മലപ്പുറം: കരിപ്പൂർ വിമാനത്താവളം വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനത്തിന് ഏജൻസിയെ ക്ഷണിച്ചുള്ള ക്വട്ടേഷൻ ഇന്ന് ഓപ്പൺ ചെയ്യും. ജില്ലാ കളക്ടർ അദ്ധ്യക്ഷനായ സമിതിയുടെ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും. ഇതിന് ശേഷം 4(1)നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കും. ആറ് മാസത്തിനകം ഭൂമിയേറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് കൈമാറാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ക്വട്ടേഷൻ ഓപ്പൺ ചെയ്യുന്നതോടെ പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കാനുള്ള കാലയളവിൽ തീരുമാനമാവും. ഭൂമിയേറ്റെടുക്കാൻ സർക്കാരിൽ നിന്നുള്ള ഭരണാനുമതിക്ക് പിന്നാലെ റവന്യൂ വകുപ്പ് അതിർത്തി നിർണ്ണയിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതി ആഘാത പഠനത്തിൽ എത്ര വീടുകളും കെട്ടിടങ്ങളും നഷ്ടമാവും എന്നതടക്കം കൃത്യമായ വിവരങ്ങൾ ശേഖരിക്കും. റിപ്പോർട്ട് ലഭിക്കും മുറയ്ക്ക് ഇത് പരിശോധിക്കാൻ ജില്ലാ കളക്ടർ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തും. പരമാവധി രണ്ട് മാസത്തിനകം വിദഗ്ദ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടാവും സർക്കാരിലേക്ക് സമർപ്പിക്കുക. ഇത് അംഗീകരിക്കുന്ന മുറയ്ക്ക് ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങും. രണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്ന സമയത്തും ജനങ്ങളുമായി ഹിയറിംഗ് നടത്തുമെന്ന് ലാന്റ് റവന്യൂ ഡെപ്യൂട്ടി കളക്ടർ(എൽ.എ) ലത പറഞ്ഞു. പുതിയ ഉത്തരവ് ഇറക്കിയശേഷം നാല് ഘട്ടമായി ഭുഉടമകളുമായും വീട് നഷ്ടപ്പെടുന്നവരുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു.
നഷ്ടപരിഹാരം കണക്കാക്കൽ
മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടിയ തുകയ്ക്ക് രജിസ്റ്റർ ചെയ്ത ആധാരങ്ങൾ അടിസ്ഥാനമാക്കിയും കര, ചതുപ്പ് എന്നിങ്ങനെ ഭൂമിയെ തരം തിരിച്ചുമാവും നഷ്ടപരിഹാരം നൽകുക. സർക്കാരിലേക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാൻ ആധാരത്തിൽ വില കുറച്ച് രേഖപ്പെടുത്തുന്ന പതിവ് തിരിച്ചടിയായേക്കും. ഭൂമിയുടെ യഥാർത്ഥ വില പ്രതിഫലിപ്പിക്കുന്ന ആധാരങ്ങൾ രജിസ്റ്റർ ചെയ്താൽ മാത്രമേ മികച്ച നഷ്ടപരിഹാരം കൊടുക്കാനാവൂ.
ഭൂമി ഏറ്റെടുക്കുന്നത്
7 ഏക്കർ പള്ളിക്കൽ വില്ലേജിലേത്
7.5 ഏക്കർ നെടിയിരുപ്പ് വില്ലേജിലേത്
മൊത്തം 14.5 ഏക്കർ
74 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ അനുവദിച്ചിട്ടുള്ളത്
ദേശീയപാതയ്ക്കായി ഭൂമിയേറ്റെടുത്തപ്പോൾ സ്വീകരിച്ച അതേ മാനദണ്ഡ പ്രകാരമായിരിക്കും കരിപ്പൂരിൽ ഭൂമിയേറ്റെടുക്കുക. സർക്കാർ മികച്ച നഷ്ടപരിഹാര പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ലത, ഡെപ്യൂട്ടി കളക്ടർ, ലാന്റ് അക്വിസിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |