തിരുവനന്തപുരം: പണി പൂർത്തിയാക്കിയ റോഡിനെ സംബന്ധിച്ച ബില്ല് തയ്യാറാക്കുന്നത് അന്വേഷിച്ച കോൺട്രാക്ടേഴ്സ് അസോസിയേഷൻ നേതാവിനെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ആക്രമിച്ചു. കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റ് മോഹൻകുമാറിനെയാണ് (63) പൊതുമരാമത്ത് വകുപ്പ് സിറ്റി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ജിജോ മൂക്കിനിടിച്ച് പരിക്കേല്പിച്ചത്. പരിക്കേറ്റ മോഹൻകുമാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. പി.എം.ജിയിലെ സിറ്റി റോഡ്സ് വിഭാഗം ഓഫീസിൽ പുതുവത്സരാഘോഷം നടക്കുന്നതിനിടെയാണ് മോഹൻകുമാർ ജിജോയോട് സംസാരിക്കാനെത്തിയത്. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ അംഗമായ ഏണിക്കര സ്വദേശി സുരേഷ് കുമാർ ഏറ്റെടുത്തിരുന്ന നെട്ടയം-മണലയം റോഡുപണി ഒമ്പതുമാസം മുമ്പ് പൂർത്തിയായതാണ്. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് 'ഏത് സംഘടന, അതുചോദിക്കാൻ നീയാരാ' എന്ന മട്ടിലൊക്കെ ചോദ്യമുയർത്തി ജിജോ മോഹൻകുമാറിന്റെ മൂക്കിനിട്ടിടിക്കുകയും മർദ്ദിക്കുകയും ചെയ്‌തത്. മറ്റ് സംഘടനാ ഭാരവാഹികളും കരാറുകാരും ഈ സമയം ഓഫീസിലുണ്ടായിരുന്നു.
സംഭവമറിഞ്ഞ് ഓഫീസിലുണ്ടായിരുന്ന ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി മഹേഷും മറ്റ് സംഘടനകളുടെ നേതാക്കളും ഇടപെട്ടെങ്കിലും അവരോടും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ തട്ടിക്കയറി. ബില്ല് തയ്യാറാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് സുരേഷ് കുമാർ പലതവണ ജിജോയുമായി സംസാരിച്ചിരുന്നു. പല കാരണങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയും തുക വെട്ടിക്കുറയ്ക്കുകയും ചെയ്‌തതായും ഉദ്യോഗസ്ഥൻ പലതവണ കൈക്കൂലി ചോദിച്ചതായും സംഘടനാ നേതാക്കൾ ആരോപിച്ചു. മോഹൻകുമാറിന്റെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |