പ്ളാസ്റ്റിക്കിൽ തല കുടുങ്ങി നായ,
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്ര പരിസരത്തെ പുഴക്കുളങ്ങര പ്രദേശത്തെ നാട്ടുകാർ കഴിഞ്ഞ കുറച്ചുദിവസമായി കാണുന്ന ഒരു സങ്കടക്കാഴ്ചയുണ്ട്. ഒരു പ്ളാസ്റ്റിക് ജാറിൽ തലകുടുങ്ങി നിലവിളിക്കുന്ന ഒരു പെൺനായ. രക്ഷപ്പെടുത്താൻ ആളുകൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സുതാര്യമായ പ്ളാസ്റ്റിക്കിലൂടെ അടുത്തെത്തുന്ന ആളുകളിൽ നിന്ന് രക്ഷതേടി മറയുകയാണ് പെൺപട്ടി.
സങ്കടം ഇതല്ല, കപാലിക്കുളങ്ങര ക്ഷേത്ര പരിസരത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പെറ്റിട്ട എട്ട് കുഞ്ഞുങ്ങളുണ്ട് ഈ നായക്ക്. ഒരു തുള്ളി വെള്ളം കുടിക്കാൻ പറ്റുന്നില്ലെങ്കിലും നായ കുഞ്ഞുങ്ങളുടെ അടുത്തെത്തി മുലയൂട്ടുന്നുണ്ട്. നാട്ടുകാരായ ചില യുവാക്കൾ പ്ളാസ്റ്റിക്ക് മാറ്റാൻ നായയുടെ അടുത്ത് ചെന്നെങ്കിലും നായ ഓടിപ്പോയി.
പ്ലാസ്റ്റിക് കവറുകളിലും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ജാറുകളും വലിച്ചെറിയുന്നതാണ് ദയനീയമായ ഈ കാഴ്ചകൾ ആവർത്തിക്കുന്നതിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ മാസം തളിപ്പറമ്പ് ഉണ്ടപ്പറമ്പിന് സമീപത്ത് പ്ലാസ്റ്റിക് കുപ്പി തലയിൽ കുടുങ്ങിയ നായ ദിവസങ്ങളോളം അലഞ്ഞിരുന്നു. നിരന്തര പരിശ്രമത്തിനൊടുവിൽ ചില മൃഗസ്‌നേഹികളാണ് ഇതിനെ രക്ഷിച്ചത്. അപ്പോഴേയ്ക്കും ഭക്ഷണം കഴിക്കാൻ കഴിയാതെ അവശനായിരുന്നു ഈ നായ. റോഡരികിൽ വലിച്ചെറിയുന്നവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |