SignIn
Kerala Kaumudi Online
Friday, 20 September 2024 7.45 PM IST

വിവാദങ്ങളില്ലാതെ നയപ്രഖ്യാപനം

Increase Font Size Decrease Font Size Print Page

photo

സർക്കാരും ഗവർണറും തമ്മിലുള്ള ശീതസമരത്തിൽ നിയമസഭയിൽ വർഷാദ്യസമ്മേളനത്തിൽ നടക്കേണ്ട പതിവു നയപ്രഖ്യാപന പ്രസംഗം ഇക്കുറി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് അഭ്യൂഹങ്ങൾ പരന്നതെങ്കിലും അതുണ്ടായില്ല. തിങ്കളാഴ്ച ആരംഭിച്ച നിയമസഭയുടെ ബഡ്‌ജറ്റ് സമ്മേളനത്തിൽ സർക്കാരിന്റെ നയസമീപനങ്ങൾ വ്യക്തമാക്കുന്ന നയപ്രഖ്യാപന പ്രസംഗം ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ വെടിപ്പായിത്തന്നെ വായിച്ചു. സർക്കാർ തയ്യാറാക്കിക്കൊടുത്ത പ്രസംഗത്തിൽ ഒരു വാക്കുപോലും വിട്ടുകളഞ്ഞില്ല. കേന്ദ്ര സർക്കാരിന്റെ ചില നയങ്ങളെ വിമർശിക്കുന്ന ഭാഗങ്ങൾ ഈർഷ്യയോ പരിഭവമോ ഇല്ലാതെതന്നെ അദ്ദേഹം വായിച്ചു. നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇനിയൊരു ഏറ്റുമുട്ടൽ വേണ്ടെന്ന് ഗവർണർ കരുതിയിട്ടുണ്ടാവും. എന്തുകൊണ്ടും ഏറ്റവും ഉചിതമായ നിലപാടു തന്നെയാണത്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുമായി സദാ ഇടഞ്ഞുനില്‌ക്കുന്ന ഭരണത്തലവന്റെ ചിത്രം ഏതുനിലയിൽ നോക്കിയാലും ജനാധിപത്യ സംവിധാനത്തിനു ഇണങ്ങുന്നതല്ല.

സാധാരണ രണ്ടോ അതിലധികമോ മണിക്കൂറുകൾ നീണ്ടുനില്ക്കുന്ന നയപ്രഖ്യാപനം വായിച്ച് ഗവർണർമാരും സഭാംഗങ്ങളും ഒരുപോലെ അവശരാകുന്നതാണ് പതിവ്. ഇക്കുറി ഏതായാലും കാര്യമാത്രപ്രസക്തമായിരുന്നു നയപ്രഖ്യാപനപ്രസംഗം. പ്രസംഗം പൂർത്തിയാക്കാൻ ഒന്നേകാൽ മണിക്കൂറേ വേണ്ടിവന്നുള്ളൂ. അതും നല്ലൊരു മാതൃകയായി. അടുത്ത ഒരുവർഷം സർക്കാർ ചെയ്യാനുദ്ദേശിക്കുന്ന നയപരിപാടികളുടെ ഹ്രസ്വമായൊരു ചിത്രമേ പ്രസംഗം ഉൾക്കൊള്ളുന്നുള്ളൂ. നടപ്പുവർഷത്തിൽ പൂർത്തിയാക്കാൻ സാധിച്ച പദ്ധതികളുടെ വിവരങ്ങളും കൂട്ടത്തിലുണ്ട്. ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിലാകും എല്ലാം വിശദമായി പ്രതിപാദിക്കാൻ പോകുന്നത്. ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബഡ്‌ജറ്റിനുശേഷം മൂന്നാം തീയതി വരുന്ന സംസ്ഥാന ബഡ്‌ജറ്റും ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിൽ കേരളം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന അവകാശവാദത്തെ സാധൂകരിക്കുന്ന കണക്കുകൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജനം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം, വ്യവസായവളർച്ച തുടങ്ങി നിരവധി മേഖലകളിൽ നല്ല മുന്നേറ്റമുണ്ടാക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞു. നീതിആയോഗും അംഗീകരിച്ച കാര്യമാണിത്. അതീവ ദുർബലവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നിരവധി പദ്ധതികളും പരിപാടികളും ആവിഷ്കരിച്ചു നടപ്പാക്കിവരികയാണ്. രാജ്യത്ത് അതിദരിദ്ര‌ർ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. വികസനം എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നു എന്നതിന്റെ തെളിവാണിത്. ദുർബലവിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളുടെ ഉന്നമനത്തിനായി കുടുംബശ്രീവഴിയും തദ്ദേശസ്ഥാപനങ്ങൾ വഴിയും നടപ്പാക്കിവരുന്ന പദ്ധതികൾ മാതൃകാപരമാണെന്ന് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. ഇതോടൊപ്പം തന്നെ ഭവനരഹിതർക്കുള്ള ഭവനനിർമ്മാണ പദ്ധതി ഇനിയും വേഗവും കരുത്തും ആർജ്ജിക്കേണ്ടതുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഇടതു സർക്കാർ 2016-ൽ അധികാരത്തിൽ കയറിയ കാലത്ത് അഞ്ചുലക്ഷം കുടുംബങ്ങൾക്ക് വീടുവച്ചു നല്‌കുമെന്നാണ് വാഗ്ദാനം നല്‌കിയിരുന്നത്. ഇതുവരെ 3,22,922 വീടുകളേ പൂർത്തീകരിക്കാൻ കഴിഞ്ഞുള്ളൂ. പഴയ ലക്ഷ്യം തന്നെ പൂർത്തീകരിക്കാൻ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്.

സർക്കാരിൽ നിന്നുള്ള വിവിധ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങൾക്കു ലഭ്യമാക്കാൻ വേണ്ടി ആരംഭിച്ച ഡിജിറ്റൽ പ്ളാറ്റ്‌ഫോമുകൾ ഒരു പരിധി വരെയേ കാര്യക്ഷമമായി പ്രവർത്തിക്കുന്നുള്ളൂ. തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ ഓഫീസുകൾ, മോട്ടോർ വാഹന വകുപ്പ് രജിസ്ട്രേഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് സേവനങ്ങൾ ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം പഴയപടി തുടരുകയാണ്. തദ്ദേശ സ്ഥാപനങ്ങൾക്കായുള്ള കെ - സ്‌മാർട്ട് ആപ്ളിക്കേഷൻ ഈ വരുന്ന ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കുമെന്ന് നയപ്രഖ്യാപനപ്രസംഗത്തിലെ പ്രഖ്യാപനം പ്രത്യാശ നൽകുന്നതാണ്.

അഞ്ചുവർഷം കൊണ്ട് ഇരുപതുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോളജ് ഇക്കോണമി മിഷൻ ആരംഭിച്ചത്. യുവജനങ്ങളുടെ തൊഴിൽ ക്ഷമതയിൽ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണ്.

വ്യവസായ വളർച്ചയിലൂടെ മാത്രമേ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവൂ. കഴിഞ്ഞ പത്തുമാസത്തിനിടെ ഒരുലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങാനായത് വലിയ നേട്ടം തന്നെയാണ്. നിയമങ്ങളും നടപടിക്രമങ്ങളും ലഘൂകരിച്ച് വ്യവസായാന്തരീക്ഷം മെച്ചപ്പെടുത്താൻ പ്രത്യേക ശ്രമങ്ങൾ നടത്തുന്നതും സ്വാഗതാർഹം തന്നെ. സ്‌ത്രീശാക്തീകരണത്തിൽ കുടുംബശ്രീ പ്രസ്ഥാനം രാജ്യത്തിനാകെ മാതൃകയായി വളർന്നുകഴിഞ്ഞു. രജതജൂബിലി ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഏറ്റവും വലിയ ഈ വനിതാ കൂട്ടായ്മ.

സമീപകാലത്ത് കേന്ദ്രം കൈക്കൊണ്ട ചില വിവാദ നയസമീപനങ്ങൾ ഗവർണറുടെ പ്രസംഗത്തിൽ പരാമർശിച്ചുപോകുന്നതേയുള്ളൂ. സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെടുന്ന വിഷയങ്ങളിലും കേന്ദ്ര ഇടപെടലുണ്ടാകുന്നു എന്നാണ് പരാമർശം. ഏതായാലും കടുത്ത വാക്കുകൾ കൊണ്ട് ഗവർണറെ അസ്വസ്ഥനാക്കാൻ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കിയവർ ഒരുമ്പെട്ടില്ല. അതുകൊണ്ടുതന്നെയാവാം ബഹളങ്ങളൊന്നുമില്ലാതെ കടമ പൂർത്തിയാക്കി സഭയിൽനിന്നു മടങ്ങാൻ ഗവർണർക്ക് അവസരവും ലഭിച്ചു.

അടുത്ത സാമ്പത്തിക വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന നിരവധി പദ്ധതികളെക്കുറിച്ചുള്ള സൂചനകൾ പ്രസംഗത്തിലുണ്ട്. കാർഷികോത്‌പന്നങ്ങളുടെ മൂല്യവർദ്ധിത സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള കാർഷിക മിഷൻ, അഗ്രിബിസിനസ് കമ്പനി, വാതിൽപ്പടി വെറ്ററിനറി സേവനങ്ങൾ, സമഗ്രമായ സഹകരണ ഭേദഗതി നിയമം, സഹകരണ ബാങ്കുകൾക്കായി ഏകീകൃത സോഫ്‌റ്റ്‌വെയർ, തീരദേശ പുനരധിവാസം, പാഠ്യപദ്ധതി പരിഷ്കരണം, ഇംഗ്ളീഷ് പഠനത്തിന് പ്രത്യേക ഉൗന്നൽ, ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിപുലീകരണം, വയോജനങ്ങൾക്കായി പ്രത്യേക പദ്ധതികൾ, ആദിവാസി ഉൗരുകളിൽ അടിസ്ഥാനസൗകര്യ വികസനം, തൊഴിലുറപ്പു പദ്ധതി വിഹിതം ഉയർത്തൽ, ജലാശയ സംരക്ഷണം തുടങ്ങി ധാരാളം പദ്ധതികളാണ് ഗവർണറുടെ പ്രസംഗത്തിൽ മുന്നോട്ടുവച്ചിരിക്കുന്നത്.

നേട്ടങ്ങൾ നിലനിറുത്താൻ കഴിയുന്നതിനൊപ്പം അടിസ്ഥാന സൗകര്യവികസനത്തിൽ പുതിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനും ഏകോപിതമായ യത്നങ്ങളുണ്ടാകണം. ഉപേക്ഷിക്കപ്പെട്ടെന്ന് പൊതുവേ കരുതിയ സിൽവർ ലൈനിനെപ്പറ്റി നയപ്രഖ്യാപന പ്രസംഗത്തിൽ പരമാർശമുണ്ട്. സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെട്ടുവരുന്ന ഏതാനും പുതിയ റെയിൽ പദ്ധതികൾ അംഗീകരിച്ചെടുക്കാനുള്ള കൂട്ടായ ശ്രമങ്ങളാണു വേണ്ടത്. ഒറ്റക്കെട്ടായി നിന്ന് അവ നേടിയെടുക്കാൻ രാഷ്ട്രീയം തടസമാകരുത്. ചേരിതിരിവും വിഭാഗീയതയുമാണ് സംസ്ഥാനത്തെ വളർച്ചാമുരടിപ്പിന്റെ കാരണങ്ങളിലൊന്ന്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLICY ANNOUNCEMENT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.