SignIn
Kerala Kaumudi Online
Friday, 19 April 2024 5.32 AM IST

കാണികൾ കുറയാൻ കാരണം സംഘാടകരുടെ പിടിപ്പുകേട്,​ കനത്ത വെയിലും ചൂടും,​ വിശദീകരണവുമായി മന്ത്രി അബ്ദു റഹിമാൻ

gg

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യാ ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിന് കാണികൾ കുറഞ്ഞതിന് കാരണം തന്റെ പ്രസ്താവനയാണെന്ന വിവാദത്തിന് മറുപടിയുമായി മന്ത്രി വി. അബ്ദു റഹിമാൻ. കാണികൾ കുറയാൻ കാരണം സംഘാടകരായ കെ.സി.എയുടെ പിടിപ്പുകേടാണെന്ന് മന്ത്രി വ്യക്തമാക്കി.

ദുർബലരായ എതിരാളികളും കനത്ത ചൂടും വെയിലും കാണികൾ കുറഞ്ഞതിന് കാരണമായെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. സംഘാടകരുടെ പിടിപ്പുകേട് മറച്ചുവയ്ക്കാനാണ് മന്ത്രിയെയും സർക്കാരിനെയും കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

മന്ത്രി വി. അബ്ദുറഹിമാനെ ഫേസ്‌ബുക്ക് പോസ്റ്റ്

കേരളത്തിലെ എൽ ഡി എഫ് സർക്കാർ എക്കാലവും കളിയ്ക്കും കായികതാരങ്ങൾക്കും കളിയാസ്വാദകർക്കും ഒപ്പമാണ്. ഇവിടെ നടക്കുന്ന മുഴുവൻ കായികമത്സരങ്ങൾക്കും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് സർക്കാർ നൽകിവരുന്നത്. മത്സരങ്ങൾ കൂടുതൽ പേർ കാണുകയും അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇവിടെ മികച്ച കായികതാരങ്ങൾ ഉയർന്നുവരണം. തന്റെ പ്രസ്താവനയെ ചിലർ വികലമാക്കി അവതരിപ്പിച്ചുവെന്നും ദുർവ്യാഖ്യാനം ചെയ്തുവെന്നും മന്ത്രി ആരോപിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തിരുവനന്തപുരത്തു നടക്കുന്ന മത്സരങ്ങൾ ആഗ്രഹിക്കുന്ന മുഴുവനാളുകൾക്കും കാണാൻ അവസരം ഉണ്ടാകണം. അതിനാവശ്യമായ എല്ലാ നടപടികളും അതതു സമയങ്ങളിൽ സർക്കാർ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ തവണ ഗ്രൗണ്ടിന്റെ മോശം അവസ്ഥ ഉൾപ്പെടെ ഏറെ വെല്ലുവിളികൾ അതിജീവിച്ചാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ഗംഭീരമായി വേദിയൊരുക്കിയത്.

ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ മത്സരം പൂർണ്ണമായും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി സി സി ഐ) നിയന്ത്രണത്തിലും ഉത്തരവാദിത്വത്തിലുമാണ് നടക്കുന്നത്. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് അതത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണ്. സംഘാടകർ ആവശ്യപ്പെടുന്ന സൗകര്യങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തി കൊടുക്കുന്ന ചുമതല മാത്രമാണ് സർക്കാരിനുള്ളത്. മത്സര നടത്തിപ്പിലോ, ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിലോ ഒരു പങ്കുമില്ല. സംസ്ഥാന സ്‌പോട്സ് കൗൺസിലിന്റെയും സർക്കാരിന്റെയും നിയമങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനാൽ അത്തരത്തിൽ ഒരംഗീകാരവും വേണ്ടെന്നും പണ്ടേ അറിയിച്ചിട്ടുള്ളവരാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. അതിനാൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്കു മേൽ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരത്തിന് ഉയർന്ന ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ അതു കുറയ്ക്കാൻ ബന്ധപ്പെട്ട ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, അനുകൂല നടപടി ഉണ്ടായില്ല. ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, പാവപ്പെട്ടവർ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട്, എന്നു സൂചിപ്പിച്ച് മറുപടി പറഞ്ഞതിനെ പട്ടിണിക്കാർ കളി കാണണ്ട എന്നു മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ചില എതിരാളികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം വികലമായി അവതരിപ്പിക്കുകയും ചെയ്തു. സർക്കാരിന്റെ വിനോദനികുതിയാണ് നിരക്ക് കൂടാൻ കാരണം എന്ന വാദവുമായി ക്രിക്കറ്റ് അധികാരികളും രംഗത്തു വന്നു.

മുൻകാലങ്ങളിൽ കൊച്ചിയായിരുന്നു കേരളത്തിലെ അന്താരാഷ്ട്ര ക്രിക്കറ്റ് വേദി. കാര്യവട്ടത്ത് സർക്കാർ നല്ലൊരു സ്‌റ്റേഡിയം ഒരുക്കിയപ്പോൾ ക്രിക്കറ്റ് അധികാരികൾ കളി ഇങ്ങോട്ടു മാറ്റി. ഈ ക്രിക്കറ്റ് മൈതാനം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ നേടിയതും കാണികളുടെ നല്ല പ്രതികരണവും കൂടുതൽ മത്സരങ്ങൾ ഇവിടെ കൊണ്ടുവരാൻ ബി സി സി ഐയ്ക്ക് പ്രേരണയായി.

കാര്യവട്ടത്ത് കളി നടക്കുമ്പോൾ നിയമപ്രകാരം വിനോദ നികുതി ഇനത്തിൽ 50 മുതൽ 24 ശതമാനം വരെ കോർപ്പറേഷന് നൽകണം. ഇത്തവണ അത് 12 ശതമാനമായി കുറച്ചു. ടിക്കറ്റ് നിരക്ക് കുറയാനും സാധാരണക്കാർക്ക് പ്രയാസമില്ലാതെ കാണാനും അവസരം ഒരുക്കുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്ദേശിച്ചത്. മുൻകാലങ്ങളിൽ വലിയ ഇടവേളകളിലാണ് കേരളത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നിരുന്നത്. അതിനാൽ അന്ന് നികുതി ഒഴിവാക്കുകയും വലിയ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ 3 മാസത്തിനിടയിലാണ് അടുത്ത കളി നടന്നത്. ഒരു വർഷം തുടർച്ചയായി വലിയ ഇളവ് നൽകുക പ്രയാസമാണ്. ഇത്തരത്തിൽ നികുതികൾ ഒഴിവാക്കുന്നത് വലിയ ബാധ്യതയാകും. കളി നടക്കുമ്പോൾ സർക്കാർ സംവിധാനങ്ങൾ അഹോരാത്രം പണിയെടുക്കുകയുമാണ്. ക്രമസമാധാനം, ഗതാഗതം, ആരോഗ്യം, വൈദ്യുതി, മാലിന്യ നിർമ്മാർജ്ജനം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർ കഠിനാദ്ധ്വാനമാണ് നടത്തുന്നത്.

വൻകിട മെട്രോ നഗരങ്ങളിലെ സ്‌റ്റേഡിയങ്ങളിൽ ഈടാക്കുന്ന നിരക്കിനേക്കാൾ വളരെ കൂടതലാണ് ഗ്രീൻഫീൽഡിൽ നടക്കുന്ന കളികൾക്ക് ക്രിക്കറ്റ് അസോസിയേഷൻ നിശ്ചയിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് കൊൽക്കത്തയിൽ നടന്ന രണ്ടാം ഏകദിനത്തിന് 650 രൂപയാണ് കുറഞ്ഞ നിരക്ക്. അവിടെ മുഴുവൻ ടിക്കറ്റും വിറ്റുപോയി. കൂടുതൽ പേർ കാണാനാഗ്രഹിക്കുന്ന ടി20 മത്സരത്തിന് മുംബൈയിൽ 700 രൂപയായിരുന്നു. പുണെയിൽ 800 ഉം. ന്യൂസിലാന്റ് പോലെ ശക്തമായ ടീമനെതിരെ ഈ മാസം 18 ന് ഹൈദരാബാദിൽ നടക്കുന്ന ഏകദിനത്തിന് 850 രൂപയാണ് കുറഞ്ഞ നിരക്ക്.ഇക്കാര്യം സമ്മതിക്കാൻ പോലും കെ സി എ തയ്യാറല്ല.

സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയം സൗജന്യമായി അനുവദിച്ചിട്ടും, വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി കളി നടത്തുന്നവർ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം പോലും കേരളത്തിലെ കായിക വികസനത്തിന് ചെലവഴിക്കുന്നില്ല എന്ന പരാതിയും പറഞ്ഞിരുന്നു. നമുക്ക് നാളെ നല്ല ക്രിക്കറ്റർമാരും മറ്റു താരങ്ങളും വേണമെങ്കിൽ നല്ല മൈതാനങ്ങളും മറ്റും വ്യാപകമാകണം. പാവപ്പെട്ടവർക്ക് ഇത്തരം പിന്തുണയില്ലെങ്കിൽ കായികരംഗത്ത് വളർന്നു വരാൻ കഴിയില്ല.

കാര്യവട്ടത്ത് കളി കാണാൻ കാണികൾ വരാതിരുന്നത് മന്ത്രി കാരണം എന്നു പറഞ്ഞു പ്രചരിപ്പിക്കുന്നവർക്ക് നല്ല പ്രചാരം കൊടുക്കാൻ പല മാധ്യമങ്ങളും മത്സരിച്ചു. എന്നാൽ, നമ്മുടെ കായികമേഖലയ്ക്കും കളി ആസ്വാദകർക്കും ഈ കളിയും ഇതിലൂടെ ഉണ്ടാകുന്ന വരുമാനവും പ്രയോജനപ്പെടണം എന്നും ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും നടത്തിയ വാദങ്ങൾ എല്ലാവരും അവഗണിച്ചു. ഈ കാര്യങ്ങൾ വിശദമാക്കി മത്സരത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ മാധ്യമങ്ങൾക്ക് പ്രസ്താവന നൽകിയിരുന്നു. അന്നും അധികമാരും ഗൗനിച്ചില്ല. പറഞ്ഞതിനെ ദുർവ്യാഖ്യാനിച്ച് വിവാദം കൊഴുപ്പിക്കാനായിരുന്നു തിടുക്കം.

കാണികൾ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടിപ്പുകേടാണ്. ഈ അബദ്ധം മനസ്സിലായപ്പോൾ ക്രിക്കറ്റ് അസോസിയേഷനും കുറ്റം മന്ത്രിക്കു മേൽ ചാരി തടിതപ്പാൻ നോക്കുകയാണ്. 3 മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് ശ്രീലങ്കയുമായി കളിച്ചത്. ഇതിൽ ആദ്യ രണ്ട് കളികൾ ഇന്ത്യ ജയിച്ചതോടെ മൂന്നാം മത്സരം അപ്രസക്തമായി. അതോടെ കളി ആസ്വദിക്കുന്നവർക്ക് താൽപ്പര്യം കുറയും. നിലവിൽ ഐ സി സി റാങ്കിങ്ങിൽ ശ്രീലങ്ക എട്ടാമതാണ്. ഒരുകാലത്തെ ലോക ചാമ്പ്യന്മാരുടെ നിരയിൽ പേരു കേട്ട ഒരു കളിക്കാരൻ പോലും ഇന്നില്ല. അതുകൊണ്ട് തന്നെ ടീമിനോട് ആർക്കും വലിയ ആരാധനയില്ല. കാര്യവട്ടത്തെ മത്സരഫലം ടീമിന്റെ നിലവാരം ഒന്നുകൂടി തെളിയിച്ചു. ദുർബല എതിരാളികളായതിനാലും കാണികൾ കുറയും.

ടി20 കാണുന്നതു പോലെ ഇപ്പോൾ ഏകദിനത്തിന് ആളു കൂടാറില്ല. അല്ലെങ്കിൽ അത്ര ആവേശകരമായ സാഹചര്യമായിരിക്കണം. കടുത്ത വെയിലും ചൂടും മറ്റൊരു കാരണമായി.

ഇതെല്ലാം മറച്ചുവെച്ച്, മന്ത്രിക്കു നേരെ ആക്ഷേപവുമായി വരുന്നവരുടെ ലക്ഷ്യം വ്യക്തമാണ്. കാര്യവട്ടത്ത് കളി കാണാൻ ആളു കയറാതിരുന്നതിന് സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്നവർ യഥാർത്ഥ പ്രതികളെ വെള്ളപൂശാൻ കാണിക്കുന്ന തിടുക്കം കാണുമ്പോൾ എന്തോ ഒരു പന്തികേടും തോന്നുന്നു. കളിയും കളിക്കാരും കാണികളുമാണ് പ്രധാനം. അവർക്കു വേണ്ടിയാണ് ഈ ഗവൺമെന്റ് നിലകൊള്ളുന്നത്. വസ്തുതകൾ ജനങ്ങൾക്കു മുന്നിലുണ്ട്. അവർ തീരുമാനിക്കട്ടെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V ABDU RAHIMAN, KARYAVATTOM ONEDAY, CRICKET, INDIA SRILANKA CRICKET, KARYAVATTOM GREENFIELD STADIUM, GREENFIELD STADIUM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.