പൂവാർ: വീട്ടമ്മയ്ക്കെതിരെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. പൂവാർ ജമാഅത്തിലെ മദ്രസ അദ്ധ്യാപകനായിരുന്ന വിഴിഞ്ഞം ടൗൺഷിപ്പ് താഴെ വീട്ടുവിളാകം വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (24) അറസ്റ്റിലായത്. പൊലീസ് പറയുന്നതിങ്ങനെ; പൂവാർ മദ്രാസിലെ അദ്ധ്യാപകനായിരുന്ന ഇയാൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ക്ലാസിൽ വരാത്തതിനെക്കുറിച്ച് അമ്മയെ വിളിച്ച് വിവരം തിരക്കിയശേഷം മെസേജ് അയച്ച് ഇവരെ നിരന്തരം ശല്യപ്പെടുത്തുമായിരുന്നു. ഇതിനെതിരെ വീട്ടമ്മ ജമാഅത്തിൽ പരാതി നൽകി.
അന്വേഷണത്തെ തുടർന്ന് അധികൃതർ അദ്ധ്യാപകനെ മദ്രസയിൽ നിന്ന് പിരിച്ചുവിട്ടു. ഇതിന്റെ പ്രതികാരമെന്നനിലയിൽ മുഹമ്മദ് ഷാഫി തന്റെ സുഹൃത്തായ ഒരു സ്ത്രീയെക്കൊണ്ട് പരാതിക്കാരിയായ വീട്ടമ്മ വിളിക്കുന്ന തരത്തിൽ വിളിപ്പിച്ച് സംസാരം റെക്കാഡ് ചെയ്ത് ജമാഅത്ത് ഭാരവാഹികളെയും പരാതിക്കാരിയായ വീട്ടമ്മയെയും അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുകയായിരുന്നു.
കൂടാതെ ഫോണിൽ വന്ന ഇൻകമിംഗ് കാൾ ലിസ്റ്റിലും ഇയാൾ ആൾമാറാട്ടം നടത്തി.വിളിപ്പിച്ച സ്ത്രീയുടെ പേരും നമ്പരും മാറ്റി പരാതിക്കാരിയുടെ പേരും നമ്പരും ശബ്ദ സന്ദേശവും കാൾ ലിസ്റ്റിൽ ഉൾപ്പെടുത്തി സ്ക്രീൻ ഷോട്ടുകളും എഡിറ്റ് ചെയ്ത ശേഷം ജമാഅത്തിലേക്ക് അയച്ചു.
വ്യാജമായി നിർമ്മിച്ച സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതോടെ വിശ്വാസികൾ രണ്ട് ചേരിയിലാകുകയും സംഘർഷത്തിന് ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രചരിപ്പിക്കപ്പെട്ട ശബ്ദസന്ദേശം വ്യാജമായി നിർമ്മിച്ചതാണെന്നും പ്രചരിപ്പിച്ച സ്ക്രീൻ ഷോട്ടുകളെല്ലാം എഡിറ്റ് ചെയ്തതാണെന്നും പൊലീസ് കണ്ടെത്തിയത്. തുടർന്ന് പൂവാർ സി.ഐ എസ്.ബി.പ്രവീണിന്റെ നേതൃത്വത്തിൽ പൂവാർ സബ് ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എ.എസ്.ഐ ഷാജികുമാർ, പൊലീസുകാരായ പ്രഭാകരൻ,അനിത, ശശിനാരായൺ,അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ ശബ്ദസന്ദേശവും സ്ക്രീൻ ഷോട്ടുകളും വ്യാജമായി നിർമ്മിക്കാൻ സഹായിച്ചവരെയും, സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചവരെയും അറസ്റ്റു ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |