■യു.ജി.സി മാർഗരേഖ പുറത്തിറക്കി
ന്യൂഡൽഹി: വിദേശത്തു പോകാതെ ലോകത്തെ മികച്ച സർവകലാശാലകളിലെ കോഴ്സുകൾ പഠിക്കാൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്ന മാർഗരേഖയുടെ കരട് യു.ജി.സി പുറത്തിറക്കി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറൽ, പോസ്റ്റ്-ഡോക്ടറൽ കോഴ്സുകളും
മറ്റ് പ്രോഗ്രാമുകളും നടത്താൻ അവസരമൊരുക്കുന്നതാണിത്. പൊതുജനങ്ങൾക്ക് ജനുവരി 18വരെ അഭിപ്രായങ്ങൾ നൽകാം.
ഇന്ത്യയിൽ നൽകുന്ന ബിരുദങ്ങളും പ്രോഗ്രാമുകളും വിദേശത്തെ സ്വന്തം കാമ്പസിലേതിന് തത്തുല്ല്യവും ഉന്നതവിദ്യാഭ്യാസം, തൊഴിൽ എന്നിവയ്‌ക്ക് യോഗ്യവുമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിദേശത്തെ നിലവാരവും നിലനിറുത്തണം. അവ ഇന്ത്യൻ സർവകലാശാലകളിലെ അനുബന്ധ ബിരുദങ്ങൾക്കും പ്രോഗ്രാമുകൾക്കും തത്തുല്ല്യമായിരിക്കണം.
പ്രധാന വ്യവസ്ഥകൾ:
■ലോകത്തെ മികച്ച 500 വിദേശ സർവകലാശാലകൾക്ക് അവസരം
■ഓഫ് കാമ്പസുകൾ തുടങ്ങാൻ യു.ജി.സി അനുമതി
■ അടിസ്ഥാന സൗകര്യങ്ങൾ, ഫാക്കൽറ്റികളുടെ ലഭ്യത, ഫീസ് ഘടന, അക്കാഡമിക് പ്രോഗ്രാമുകൾ കോഴ്സുകൾ, പാഠ്യപദ്ധതി, ഇന്ത്യയിൽ കാമ്പസുകൾ തുടങ്ങാൻ ആവശ്യമായ സാമ്പത്തിക സ്രോതസ് തുടങ്ങിയ വിവരങ്ങൾ ലഭ്യമാക്കണം
■ സ്ഥലവും കെട്ടിടങ്ങളും വിദേശ സർവകലാശാലകൾ സജ്ജമാക്കണം
■ യു.ജി.സി അനുമതിയില്ലാതെ കോഴ്സ് ഇടയ്‌ക്കുവച്ച് നിറുത്തരുത്
■ ഓഫ് കാമ്പസ് അനുമതി, കോഴ്സുകളുടെ നിലവാരം തുടങ്ങിയവ പരിശോധിക്കാൻ യു.ജി.സി സ്റ്റാൻഡിംഗ് കമ്മിറ്റി
■കോഴ്സുകളുടെയും മറ്റും ഫീസ് ഘടന വിദേശ സർവകലാശാലകൾക്ക് തീരുമാനിക്കാം
■ഓൺലൈൻ, വിദൂര, ഓപ്പൺ പ്രോഗ്രാമുകളും കോഴ്സുകളും അനുവദനീയമല്ല
■ അദ്ധ്യാപക യോഗ്യത, ശമ്പളം, നിയമനം തുടങ്ങിയവ സ്വന്തമായി തീരുമാനിക്കാം. മെയിൻ കാമ്പസിലെ യോഗ്യതാമാനദണ്ഡം ഇന്ത്യയിലും പാലിക്കണം
■കോഴ്സുകൾ ഇന്ത്യയുടെ ദേശീയ താത്‌പര്യങ്ങൾക്കും ഉന്നതവിദ്യാഭ്യാസ നിലവാരത്തിനും അനുസൃതമാകണം. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, വിദേശ നയം, ക്രമസമാധാനം, മാന്യത തുടങ്ങിയവ ലംഘിക്കുന്നതാവരുത്
■മെയിൻ കാമ്പസിന്റെ പ്രചാരണത്തിനായി ഇന്ത്യൻ കാമ്പസുകൾ ഉപയോഗിക്കരുത്
■ഇന്ത്യയിൽ നിന്നുള്ള വരുമാനം വിദേശ വിനിമയ ചട്ടത്തിന് വിധേയമായിരിക്കും
'ഓഫ് കാമ്പസ് തുറക്കൽ യു.ജി.സി അനുമതിക്ക് വിധേയം. ഫീസ് സുതാര്യവും ന്യായവുമായിരിക്കണം."
എം.ജഗദേഷ് കുമാർ,
യു.ജി.സി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |