കൊല്ലം: ബസിൽ നിന്ന് ഡീസൽ മോഷ്ടിച്ചെന്ന പരാതിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. കൊല്ലം ഡിപ്പോയിലെ ഡ്രൈവറായ എസ്.സലീമിനെതിരെയാണ് കേസ്.
ഇന്നലെ രാവിലെ 5 ഓടെയായിരുന്നു സംഭവം. ഗ്യാരേജിലെ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബസിൽ നിന്ന് ഡീസൽ മോഷ്ടിക്കുകയായിരുന്ന ഡ്രൈവറെ പമ്പ് ഓപ്പറേറ്റർ പിടികൂടി. തുടർന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും ഡ്രൈവർ കുതറി രക്ഷപ്പെട്ടു.
രാവിലെ 5.40ന് കൊല്ലം കുളത്തൂപ്പുഴ സർവീസിന് പോകേണ്ട ഡ്യൂട്ടിയിലുള്ള ഡ്രൈവറായിരുന്നു. ഇയാൾ കടന്നുകളഞ്ഞതിനാൽ കൊല്ലം കുളത്തൂപ്പുഴ സർവീസ് നടത്താനും കഴിഞ്ഞില്ല. വിശ്വാസ വഞ്ചന, പൊതുമുതൽ കൊള്ളയടിക്കൽ, ഗതാഗതത്തിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം വരുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തുവെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ കണ്ടെത്തൽ. ഡ്രൈവർക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |