ന്യൂഡൽഹി: പ്രവാചക നിന്ദ നടത്തിയ മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയ്ക്ക് തോക്ക് കൈവശം വയ്ക്കാൻ അനുമതി ലഭിച്ചു. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവർ ലൈസൻസിന് അപേക്ഷിച്ചിരുന്നു. തുടർന്നാണ് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ലഭിച്ചത്.
കഴിഞ്ഞ വർഷം മേയ് 26ന് ടെലിവിഷൻ ചാനൽ ചർച്ചയിൽ പ്രവാചകനെ നിന്ദിച്ച് നൂപുർ ശർമ്മ നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിനെതിരെ ആഗോളതലത്തിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. പിന്നാലെ ബി.ജെ.പി ഇവരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. തനിക്ക് നിരന്തരം വധഭീഷണി ലഭിക്കുകയാണെന്നത് കണക്കിലെടുത്താണ് തോക്ക് ലൈസൻസ് നൽകിയത്.
മതവികാരം വ്രണപ്പെടുത്തിയതിന് നൂപുർ ശർമ്മയ്ക്കെതിരെ പല സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റിയിരുന്നു. നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരന്റെ തലയറുത്തതുൾപ്പെടെയുള്ള അക്രമ സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. എന്നാൽ, ഈ കേസിലെ പ്രതികൾ സംഘപരിവാർ ബന്ധമുള്ളവരാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |