SignIn
Kerala Kaumudi Online
Friday, 26 April 2024 11.00 AM IST

നാട് നശിപ്പിക്കുന്ന കാട്ടുകൊമ്പൻ പടയപ്പയെ ഉപയോഗിച്ച് കാശുണ്ടാക്കുന്നത് റിസോർട്ട് മുതലാളിമാർ

padayappa-wild-elephant

45നും 50നും ഇടയിൽ പ്രായമുള്ള പടയപ്പ മൂന്നാർ മേഖലയിലെ ഏറ്റവും തലയെടുപ്പുള്ള കാട്ടുകൊമ്പനാണ്. തമിഴ് ചിത്രമായ പടയപ്പയിലെ രജനീകാന്തിന്റെ സ്‌റ്റൈലിനു സമാനമായ നടപ്പാണെന്നു കണ്ടെത്തിയാണു കൊമ്പന് ആളുകൾ പടയപ്പ എന്നു പേരു നൽകിയത്. വാഗുവര, മൂന്നാർ, ദേവികുളം, മാട്ടുപ്പെട്ടി എന്നിവിടങ്ങളാണ് പടയപ്പയുടെ വിഹാരകേന്ദ്രം. പഴവർഗങ്ങളും പച്ചക്കറികളുമാണ് ഇഷ്ടവിഭവങ്ങൾ. പഴങ്ങളും പച്ചക്കറികളും തിന്നുന്നതിനായി ഏതു കടയും തകർക്കുന്നതാണ് ശീലം. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, മൂന്നാർ ടൗൺ എന്നിവിടങ്ങളിലെ ഒട്ടേറെ വഴിയോര കടകൾ ഉൾപ്പെടെ തകർത്ത് പഴങ്ങളും പച്ചക്കറികളും തിന്നുന്നതു പതിവാണ്.

മൂന്നാർ ടൗണിൽ ജി.എച്ച് റോഡിലെ പാപ്പുകുഞ്ഞിന്റെ കട ഏഴു തവണയും മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിനു സമീപമുള്ള ജോൺസൺ ജേക്കബിന്റെ വഴിയോര കട 12 തവണയും പടയപ്പ തകർത്തു. ഇത്തരത്തിൽ മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിൽ ഒട്ടേറെയാളുകളുടെ കടകളും തോട്ടംമേഖലയിലെ തൊഴിലാളികളുടെ ഏക്കറുകണക്കിന് കൃഷിയിടത്തിലെ പച്ചക്കറികളും പടയപ്പ തിന്നു നശിപ്പിച്ചിട്ടുണ്ട്. പൊതുവേ ശാന്തസ്വഭാവക്കാരനായ പടയപ്പ നാളിതുവരെ ജനങ്ങളെ ആക്രമിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ നാലഞ്ചു മാസമായി പടയപ്പ അക്രമ സ്വഭാവം കാണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കുറ്റിയാർവാലി മേഖലയിൽ മൂന്നു വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ബൈക്ക് യാത്രികർ ഉൾപ്പെടെയുള്ളവർ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി പാതയോരത്തു നിറുത്തിയിട്ടിരുന്ന മിനിലോറിയുടെ ചില്ലുകളും വീടിനു സമീപം നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും പടയപ്പ അടിച്ചുതകർത്തിരുന്നു. ഒരു തോട്ടത്തിലെ ബട്ടർ ബീൻസ് കൃഷിയും നശിപ്പിച്ചു. പെരിയവരൈയിൽ നിർമ്മാണക്കരാറുകാരന്റെ മിനിലോറിയാണു തകർത്തത്. പെരിയവരൈ ലോവർ ഡിവിഷനിൽ പി. പ്രദീപിന്റെ ഓട്ടോറിക്ഷ അടിച്ചുതകർക്കുകയും ചെയ്തു. സമീപത്തുള്ള ചെല്ലദുരൈ, ജയപാൽ എന്നിവരുടെ കൃഷിയിടത്തിലെ വിളവെടുപ്പിനു തയാറായിരുന്ന ബീൻസ് പടയപ്പ തിന്നുനശിപ്പിച്ചു. ഇരുവർക്കുമായി 60,000 രൂപയുടെ നഷ്ടമുണ്ടായി. മദപ്പാട് കണ്ടുതുടങ്ങിയ പടയപ്പ ഒരു മാസമായി വളരെ അക്രമാസക്തനാണ്. രണ്ടു ദിവസം മുമ്പ് കന്നിമല ടോപ് ഡിവിഷനിൽ പട്ടാപ്പകലിറങ്ങി തൊഴിലാളികളുടെ ഉച്ചഭക്ഷണപ്പാത്രങ്ങളടക്കം തകർത്തിരുന്നു.

പടയപ്പയുടെ കലിക്ക് കാരണമെന്ത് ?​

പടയപ്പ ആക്രമണകാരിയായതിനു പിന്നിൽ പ്രായാധിക്യം കൊണ്ടുള്ള അവശതകളാകാമെന്നാണ് ആനപ്രേമികൾ പറയുന്നത്. എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത് മറ്റൊന്നാണ്. ടൂറിസത്തിന്റെ മറവിലാണ് പടയപ്പയ്ക്ക് നേരെ പ്രകോപനപരമായ ഇടപെടൽ ഉണ്ടാകുന്നതെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. പടയപ്പയെ കാണാനായി രാത്രിയും പകലും വിനോദസഞ്ചാരികൾ വാഹനങ്ങളിൽ എത്തുന്നത് പതിവാണ്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്താണ് റിസോർട്ടുകളും ടാക്‌സികളും സഞ്ചാരികളെ ആകർഷിക്കുന്നതത്രേ. ഇത്തരത്തിൽ പടയപ്പയ്‌ക്കെതിരെ പ്രകോപനം സൃഷ്ടിച്ച ടാക്‌സി ഡ്രൈവർക്കെതിരെ വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. മൂന്നാർ കടലാർ സ്വദേശിയായ ദാസിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വാഹനവും വനംവകുപ്പ് കസ്റ്രഡിയിലെടുത്തു. കഴിഞ്ഞ ദിവസം പകൽ സമയത്ത് കടലാർ എസ്റ്റേറ്റിലെ തേയില ചെരിവിൽ നിൽക്കുകയായിരുന്ന പടയപ്പയ്ക്ക് നേരെ ടാക്‌സി ഡ്രൈവർ തുടർച്ചയായി ഹോൺ മുഴക്കി പ്രകോപനം സൃഷ്ടിച്ചെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. കേസെടുത്തതിനെ തുടർന്ന് ദാസൻ ഒളിവിൽപോയി. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് മൂന്നാർ ഡി.എഫ്.ഒ നിർദേശം നൽകിയിട്ടുണ്ട്. ഇതിനെതിരെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിയ്ക്കും. പ്രകോപനപരമായ നടപടികൾ ഉണ്ടാകുന്നതായി വിനോദസഞ്ചാര വകുപ്പിനെയും ധരിപ്പിച്ചിട്ടുണ്ട്.


20 വർഷം, കൊല്ലപ്പെട്ടത് 40 മനുഷ്യർ

രണ്ട് പതിറ്റാണ്ടിനിടെ നാൽപതോളം മനുഷ്യരെയാണ് ദേവികുളം റേഞ്ചിനു കീഴിൽ കാട്ടാനകൾ കൊലപ്പെടുത്തിയത്. സംസ്ഥാനത്ത് തന്നെ ഇത്രയധികം പേർ വന്യ ജീവിയാക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരു സ്ഥലമില്ല. കഴിഞ്ഞ വർഷവും പൂപ്പാറ തലക്കുളത്തിന് സമീപം രണ്ട് പേരെ കാട്ടാന ക്രൂരമായി കൊലപ്പെടുത്തി. പത്തോളം പേരെ കൊന്നത് അരികൊമ്പനാണെന്ന് വർഷങ്ങളായി വനംവകുപ്പ് ചിന്നക്കനാൽ സെക്ഷനിൽ ജോലി ചെയ്യുന്ന വാച്ചർമാർ പറയുന്നു. അരികൊമ്പനെ പിടികൂടാൻ വനംവകുപ്പ് പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഫലം കണ്ടില്ല. 2018ൽ തമിഴ്‌നാട്ടിലെ പ്രശസ്ത കുങ്കിയാനകളായ കലീം, വെങ്കിടേഷ് എന്നിവരെ ആനയിറങ്കലിൽ എത്തിച്ച് ആനയെ പിടികൂടാൻ ശ്രമം നടത്തിയിരുന്നു. മയക്ക് വെടിയേറ്റിട്ടും മയങ്ങി വീഴാതെ പിടിച്ചുനിന്ന അരികൊമ്പനെ പിടിച്ചുകെട്ടാൻ കലീമിനും വെങ്കിടേഷിനും കഴിഞ്ഞില്ല. ഇതോടെ കേരളത്തിലെ പേരുകേട്ട കുങ്കിയാനകളായ കോട്ടൂർ സോമൻ, ആര്യങ്കാവ് മണിയൻ എന്നിവരെ ഈ ഉദ്യമം ഏൽപിച്ചു. എന്നാൽ ഇവർക്കും അരികൊമ്പനെ പിടികൂടാൻ കഴിഞ്ഞില്ല. മുറിവാലൻ കൊമ്പൻ, ചക്ക കൊമ്പൻ, സിഗരറ്റ് കൊമ്പൻ എന്നീ ഒറ്റയാൻമാരും മലയോര മേഖലയിൽ ജനങ്ങൾക്കു ഭീഷണിയാണ്. ജനവാസ മേഖലകളിലിറങ്ങി ആക്രമണം നടത്തുന്ന ഒരു പിടിയാനയും ചിന്നക്കനാൽ മേഖലയിലുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇതുൾപ്പെടെ ഇരുപത്തഞ്ചോളം കാട്ടാനകളാണ് ആനയിറങ്കൽ വനമേഖലയിലും മതികെട്ടാൻചോല ദേശീയോദ്യാനത്തിലുമായുള്ളത്. ഇക്കൂട്ടത്തിൽ ഏഴ് കുട്ടിക്കൊമ്പൻമാരും ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ആക്രമണകാരിയായ അരികൊമ്പനെ പിടികൂടി ആന വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ശാന്തൻപാറ പഞ്ചായത്ത് സി.സി.എഫിനും വനംവകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADAYAPPA, WILD ELEPHANT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.