കുന്നവരാണ് ഇരുവരും. അസാമാന്യ ധീരത പുലർത്തിയ സന്യാസി ശ്രേഷ്ഠനായിരുന്നു ശ്രീനാരായണഗുരു. നിർഭയത്വവും ധീരതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും രാജേഷ് പറഞ്ഞു.
ലോക സമാധാനത്തിന് മതരാഷ്ട്രങ്ങൾ വെല്ലുവിളി ഉയർത്തുകയാണ്. ഒരു രാജ്യത്ത് ജനാധിപത്യം പുലരാൻ മതനിരപേക്ഷത വേണം. മതനിരപേക്ഷത ഉണ്ടാവാൻ ശക്തമായ ജനാധിപത്യം വേണം. പരസ്പരപൂരകങ്ങളാണവ. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിൽ ജനാധിപത്യം പുലരുന്നത് മതനിരപേക്ഷതയുള്ളതിനാലാണ്. ഒപ്പം സ്വാതന്ത്ര്യം നേടിയ അയൽരാജ്യം മതരാഷ്ട്രമായി മാറി. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാൻ 1947 മുതൽ ശ്രമം തുടങ്ങിയെങ്കിലും തിരിച്ചടിയേറ്രു. എന്നാൽ, ഇപ്പോൾ രാജ്യത്തെ മതരാഷ്ട്രമായി നിർവചിക്കാനാണ് ഭരണകൂട നേതൃത്വം ശ്രമിക്കുന്നത്.
അയൽ രാജ്യങ്ങളുടെ സ്ഥിതി നമുക്ക് അറിയാവുന്നതാണ്. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് മതത്തിന്റെ പേരിൽ സ്കൂളുകളിൽ പോകാൻ പോലും അനുവാദമില്ല. നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്ന സ്ഥിതിയാണിത്. ഇറാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും സമാന സംഭവങ്ങളാണ്. ഇതെല്ലാം ഇന്ത്യയ്ക്ക് പാഠമാവേണ്ട കാര്യങ്ങളാണ്. മതരാഷ്ട്രമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ഭരണഘടനാശില്പി ഡോ. അംബേദ്കർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. മതത്തെ രാജ്യത്തിന് മീതേ പ്രതിഷ്ഠിക്കാനാണ് ശ്രമം. ശ്രീനാരായണഗുരു മതത്തിന് മീതെ മനുഷ്യനെ പ്രതിഷ്ഠിക്കാനാണ് ശ്രമിച്ചത്. അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്ക് ശേഷം അവിടെ എഴുതിവച്ചത് 'സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്" എന്നാണ്. ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനും 62 വർഷങ്ങൾക്ക് മുമ്പാണ് ഗുരുദേവൻ 'സോദരത്വേന" എന്ന സങ്കൽപ്പം എഴുതിച്ചേർത്തത്. ഗുരുവിന്റെ ആശയങ്ങൾക്കെതിരായി പ്രവർത്തിക്കുന്നവർ ആരായാലും മതരാഷ്ട്ര സ്ഥാപനത്തിന് ശ്രമിക്കുന്നവരാണ്. പൊതുജീവിതത്തിൽ മതം കൊണ്ടുവരാതിരിക്കുന്നതാണ് മതനിരപേക്ഷതയെന്നും രാജേഷ് ചൂണ്ടിക്കാട്ടി.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി. വി.ജോയി എം.എൽ.എ, ആലപ്പുഴ മുൻ ഡി.സി.സി പ്രസിഡന്റ് എം. ലിജു, കൊല്ലം മുൻ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ഐ.എം.എ പ്രസിഡന്റ് ഡോ.സുൾഫി, ഹരീഷ് കുമാർ, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ തുടങ്ങിയവർ പങ്കെടുത്തു. ഡോ. ടി. സനൽകുമാർ സ്വാഗതവും സ്വാമി സത്യാനന്ദതീർത്ഥ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |