കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയോട് പ്രസംഗത്തിൽ മാത്രമാണ് വിരോധമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നരേന്ദ്ര മോദി മനസിൽ കാണുന്നത് നടത്തികൊടുക്കുന്ന ജോലിയാണ് പിണറായി ചെയ്യുന്നതെന്ന് മുരളീധരൻ വിമർശിച്ചു. കോഴിക്കോട് കെ. കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''ബി.ജെ.പി.യുമായി ഇന്ത്യയിൽ ഏറ്റവുമധികം യോജിച്ച് പ്രവർത്തിക്കുന്ന സർക്കാർ കേരളത്തിലേതാണ്. പിണറായി വിജയൻ ബി.ജെ.പി.യുടെ ശത്രുഭാവത്തിലുള്ള ഉത്തമമിത്രമാണ്. കേരളത്തിലെ സി.പി.എം. നേതാക്കളുടെ വീട്ടിൽ ഇ.ഡി. പരിശോധനയ്‌ക്കെത്തുമ്പോൾ ക്രിക്കറ്റിനെക്കുറിച്ച് ചർച്ചചെയ്യുന്നത് അതിനാലാണ്. നരേന്ദ്രമോദി മനസ്സിൽ കാണുന്നതെല്ലാം നടപ്പാക്കിക്കൊടുക്കുന്ന ജോലിയാണ് പിണറായി നിർവഹിക്കുന്നത്. ബി.ജെ.പി. വിരോധം പ്രസംഗത്തിൽ മാത്രമേയുള്ളൂ'' അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ വ്യത്യസ്ത കഴിവുള്ള നേതാക്കൾ ഒരുമിച്ച് പോരാടണം. സാമുദായിക നേതാക്കളുമായും മതമേലധ്യക്ഷന്മാരുമായും പാർട്ടി നല്ലബന്ധം നിലനിർത്തണം. അവരുടെ 'തിണ്ണ നിരങ്ങേണ്ട' എന്നൊക്കെ പറഞ്ഞാൽ കൈയടികിട്ടും. പക്ഷേ, ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ വോട്ടുവീഴില്ല. ഇതെല്ലാം ആർക്കുമെതിരെ ഒളിയമ്പെയ്യുന്നതല്ല. എനിക്കും ഇതൊക്കെ ബാധകമാണ്. ആദ്യം യുദ്ധം ജയിക്കണം. എന്നിട്ടുവേണം ആരാണ് മുഖ്യമന്ത്രിയാവേണ്ടത്, പ്രധാനമന്ത്രിയാവേണ്ടത് എന്നൊക്കെ തീരുമാനിക്കാൻ.
അനുകൂലസാഹചര്യങ്ങളിലും പ്രതികൂലസാഹചര്യങ്ങളിലും പാർട്ടിയെയും മുന്നണിയെയും നയിക്കാൻ കെ. കരുണാകരന് കഴിഞ്ഞിട്ടുണ്ട്. നിയമസഭയിൽ ഒൻപത് സീറ്റുള്ളപ്പോഴും 111 സീറ്റുള്ളപ്പോഴും അദ്ദേഹം പ്രസ്ഥാനത്തെ സമർത്ഥമായി നയിച്ചു. ഇതിൽനിന്നൊക്കെ ഇപ്പോഴത്തെ കോൺഗ്രസിന് പലതും പഠിക്കാനുണ്ടെന്ന് മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |