തൃശൂർ : വേതന വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സൂചനാ പണിമുടക്കും കളക്ടറേറ്റ് മാർച്ചും നടത്തി. റീജ്യണൽ ജോയിന്റ് ലേബർ കമ്മിഷണർ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത ചർച്ചയിൽ പ്രധാന മാനേജ്‌മെന്റുകളൊന്നും പങ്കെടുക്കാത്തതിനെ തുടർന്നാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ മാർച്ച് നടത്തിയത്.
12ന് റീജ്യണൽ ജോയിന്റ് ലേബർ കമ്മിഷണർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അന്ന് വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. ചർച്ച പരാജയപ്പെട്ടാൽ വിവിധ ജില്ലകളിൽ പണിമുടക്ക് നടത്താനും ഫെബ്രുവരിയിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്താനുമാണ് തീരുമാനം. മാസവേതനം 45,000 രൂപ ആക്കുക, കരാർ നിയമനം നിറുത്തലാക്കുക, ലേബർ നിയമം കർക്കശമായി നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ദേശീയ സെക്രട്ടറി എം.വി.സുധീപ്, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, സെക്രട്ടറി രശ്മി പമേശ്വരൻ, ട്രഷറർ ഇ.എസ്.ദിവ്യ, ജില്ലാ കോ ഓർഡിനേറ്റർ ടിന്റു തോമസ്, ജിനു ജോസ്, നിതിൻമോൻ സണ്ണി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |