കൊച്ചി: ലിത്വാനിയൻ വിസയ്ക്കായി നൽകിയ ഒന്നര ലക്ഷം രൂപ തിരികെ നൽകാത്തതിന്റെ വൈരാഗ്യത്തിൽ വിദേശ റിക്രൂട്ടിംഗ് ഏജൻസി ജീവനക്കാരിയെ യുവാവ് കുത്തിവീഴ്ത്തി. സ്ഥാപന ഉടമയെ ലക്ഷ്യമിട്ടെത്തിയതായിരുന്നു ഇയാൾ.
എറണാകുളം രവിപുരം റൈസ് ട്രാവൽസിലെ ജീവനക്കാരി ഇടുക്കി തൊടുപുഴ സ്വദേശി സൂര്യ (25) യാണ് ആക്രമണത്തിന് ഇരയായത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ സൂര്യ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. അക്രമി പള്ളുരുത്തി പെരുമ്പടപ്പ് ചക്കനാട്ട് പറമ്പിൽ ജോളി ജെയ്‌സണെ (46) അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. സ്ഥാപനയുടമ ആലുവ തായിക്കാട്ടുകര സ്വദേശി മുഹമ്മദ് അലി ഈസമയം ഓഫീസിലുണ്ടായിരുന്നില്ല. അഞ്ചു വർഷം മുമ്പാണ് ജോളി റൈസ് ട്രാവൽസിൽ വിസയ്ക്കായി പണം നൽകിയത്. കൊവിഡിന്റെ പേരിൽ വിസ വൈകി. ലോക്‌ഡൗണിനുശേഷവും വിസ ലഭിക്കാത്തതിനെ തുടർന്ന് പലവട്ടം പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ലത്രെ. ഇതിന്റെ വൈരാഗ്യത്തിലാണ് അരയിൽ കത്തി ഒളിപ്പിച്ച് സ്ഥാപനത്തിലെത്തിയത്. പണം ആവശ്യപ്പെട്ടുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു.
കുത്തേറ്റ സൂര്യ തൊട്ടുമുന്നിലെ ഹോട്ടലിലേക്ക് ഓടിക്കയറി. നാടോടി സ്ത്രീകൾ തമ്മിലുണ്ടായ അടിപിടിയിൽ പരിക്കേറ്റതാണെന്നാണ് ഹോട്ടൽ ജീവനക്കാർ ആദ്യം കരുതിയത്. ഇതുവഴിപോയ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സംഭവം ശ്രദ്ധിച്ചതാണ് യുവതിക്ക് രക്ഷയായത്. പൊലീസ് ജീപ്പിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചശേഷം പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ജോളിയെ ഹോട്ടൽജീവനക്കാരും നാട്ടുകാരും ചേർന്ന് പൊലീസിന് കൈമാറുകയായിരുന്നു.
മൂന്നു മാസം മുമ്പാണ് സൂര്യ റൈസ് ട്രാവൽസിൽ ജോലിക്കെത്തിയത്. പാലാരിവട്ടത്താണ് താമസം. സംസാരിക്കാൻ സാധിക്കാത്തതിനാൽ മൊഴിയെടുത്തിട്ടില്ല.
ജോളിക്ക് പണം നൽകാനില്ലെന്നും വിസ വന്നിട്ടും ഇയാൾ പോകാതിരുന്നതാണെന്നും റൈസ് ഉടമ മുഹമ്മദ് അലി പൊലീസിന് മൊഴിനൽകി. സ്ഥാപനം ലൈസൻസോടെയാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.