ആലപ്പുഴ: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളടക്കമുള്ള സംഘത്തെ ആക്രമിക്കുകയും വാഹനം അടിച്ചുതകർക്കുകയും ചെയ്‌ത ആലപ്പുഴ ഗുരുമന്ദിരം കന്നിട്ടവെളിയിൽ അർജ്ജുൻ വിഷ്ണുവിനെ(26) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി 11.30ന് കളർകോട് ജംഗ്ഷനിലായിരുന്നു സംഭവം.
നിലമ്പൂർ സ്വദേശികളായ ഒമ്പത് കുട്ടികളടക്കമുള്ള 39 അംഗ തീർത്ഥാടകസംഘം ചായകുടിക്കാൻ ദേശീയപാതയിലെ കളർകോട് ജംഗ്ഷനിൽ വാഹനം നിറുത്തി. അർജ്ജുന്റെ ബൈക്ക് ഇവരുടെ വാഹനത്തിന് സമീപത്ത് പാർക്ക് ചെയ്തിരുന്നു. ഇയാൾക്കൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. തീർത്ഥാടക സംഘത്തിലെ കുട്ടികൾ യുവാവിന്റെ ബൈക്കിനോട് ചേർന്ന് നിന്ന് ഫോട്ടോ എടുക്കുന്നത് കണ്ട അർജ്ജുൻ കുട്ടികളെ ബൈക്കിൽ നിന്ന് തള്ളിയിട്ടുവെന്നാണ് പറയുന്നത്. ഇയാളുടെയും യുവതിയുടെയും ചിത്രങ്ങൾ പകർത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകൾ അലീന, ബന്ധു വൃന്ദാവന(9) എന്നീ കുട്ടികളുടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തീർത്ഥാടകരും യുവാവും തമ്മിൽ സംഘർഷവുമുണ്ടായി. സംഘർഷത്തിൽ യുവാവിനും മർദ്ദനമേറ്റിട്ടുണ്ട്. തുടർന്ന് മടങ്ങിപോയ വിഷ്ണു കൈക്കോടാലിയുമായിയെത്തി തീർത്ഥാടകരുടെ ബസിന്റെ വാതിൽ ചില്ലുകൾ അടിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തീർത്ഥാടകരുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷിക്കവേ ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ അറസ്റ്റിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |