ശമ്പള വിഷയത്തിൽ യുവജന കമ്മിഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന് പിന്തുണയുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യവകുപ്പ് മന്ത്രിയുമായ കെ കെ ശൈലജ. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയിൽ നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നതെന്ന് കെ കെ ശൈലജ സോഷ്യൽ മീഡിയയിൽ കുറിച്ചു. സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണെന്നും പിന്തുണക്കുറിപ്പിൽ ഷൈലജ പറയുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
''രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകൾ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയിൽ കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്റെ പേരിൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. വാസ്തവ വിരുദ്ധമായ കാര്യത്തെ മുൻനിർത്തി സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണ്''.
രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകൾ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയിൽ കമ്മീഷൻ...
Posted by K K Shailaja Teacher on Saturday, 7 January 2023
യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ അപേക്ഷയിൽ 17 മാസ കുടിശിക അനുവദിക്കാനാണ് ധനവകുപ്പിന്റെ വിവാദ തീരുമാനം. ഉടൻ ഉത്തരവിറങ്ങും. സംസ്ഥാനം നിത്യച്ചെലവിന് കാശില്ലാതുഴലുമ്പോൾ, യുവജനക്ഷേമ വകുപ്പിന്റെ എതിർപ്പ് മറികടന്നാണ് പാർട്ടി നിയമനത്തിന് ലക്ഷങ്ങൾ പൊടിക്കുന്നത്. 2016 ഒക്ടോബർ നാലിനാണ് അദ്ധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി 6ന് 50,000 രൂപ ശമ്പളം നിശ്ചയിച്ച് ഉത്തരവിറക്കി. 2018 മേയ് 26ന് ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി ഉത്തരവുമിറക്കി. നിയമനത്തീയതിയായ 2016 ഒക്ടോബർ 4 മുതൽ 2018 മേയ് 26 വരെയുള്ള കുടിശിക നൽകണമെന്ന ചിന്തയുടെ ആദ്യ അപേക്ഷ ധനവകുപ്പും യുവജനക്ഷേമവകുപ്പും തള്ളിയിരുന്നു. കഴിഞ്ഞ സെപ്തംബർ 14ന് വീണ്ടും അപേക്ഷ നൽകിയെങ്കിലും 26ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കുടിശ്ശിക നൽകേണ്ടെന്ന് ഉത്തരവുമിറക്കി. എന്നാൽ, ചിന്ത ധനമന്ത്രിക്ക് വീണ്ടും അപേക്ഷ നൽകിയതോടെ, 17 മാസത്തെ ശമ്പള കുടിശിക നൽകാൻ തീരുമാനിച്ച് ഡിസംബർ 28ന് ധനവകുപ്പ് യുവജനക്ഷേമവകുപ്പിന് കുറിപ്പ് നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |