138 രൂപ ചലഞ്ച് വരുന്നു
തിരുവനന്തപുരം: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിത്വം സ്വയം പ്രഖ്യാപിക്കുന്നത് എത്ര ഉന്നതനായാലും അംഗീകരിക്കേണ്ടെന്ന് കെ.പി.സി.സി നിർവാഹകസമിതി യോഗത്തിൽ ധാരണ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ പിന്മാറാനാഗ്രഹിക്കുന്നെന്ന ചില സിറ്റിംഗ് എം.പിമാരുടെ കാലേകൂട്ടിയുള്ള പ്രതികരണങ്ങൾ തിരിച്ചടിയാവുന്ന പശ്ചാത്തലത്തിലാണ് കർശനമായി തടയിട്ടത്. ഇനി എം.എൽ.എയാകാനാണ് ആഗ്രഹമെന്ന് ശശി തരൂരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എം.പിമാരുടെ നിലപാടിനെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രൂക്ഷമായി പ്രതികരിച്ചു. " നീ പാർലമെന്റിലേക്ക്, ഞാൻ നിയമസഭയിലേക്ക് എന്നൊക്കെ പറയാൻ നിങ്ങളൊക്കെ ആരാണ്? അക്കാര്യങ്ങൾ പാർട്ടി തീരുമാനിക്കും. ഇതൊന്നും സ്വയം തീരുമാനിച്ചാൽ അംഗീകരിക്കാനാവില്ല. ദീർഘകാലം ലോക്‌സഭാംഗങ്ങളായിരുന്നവർ മാറണമെന്ന് പറഞ്ഞാൽ അംഗീകരിക്കാം. പക്ഷേ പകരക്കാരനെയൊന്നും സ്വയം തീരുമാനിക്കേണ്ട"- സുധാകരൻ തുറന്നടിച്ചു.
വർഷങ്ങളായി പാർലമെന്റിലുള്ളവർക്ക് മാറണമെങ്കിൽ അത് പരസ്യമായി പറയേണ്ടെന്ന് കെ.സി. ജോസഫും സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ വേണ്ടെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണിയും അഭിപ്രായപ്പെട്ടു. മടുത്തെങ്കിൽ എം.പിമാർക്ക് മാറി നിൽക്കാം, അന്തിമതീരുമാനം സ്വന്തമായി പ്രഖ്യാപിക്കേണ്ടെന്ന് എം.എം. ഹസ്സനും പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന 137രൂപ ചലഞ്ചിന്റെ വിശദമായ കണക്കുകൾ നിർവാഹകസമിതി യോഗത്തിലും അവതരിപ്പിച്ചു. അടിസ്ഥാനരഹിതമായ ആക്ഷേപമാണ് കേൾക്കേണ്ടി വന്നതെന്ന് പ്രസിഡന്റ് വിശദീകരിച്ചു. 137 രൂപ ചലഞ്ച് ഭാഗികമായാണ് വിജയിച്ചത്. ബന്ധപ്പെട്ട ബാങ്കിന് മതിയായ സാങ്കേതിക സൗകര്യമില്ലാത്തതിനാൽ ലക്ഷ്യം പൂർണതയിലെത്തിയില്ല. പോരായ്മകൾ പരിഹരിച്ച് 138 രൂപ ചലഞ്ച് തുടങ്ങാൻ തീരുമാനിച്ചു. കെ. കരുണാകരൻ സ്മാരക മന്ദിരത്തിനുള്ള ഫണ്ട് ശേഖരണവും ഇതോടൊപ്പം നടത്തണമെന്ന് ആന്റണിയും രമേശ് ചെന്നിത്തലയും നിർദ്ദേശിച്ചു.
മുഖ്യമന്ത്രി മോഹികളെ
തട്ടി നടക്കാനാവുന്നില്ല
മുഖ്യമന്ത്രിമോഹികളെ തട്ടി പാർട്ടിയിൽ നടക്കാനാവുന്നില്ലെന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു. നാളത്തെ മുഖ്യമന്ത്രിയാണെന്ന് നെറ്റിയിലൊട്ടിച്ച് ഒരാൾ നാടുനീളെ സമുദായനേതാക്കളെയും മാദ്ധ്യമങ്ങളെയും കാണുന്നു. ഇതൊരു പാർട്ടിയല്ലേ. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ. അദ്ദേഹത്തെ (തരൂരിനെ) നിയന്ത്രിക്കണമെന്നും ഷാഫി പറഞ്ഞു. എൻ.എസ്.എസ് ജനറൽസെക്രട്ടറി പ്രതിപക്ഷനേതാവിനെയും മുൻ നേതാവിനെയും ആക്ഷേപിച്ചിട്ടും ചോദിക്കാൻ പാർട്ടിയോ ഏതെങ്കിലും നേതാവോ ഇവിടെയുണ്ടായില്ലെന്ന് കരകുളം കൃഷ്ണപിള്ള പറഞ്ഞു.
പുനഃസംഘടന സമയബന്ധിതമാക്കും
ഡി.സി.സി തലം വരെയുള്ള പുനഃസംഘടന സമയബന്ധിതമായി പൂർത്തിയാക്കാൻ ധാരണയായി. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ പുനഃസംഘടന അനിവാര്യം. അഞ്ച് വർഷം പ്രവർത്തിച്ചവരെ പദവികളിൽ നിന്ന് മാറ്റിനിറുത്തണമെന്ന നിർദ്ദേശം അതേപടി നടപ്പാക്കേണ്ടെന്നും ധാരണയായി. ചിന്തൻശിബിരിലെ മാർഗ്ഗനിർദ്ദേശമാണ് കരട് മാനദണ്ഡത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അഞ്ച് വർഷം പ്രവർത്തിച്ചവരിൽ കഴിവുള്ളവരെ അതേ പദവിയിൽ നിലനിറുത്തുകയോ അർഹമായ മറ്റ് പദവികളിലേക്ക് മാറ്റുകയോ വേണമെന്ന നിർദ്ദേവുമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |