മട്ടന്നൂർ: " ഹരിത മിത്രം " സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷൻ വഴി ഖര മാലിന്യ ശേഖരണത്തിന് മട്ടന്നൂർ നഗരസഭ തുടക്കം കുറിച്ചു.നൂറുശതമാനം വാതിൽപ്പടി ശേഖരണത്തിന് കരുത്ത് പകരുന്നതാണ് നഗരസഭയുടെ പുതിയ കാൽവെപ്പ്. മട്ടന്നൂർ നഗരസഭയിലെ പതിനാറായിരത്തിലധികം കെട്ടിടങ്ങളിൽ ക്യു ആർ കോഡ് പതിപ്പിച്ചാണ് മാലിന്യശേഖരണത്തിന് ഡിജിറ്റൽ സംവിധാനം ഒരുക്കുന്നത്.
മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടെ നടപ്പിലാക്കാനും പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകാനും ഈ ആപ്ലിക്കേഷൻ വഴി സാധിക്കും. മാലിന്യ ശേഖരണത്തിനായി നിശ്ചിത ഫീസ് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഈടാക്കും. മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് നൽകാതെ വലിച്ചെറിയുന്നവരെയും കത്തിക്കുന്നവരെയും കണ്ടെത്തുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും ആപ്ലിക്കേഷനിലൂടെ സാധിക്കും.
ഇതുമൂലം പരാതികൾക്ക് വേഗം പരിഹാരം കാണുന്നതിന് നഗരസഭ ആരോഗ്യവിഭാഗത്തിന് സാധിക്കും. വീട്ടുകാരും സ്ഥാപന ഉടമകളും നഗരത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള സംവിധാനത്തോടു പൂർണമായും സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.ഈ വർഷം മുതൽ പ്രത്യേക സമയക്രമം നിശ്ചയിച്ചു ചെരുപ്പുകൾ കുപ്പിച്ചില്ലുകൾ തുണി, ഇ മാലിന്യങ്ങൾ എന്നിവ കൂടി ശേഖരിക്കുന്നതിലൂടെ നഗര ശുചീകരണം സമ്പൂർണ്ണമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡിജിറ്റൽ സംവിധാനത്തിന്റെ ഉദ്ഘാടനം കൗൺസിലർ പ്രമിജ ഷാജിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ജയപ്രകാശ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ നാരായണൻ,ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ റഫീഖ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്യാം കൃഷ്ണൻ, ഷിജോയ് കുമാർ, ശ്രുതി, ശ്രീജിത്ത്, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
ക്യു ആർ കോഡ് പൂർത്തിയായി
ഖരമാലിന്യ ശേഖരണത്തിന്റെ ഭാഗമായി നഗരസഭയിലെ പതിനാറായിരത്തിലധികം കെട്ടിടങ്ങൾക്ക് ക്യു ആർ കോഡ് പതിപ്പിക്കുന്ന പ്രവർത്തനം നേരത്തെ പൂർത്തീകരിച്ചിരുന്നു. ഈ സംവിധാനം നിലവിൽ വരുന്നതോടെ പ്രാദേശികതല മുതൽ സംസ്ഥാനതലം വരെ മാലിന്യ ശേഖരണ പ്രക്രിയകൾ പരിശോധിക്കാനും നിരീക്ഷിക്കാനും കഴിയും. ഹരിത കർമ്മ സേന അംഗങ്ങൾ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ മൊത്തം അളവ്, തരംതിരിച്ച് പ്ലാസ്റ്റിക്കുകളുടെ തൂക്കം, അവയുടെ കണക്കുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ക്യു.ആർ കോഡിലൂടെ തൽസമയം രേഖപ്പെടുത്തും.
ഓരോ മാസവും യൂസർ ഫീ നൽകാത്ത വരെ കണ്ടെത്തുന്നതിനും കുടിശ്ശിക ഉൾപ്പെടെയുള്ളവ ഈടാക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കും .കൂടാതെ പൊതുജനങ്ങൾക്കും മാലിന്യത്തെ കുറിച്ചുള്ള പരാതികൾ അപ്പപ്പോൾ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും പരിഹാരം തേടുന്നതിനും ഈ ആപ്പ് വഴി കഴിയും-നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |