ചേർത്തല: സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിശപ്പുരഹിത ചേർത്തല പദ്ധതി അഞ്ചാണ്ട് പിന്നിട്ടു. ചേർത്തല നഗരത്തിലെയും തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെയും അവശരും ആലംബഹീനരുമായവർക്ക് ഉച്ചഭക്ഷണം വീടുകളിൽ സൗജന്യമായി ദിവസവും എത്തിക്കുന്നതാണ് പദ്ധതി.
വാർഷികാഘോഷം മന്ത്റി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. അവശരേയും ദുരിതബാധിതരേയും ചേർത്തുപിടിക്കുന്നതാകണം രാഷ്ട്രീയ പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണ സ്പോൺസർഷിപ്പ് മന്ത്റി പി.പ്രസാദ് ഏറ്റുവാങ്ങി. വിശപ്പടക്കാൻ പ്രയാസപ്പെടുന്നവർക്ക് അഞ്ച് വർഷമായി എല്ലാദിവസവും ഭക്ഷണം സൗജന്യമായി എത്തിക്കുന്ന സാന്ത്വനം പ്രവർത്തകരെ നമിക്കുന്നുയെന്നും സാദ്ധ്യമായ എല്ലാ സഹായവും പദ്ധതിക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. സാന്ത്വനം പ്രസിഡന്റ് കെ.രാജപ്പൻ നായർ അദ്ധ്യക്ഷനായി. സൊസൈറ്റിയുടെ പുതിയ സംരംഭമായ ഹോം നഴ്സിംഗ് സർവീസ് പ്രവർത്തകർക്ക് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് തിരിച്ചറിയൽ കാർഡ് വിതരണംചെയ്തു. കൂടുതൽ സ്പോൺസർഷിപ്പ് സമാഹരിച്ച് നൽകിയ തൈക്കാട്ടുശേരിയിലെ അഷറഫിനെ ദലീമ ജോജോ എം.എൽ.എ അനുമോദിച്ചു.
മനു സി.പുളിക്കൽ, എൻ.ആർ.ബാബുരാജ്, ഷേർളി ഭാർഗവൻ, പി.എം .പ്രമോദ്, പി.ജി.മുരളീധരൻ, കെ. പി.പ്രതാപൻ, സി.എൻ.ബാബു, എം.പ്രവീൺ, വി.എൻ.ബാബു എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി ബി.വിനോദ് സ്വാഗതവും ട്രഷറർ പി.ഷാജിമോഹൻ നന്ദിയുംപറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |