തിരുവനന്തപുരം: അടുത്ത വർഷത്തെ സ്കൂൾ കലോത്സവം മുതൽ ഭക്ഷണത്തിൽ നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കലോത്സവ മെനുവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിവാദങ്ങൾ അനാവശ്യമാണ്. കോഴിക്കോട്ട് കുട്ടികൾക്ക് ബിരിയാണി കൊടുക്കണമെന്നായിരുന്നു ആഗ്രഹം. കഴിക്കുന്നത് കുട്ടികളാണല്ലോ, നോൺ വെജ് കൊടുത്തതിന്റെ പേരിൽ ശാരീക പ്രശ്നങ്ങൾ ഉണ്ടായാലോ എന്ന് ആശങ്കയുണ്ടായിരുന്നു. കായിക മേളയ്ക്ക് നോൺ വെജിറ്റേറിയൻ കൊടുക്കുന്നുണ്ട്. 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോഴാണോ കാണുന്നത്? ഒരു വിവാദവും ഇല്ലാത്തതിനാൽ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്.
അതേസമയം, മെനുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്ന് കലോത്സവത്തിലെ മുഖ്യപാചകക്കാരനായ പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. മെനു തീരുമാനിക്കുന്നത് സർക്കാരാണ്. നോൺ വെജ് കൊടുക്കണമെങ്കിൽ അതിനുള്ള സംവിധാനമൊരുക്കാനും തയ്യാർ. സർക്കാർ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |