തൃശൂർ: പോളണ്ടിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ- സന്ധ്യ ദമ്പതികളുടെ മകനാണ്. ജോർജിയൻ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെ കുത്തേൽക്കുകയായിരുന്നു. നാല് മലയാളികൾക്കും പരിക്കേറ്റു.
പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു സൂരജ്. അഞ്ചുമാസം മുൻപായിരുന്നു പോളണ്ടിലേയ്ക്ക് പോയത്. മൂന്നുദിവസത്തിനിടെ രണ്ടാമത്തെ മലയാളിയാണ് പോളണ്ടിൽ കൊല്ലപ്പെടുന്നത്. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ഐ എൻ സി ബാങ്ക് ജീവനക്കാരനായിരുന്നു.
24ന് ഉച്ചവരെ ഷെരീഫ് വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണിൽ ലഭ്യമാകാത്തതിനെ തുടർന്ന് ഷെരീഫിന്റെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. സുഹൃത്തുക്കളും ബാങ്ക് മാനേജരും സ്ഥലത്തെത്തിയപ്പോൾ അവിടെ ഇബ്രാഹിം ഷെരീഫ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ മാത്രമാണുണ്ടായിരുന്നത്. പിന്നീട് മലയാളി അസോസിയേഷൻ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.വീട്ടുടമസ്ഥനായ എമിലാണ് കൊലപാതകം നടത്തിയതെന്ന് പോളണ്ട് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ. വി കെ. ശ്രീകണ്ഠൻ എം പി പോളണ്ടിലെ ഇന്ത്യൻ എംബസിക്ക് കത്തയച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിച്ച് ഇബ്രാഹിം ഷെരീഫിന്റെ കുടുംബം മുഖ്യമന്ത്രിക്കും കത്തയച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |