■സി.ഇ.ടിയുടെ പുതിയ ലേ ഓട്ട് പ്ളാനിന് അനുമതി
തിരുവനന്തപുരം: ശബരിമല വികസനത്തിനുള്ള മാസ്റ്റർ പ്ളാനിന്റെ ഭാഗമായി നിലയ്ക്കലിൽ തിർത്ഥാടകർക്ക് വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്
തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജ് (സി.ഇ.ടി) തയാറാക്കി സമർപ്പിച്ച ലേ ഔട്ട്
പ്ളാനിന് ശബരിമല ഹൈപവർ കമ്മിറ്റി അനുമതി നൽകി.
നിലയ്ക്കൽ ബേസ് ക്യാമ്പാക്കാൻ 110 ഹെക്ടർ ഭൂമി ദേവസ്വം ബോർഡിന് വനം വകുപ്പ്
വിട്ടു നൽകിയിട്ടുണ്ട്.തീർത്ഥാടകർക്ക് കൂടുതൽ ടോയ്ലെറ്റുകൾ,താമസ സൗകര്യം,
കുടി വെള്ളം,വൈദ്യുതി,ബൃഹത്തായ പാർക്കിംഗ് സൗകര്യം,ആശുപത്രി,മെച്ചപ്പെട്ട റോഡുകൾ എന്നിവ ഘട്ടം ഘട്ടമായി സജ്ജീകരിക്കുന്നതിനുള്ളതാണ് പ്ളാൻ.
പമ്പ,സന്നിധാനം വികസനത്തിനുള്ള ലേ ഔട്ട് പ്ളാനും സി.ഇ.ടി സമർപ്പിച്ചിട്ടുണ്ട്. ഈ പ്ളാനുകൾക്ക് ഈ മാസം അവസാനത്തോടെ കമ്മിറ്റി അനുമതി നൽകിയേക്കും. കരാറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുടെ പേരിൽ ലേ ഔട്ട് പ്ലാൻ തയാറാക്കൽ വൈകിയിരുന്നു. തുകയുടെ കാര്യത്തിലും തർക്കങ്ങൾ ഉടലെടുത്തതോടെ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു. തുടർന്ന് കരാർ സി.ഇ.ടി ഏറ്റെടുക്കുകയായിരുന്നു. തീർത്ഥാടകരും വിദഗ്ധരുമടക്കം ആയിരത്തിലേറെ പേരുടെ അഭിപ്രായം കൂടി സ്വീകരിച്ചാണ് ലേ ഔട്ട് പ്ലാനുകൾ പൂർത്തിയാക്കിയത്. പൗരാണിക രീതി പിന്തുടരുന്ന നിർമ്മാണങ്ങളാണ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പമ്പയിൽ
പുതിയ പാലം
പമ്പയിൽ പാർക്കിംഗ് അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തും. നിലവിലുള്ള ചെറിയ പാലം പൊളിച്ച് വെള്ളപ്പൊക്കത്തെ മറികടക്കാൻ ഉയരം കൂടിയ പാലം നിർമ്മിക്കും. 2020ൽ ചെന്നൈയിലെ കമ്പനി തയ്യാറാക്കിയ പ്ലാനിൽ വനം വകുപ്പും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും തർക്കങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് പുതിയ പ്ലാൻ .
മാസ്റ്റർ പ്ലാൻ
പമ്പയിലും ക്ഷേത്ര സമുച്ചയത്തിലും ഒഴികെ എല്ലാ നിർമ്മിതികളും ഒഴിവാക്കൽ, തീർത്ഥാടകർക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നിലയ്ക്കൽ ബേസ് ക്യാമ്പാക്കൽ, പരിസ്ഥിതിക്കനുയോജ്യമായ നിർമ്മാണ പ്രവർത്തനം തുടങ്ങിയവ.
' ശബരിമല ലേഔട്ട് പ്ലാൻ കരാറിൽ പറഞ്ഞിരുന്ന സമയത്ത് തന്നെ സമർപ്പിക്കാനായി.'
-സി.ഇ.ടി ആർകിടെക്ചർ വിഭാഗം
'ലേഔട്ട് പ്ലാൻ വരുന്ന കമ്മിറ്റികളിൽ പരിഗണിക്കും'.
--എസ്.സിരിജഗൻ
ശബരിമല ഹൈപവർ
കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |