തിരുവനന്തപുരം: ഗവ.കോട്ടൺഹിൽ ജി.എച്ച്.എസ്.എസിൽ കത്തിപ്പോയ ബസിന് പകരം പി.ടി.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുതിയ ബസിന്റെ ആദ്യ യാത്ര മന്ത്രി ജി.ആർ.അനിൽ ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യ വനിതാ സ്കൂൾ ബസ് ഡ്രൈവറായി ഇ.സുജ ചാർജ്ജെടുത്തു.
മന്ത്രി ജി.ആർ.അനിൽ ബസിന്റെ രേഖകൾ സ്കൂൾ പ്രിൻസിപ്പൽ ഗ്രീഷ്മയ്ക്കും പ്രിൻസിപ്പൽ എച്ച്.എം രാജേഷ് ബാബുവിനും പി.ടി.എ പ്രസിഡന്റ് റഷീദ് ആനപ്പുറത്തിനും കൈമാറിക്കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. സ്കൂൾ ബസിന്റെ താക്കോൽ സുജയെ ഏൽപ്പിച്ചു. എല്ലാവർക്കും മധുരവും വിളമ്പി. ഇക്കഴിഞ്ഞ ഒക്ടോബർ ആറിനാണ് സ്കൂൾ ഓഡിറ്റോറിയത്തിലുണ്ടായ തീപിടിത്തത്തിൽ ബസ് കത്തിപ്പോയത്. തുടർന്ന് പി.ടി.എയും അദ്ധ്യാപകരും മുൻകൈയെടുത്ത് 26.5 ലക്ഷം രൂപ ചെലവിൽ പുതിയ ബസ് വാങ്ങുകയായിരുന്നു. ഒരു വനിതാ ഡ്രൈവറെ തിരഞ്ഞെടുത്തതും വലിയ ബാദ്ധ്യതയുണ്ടായിട്ടും ബസ് വാങ്ങാനുള്ള തീരുമാനവും വളരെ അഭിനന്ദനാർഹമാണെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.ഈ സ്കൂളിലെ പ്ളസ്ടു വിദ്യാർത്ഥിനിയായ അഹിജ സുജയുടെ മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |