പൃഥിരാജ്, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ഗോൾഡ് എന്ന സിനിമ പുറത്തിറങ്ങിയതുമുതൽ സംവിധായകൻ അൽഫോൻസ് പുത്രൻ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ ഒന്നിനായിരുന്നു ചിത്രം പുറത്തിറങ്ങിയത്. നേരം, പ്രേമം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം അൽഫോൻസ് പുത്രന്റേതായി എത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് ഏറെയും റിവ്യൂകൾ വ്യക്തമാക്കിയത്. ചിത്രത്തിന് ലഭിച്ച നെഗറ്റീവ് റിവ്യൂകളിൽ പ്രതികരിച്ച് അൽഫോൻസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ തനിക്ക് നേരെയുയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് വീണ്ടും സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നിങ്ങൾ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോൾഡ് എന്ന സിനിമയെയുംക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണെങ്കിൽ അത് നിങ്ങൾക്ക് നല്ലതായിരിക്കാം. എനിക്കല്ല. അതിനാൽ ഇന്റർനെറ്റിൽ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുകയാണ്. ഞാൻ നിങ്ങളുടെ അടിമയല്ല. എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ ആർക്കും അവകാശം നൽകിയിട്ടില്ല. അതിനാൽ നിങ്ങൾക്ക് വേണമെങ്കിൽ മാത്രം എന്റെ സൃഷ്ടികൾ കാണുക.
പിന്നെ എന്റെ പേജിൽ വന്ന് നിങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, ഞാൻ ഇന്റർനെറ്റിൽ നിന്ന് അദൃശ്യനാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ എന്നോടും എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ഞാൻ വീണപ്പോൾ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴില്ല. അത് സംഭവിച്ചുപോകുന്നതാണ്. അതുതന്നെ എന്നെ സംരക്ഷിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |