2022ൽ വില്പന വളർച്ച 454 ശതമാനം
കൊച്ചി: കേരളത്തിൽ ഇലക്‌ട്രിക് വാഹനങ്ങൾക്ക് സ്വീകാര്യതയേറുന്നതായി വ്യക്തമാക്കി 2022ൽ വിപണി കാഴ്ചവച്ച വില്പനവളർച്ച 454 ശതമാനം. കഴിഞ്ഞവർഷം 39,525 ഇ-വാഹനങ്ങളാണ് കേരളത്തിൽ പുതുതായി നിരത്തിലെത്തിയതെന്ന് പരിവാഹൻ രജിസ്‌ട്രേഷൻ കണക്കുകൾ വ്യക്തമാക്കുന്നു.
2021ൽ വില്പന 8,706 ഇ-വാഹനങ്ങളായിരുന്നു. 2021ലെ ഏറ്റവും ഉയർന്ന പ്രതിമാസ വില്പന ഡിസംബറിലെ 1,388 എണ്ണമായിരുന്നു. ഏറ്റവും കുറവ് മേയിലും; 177 എണ്ണം. 2022ൽ ഏറ്റവും കുറഞ്ഞ വില്പന ജനുവരിയിലായിരുന്നു; 1,722 എണ്ണം. തുടർന്ന് ഓരോമാസവും വില്പന കൂടി. കഴിഞ്ഞ മൂന്ന് മാസങ്ങളിലും വില്പന 4,000 കടന്നു.
ഒക്‌ടോബറിൽ 4,296 യൂണിറ്റുകളുടെ വില്പന നടന്നു. നവംബറിൽ 4,263ലേക്ക് താഴ്‌ന്നെങ്കിലും ഡിസംബറിൽ 4,585 യൂണിറ്റിലേക്ക് ഉയർന്നു. ഹൈബ്രിഡ് വാഹനങ്ങൾക്കും കേരളത്തിൽ സ്വീകാര്യതയുണ്ട്. പെട്രോൾ എൻജിന് പുറമേ ഇലക്‌ട്രിക് മോട്ടോറുമുള്ള പെട്രോൾ/ഹൈബ്രിഡ് വിഭാഗത്തിൽ കഴിഞ്ഞവർഷം വില്പന 12,275 യൂണിറ്റുകളായിരുന്നു. ഡീസൽ/ഹൈബ്രിഡ് വില്പന 67 എണ്ണം. പെട്രോൾ/സി.എൻ.ജി വിഭാഗത്തിൽ 4,281 വാഹനങ്ങളും സി.എൻ.ജി ഒൺലി വിഭാഗത്തിൽ 9,855 വാഹനങ്ങളും വിറ്റഴിഞ്ഞു.
പെട്രോൾ എൻജിൻ വിഭാഗത്തിൽ 6.61 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞവർഷം കേരളീയർ പുതുതായി വാങ്ങിയത്. 55,844 പുതിയ ഡീസൽ വണ്ടികളും വിറ്റഴിഞ്ഞു. പരിസ്ഥിതി സൗഹാർദ്ദമെന്നതിന് പുറമേ ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ പെട്രോൾ/ഡീസൽ വാഹനങ്ങളേക്കാൾ പരിപാലനച്ചെലവ് കുറവാണെന്നതാണ് ഇ-വാഹനങ്ങളുടെ മുഖ്യസവിശേഷത.
ദേശീയതലത്തിലും മികച്ച മുന്നേറ്റം
ഇ-വാഹനവില്പന 2022ൽ ദേശീയതലത്തിലും കാഴ്ചവച്ചത് ശ്രദ്ധേയ മുന്നേറ്റം. എല്ലാ ശ്രേണികളിലുമായി 2022ൽ 9,99,949 ഇ-വാഹനങ്ങൾ നിരത്തിലെത്തി. 2021ലെ 3.22 ലക്ഷത്തേക്കാൾ 210 ശതമാനം അധികം. 10 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ലിൽ നിന്ന് 51 യൂണിറ്റുകൾ മാത്രം അകലെയായിരുന്നു 2022ലെ വില്പന.
മൊത്തം ഇ-വാഹനവില്പനയിൽ 62 ശതമാനവും ടൂവീലറുകളാണ്. ഒല, ഒകിനാവ, ഹീറോ ഇലക്‌ട്രിക് എന്നിവയാണ് ടൂവീലറുകളിൽ മുന്നിൽ. ത്രീവീലറുകളിൽ വൈ.സി ഇലക്‌ട്രിക്. 32,853 ഇ-കാറുകളും വിറ്റഴിഞ്ഞു; ഇതിൽ 25,760 യൂണിറ്റുകളും ടാറ്റയുടേതാണ്.
4.7%
ഇന്ത്യയിലെ മൊത്തം വാഹനവില്പനയിൽ 4.7 ശതമാനമാണ് ഇ-വാഹനങ്ങൾ.
ഇ-വില്പന
(വർഷം, വില്പന)
2013 : 2,693
2015 : 7,772
2018 : 1.27 ലക്ഷം
2020 : 1.21 ലക്ഷം
2021 : 3.22 ലക്ഷം
2022 : 9.99 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |