തൃശൂർ: വിളവെടുപ്പിന് ശേഷം പാക്ക് ചെയ്യാനും സംഭരിക്കാനും അടിസ്ഥാന സൗകര്യവികസനത്തിനും എല്ലാമായി കർഷകർക്ക് ലക്ഷങ്ങളുടെ സഹായവുമായി കേന്ദ്രാവിഷ്കൃത പദ്ധതി. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴി നടപ്പാക്കുന്ന മിഷൻ ഫൊർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഒഫ് ഹോർട്ടിക്കൾച്ചർ എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെയാണ് സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായം നൽകുന്നത്.
സംരംഭക പ്രേരിതമായ പദ്ധതികൾ വായ്പാബന്ധിതമായാണ് നടപ്പിലാക്കുന്നത്. വ്യക്തികൾ, കർഷക കുട്ടായ്മകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, രജിസ്റ്റേഡ് സൊസൈറ്റികൾ, സഹകരണ സംഘങ്ങൾ, പഞ്ചായത്തുകൾ, ട്രസ്റ്റുകൾ, വനിതാ കർഷക സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ (25 അംഗങ്ങളുള്ള) തുടങ്ങിയവർക്കാണ് സഹായത്തിന് അർഹത. വയനാട്, ഇടുക്കി മലയോര പ്രദേശങ്ങൾക്ക് 15 ശതമാനം അധിക ധനസഹായവും അനുവദിക്കും.
ഒരു ഹെക്ടർ വരെ വിസ്തൃതിയുള്ള നഴ്സറികൾ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും കൂൺ കൃഷിക്ക് 8 ലക്ഷം രൂപയും കൂൺ വിത്തുത്പാദനത്തിന് 6 ലക്ഷം രൂപയും ധനസഹായം നൽകും. ജില്ലയിൽ പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റികൾക്ക് പച്ചക്കറി പ്രാദേശിക വിപണികൾ നടത്തുന്നതിന് 75 ശതമാനം നിരക്കിൽ 1.5 ലക്ഷം വരെയാണ് ധനസഹായം. കൺവെയർ ബെൽറ്റ്, തരംതിരിക്കൽ, ഗ്രേഡിംഗ്, കഴുകൽ, ഉണക്കൽ എന്നീ സംവിധാനങ്ങളോടുകൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകൾക്ക് സമതല പ്രദേശങ്ങളിൽ 17.5 ലക്ഷം രൂപയാണ് നൽകുന്നത്. മലയോര പ്രദേശങ്ങളിൽ 25 ലക്ഷം രൂപയും ലഭിക്കും.
സഹായങ്ങൾ ഇങ്ങനെ:
പായ്ക്ക്ഹൗസുകൾ സ്ഥാപിക്കുന്നതിന്: 2 ലക്ഷം
പ്രീ കൂളിംഗ് യൂണിറ്റുകൾക്ക് : 8.75 ലക്ഷം, മലയോര പ്രദേശങ്ങളിൽ 12.5 ലക്ഷം
ശീതീകരണ മുറികൾക്ക് യൂണിറ്റൊന്നിന് : 5.25 ലക്ഷം.
റിഫർ വാനുകൾക്ക് യൂണിറ്റൊന്നിന് : 9.1 ലക്ഷം, മലയോര പ്രദേശങ്ങളിൽ 13 ലക്ഷം
റൈപനിംഗ് ചേമ്പർ: 35000 രൂപ, മലയോരപ്രദേശങ്ങളിൽ 50,000
പ്രൈമറി, മൊബൈൽ, മിനിമൽ പ്രോസസ്സിംഗ് യൂണിറ്റ്: 10 ലക്ഷം, മലയോരപ്രദേശങ്ങളിൽ 13.75 ലക്ഷം
പ്രിസർവേഷൻ യൂണിറ്റ്: 1 ലക്ഷം
വിപണികളുടെ സൗകര്യങ്ങൾക്കും
ഹോർട്ടിക്കൾച്ചർ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സഹായം നൽകും. 5.25 ലക്ഷം രൂപയാണിത്. മലയോര പ്രദേശങ്ങളിൽ 7.5 ലക്ഷം രൂപയും പഴം പച്ചക്കറി ഉന്ത് വണ്ടികൾക്ക് 15000 രൂപയും അനുവദിക്കും. ശേഖരണം, തരംതിരിക്കൽ, ഗ്രേഡിംഗ്, പായ്ക്കിംഗ് എന്നിവയ്ക്കുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുക്കുന്നതിനുള്ള യൂണിറ്റുകൾക്ക് 6 ലക്ഷം രൂപയും മലയോര പ്രദേശങ്ങളിൽ 8.25 ലക്ഷം രൂപയുമാണ് ധനസഹായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |