കൊച്ചി: വധശ്രമക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും ബന്ധുക്കളായ മൂന്നു കൂട്ടുപ്രതികളെയും ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലാണ് നാലു പേരെയും ലക്ഷദ്വീപിൽ നിന്ന് കണ്ണൂരിലെത്തിച്ചത്.
2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്ത്രോത്ത് ദ്വീപിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള കേസിലാണ് കവരത്തി ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ്. മുൻ കേന്ദ്രമന്ത്രി പി.എം. സയ്യിദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ എം.പിയടക്കം 37 പേർ ആക്രമിച്ചെന്നാണ് കേസ്. രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ. മൂത്ത സഹോദരൻ മുഹമ്മദ് അമീനാണ് ഒന്നാം പ്രതി. അമ്മാവൻ മുഹമ്മദ് ഹുസൈൻ മൂന്നാം പ്രതിയും ബന്ധു മുഹമ്മദ് ബഷീർ തങ്ങൾ നാലാം പ്രതിയുമാണ്. മറ്റ് വകുപ്പുകളിലായി അഞ്ച് വർഷവും ഒരു മാസവും തടവ് ശിക്ഷ വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
എം.പിയുടെ അയൽവീട്ടിലെ ഷെഡ് തകർത്തതിനെച്ചൊല്ലിയായിരുന്നു സംഘർഷം. കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യരുതെന്ന് എം.പിയും സംഘവും അയൽവാസി കുടുംബത്തെ ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് വകവയ്ക്കാതെ കുടുംബം വോട്ട് ചെയ്ത് മടങ്ങിയപ്പോൾ പ്രതികൾ ചേർന്ന് ഇവരുടെ വീട്ടിലെ ഷെഡ് പൊളിച്ചു. ചോദ്യം ചെയ്ത കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സ്വാലിഹ് ക്രൂരമായി മർദ്ദനത്തിനിരയായെന്നാണ് കേസ്. ഗുരുതര പരിക്കേറ്റ സ്വാലിഹിനെ ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകേണ്ടിവന്നു. ഒരു മാസത്തോളം ആശുപത്രിയിലും കഴിഞ്ഞു.
ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |