ചാരുംമൂട്: ചാരുംമൂട്ടിലെ കള്ളനോട്ട് കേസിൽ ഏഴാം പ്രതിയും തമിഴ്നാട് സ്വദേശിയുമായ, തിരുവനന്തപുരം തമ്പാനൂർ രാജാജി നഗർ (ചെങ്കൽചൂള) ടിസി 28/268ൽ താമസിക്കുന്ന രത്തിനം ബാബു (46) അറസ്റ്റിൽ.
മീറ്റർ ടെക്നീഷ്യനായും ടാക്സി ഡ്രൈവറായും ജോലി ചെയ്യുന്നതിനിടയിലാണ് കള്ളനോട്ട് കേസിലെ മുഖ്യപ്രതിയായ ഷംനാദുമായി അടുപ്പത്തിലായത്. അങ്ങനെ ഷംനാഥിന്റെ ടാക്സി വാഹനങ്ങളിൽ ഡ്രൈവറായി. തുടർന്ന് കള്ളനോട്ട് ബിസിനസിലെ മുഖ്യ സഹായിയായി മാറി. തിരുവനന്തപുരം വാളകത്തുമുള്ള ലോഡ്ജുകൾ കേന്ദ്രീകരിച്ചും നെല്ലിമുക്കത്തുള്ള റിസോർട്ടിൽ വച്ചും ഓച്ചിറയിലും ഇടപ്പള്ളികോട്ടയിലും ഉള്ള വാടകവീട്ടിൽ വച്ചും കള്ളനോട്ട് അച്ചടിച്ച സമയങ്ങളിൽ മുഖ്യപങ്കാളിയായിരുന്നു ബാബു. കള്ളനോട്ടുകൾ വിതരണം ചെയ്യുന്നതിലും ഇയാൾ പങ്കുവഹിച്ചിരുന്നു. സൈബർ സെൽ ഷംനാദിന്റെ മൊബൈൽ പരിശോധിച്ചപ്പോഴാണ് പങ്കാളിത്തം മനസിലായത്. തുടർന്ന് കഴിഞ്ഞദിവസം ചെങ്കൽചൂളയിൽ നിന്നു അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് നൂറനാട് സി.ഐ പി. ശ്രീജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |