തിരുവനന്തപുരം:ശ്രീകാര്യത്തെ സ്വകാര്യ കാത്തലിക് പ്രൈമറി,സെക്കൻഡറി സ്‌കൂളായ ലയോളയിൽ പെൺകുട്ടികളെ പ്രവേശിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമെടുത്ത് ജെസ്യൂട്ട് സഭ. 2023-24 അദ്ധ്യയന വർഷം മുതൽ പ്ലസ് വൺ പ്രവേശനത്തിനാണ് പെൺകുട്ടികൾക്കും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐ.എസ്.സി,സി.ബി.എസ്.ഇ സിലബസുകളിലായി സയൻസ്,കൊമേഴ്സ് വിഭാഗങ്ങളിലാണ് അവസരം.
1961ൽ സ്ഥാപിതമായ സ്‌കൂളിന്റെ 62 വർഷത്തെ ചരിത്രത്തിൽ നാളിതുവരെ ആൺകുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്.വിദ്യാഭ്യാസം നേടുന്നതിൽ കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പെൺകുട്ടികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വ്യക്തമാക്കി.
ജെൻഡർ ന്യൂട്രാലിറ്റി ഉൾപ്പെടെയുള്ള പദ്ധതികളിൽ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന് ഐ.എസ്.സി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.പി.ടി.ജോസഫ് വ്യക്തമാക്കി. ഒരേ സ്‌കൂളിൽ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും പഠിക്കാനുളള ഭരണഘടനാവകാശമുണ്ട്. സ്‌കൂൾ തുടങ്ങിയപ്പോഴുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. പെൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് നേരത്തെ ആഗ്രഹമുണ്ടായിരുന്നു.സ്‌കൂളിൽ സ്ഥല സൗകര്യത്തിന്റെ പരിമിതി കൊണ്ടാണ് അത്തരത്തിലൊരു തീരുമാനം നീണ്ടതെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ യൂണിഫോം സംബന്ധിച്ച കാര്യങ്ങളിൽ വരുംദിവസങ്ങളിൽ തീരുമാനമുണ്ടാകും.
വരവേൽക്കാൻ റെഡി
പെൺകുട്ടികൾക്കായി റെസ്റ്റ് റൂമും ടോയ്ലെറ്റും അടക്കമുള്ള സൗകര്യങ്ങൾ പൂർത്തിയായി.അധികമായി ഒരു കെട്ടിടം കൂടി പുതിയ അദ്ധ്യയന വർഷത്തിലുണ്ടാകും. എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ ആൺകുട്ടികൾക്ക് മാത്രമായിരിക്കും പ്രവേശനം.വരുംവർഷങ്ങളിൽ ചെറിയ ക്ലാസുകളിലേക്കും പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്ന കാര്യം ആലോചിക്കും.
ജെൻഡർ ന്യൂട്രാലിറ്റി
സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ജെൻട്രൽ ന്യൂട്രാലിറ്റി നടപ്പാക്കണമെന്ന നിർദ്ദേശം നേരത്തെ സംസ്ഥാന സർക്കാരിന്റെ മുന്നിലുണ്ടായിരുന്നു.ചില മതസംഘടനകൾ ഈ തീരുമാനത്തോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ ജെസ്യൂട്ട് സഭയുടെ നേതൃത്വത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന വിദ്യാലയം ഇത്തരത്തിലൊരു തീമുമാനമെടുത്തത് ശ്രദ്ധേയമാണ്.
ചരിത്രപരമായ രണ്ടാമത്തെ തീരുമാനം
ജെസ്യൂട്ട് സഭയ്‌ക്ക് തിരുവനന്തപുരത്ത് ലയോള സ്‌കൂളിനും കോളേജിനും പുറമെയുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ്.1964ൽ സ്ഥാപിതമായ കോളേജിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം.1977ലാണ് സെന്റ് സേവിയേഴ്‌സ് കോളേജിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകിയുള്ള തീരുമാനമുണ്ടാകുന്നത്.പിന്നീട് തീരദേശത്തെ പതിനായിരക്കണക്കിന് പെൺകുട്ടികൾക്ക് സെന്റ് സേവിയേഴ്‌സ് കോളേജ് വഴി ഉന്നതവിദ്യാഭ്യാസം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |