കോട്ടയം: സ്വർണ വില കുതിക്കുമ്പോൾ പഴയതിന്റെ വില്പനയും വർദ്ധിക്കുന്നു. വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്നത് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധിയും വില്പനയ്ക്ക് കാരണമാകുന്നുണ്ട്.
ഒരു പവന് പണിക്കൂലിയടക്കം അമ്പതിനായിരം രൂപയോളമാകുമ്പോൾ പഴയതിന് പവന് നാൽപ്പതിനായിരത്തിന് മുകളിൽ കിട്ടും. രണ്ട് വർഷം മുമ്പ് വാങ്ങിയ സ്വർണം പോലും ലാഭത്തിന് വിൽക്കാം. സുരക്ഷിത സമ്പാദ്യമായി സൂക്ഷിച്ചിരുന്നവരും സ്വർണം വിൽക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പഴയ സ്വർണവുമായി വില്പന ശാലകളിലേക്ക് എത്തുന്നവരും ധാരാളമുണ്ട്. പണമുള്ളതിന്റെ പലിശ അടയ്ക്കുന്നതിന്റെ ബാദ്ധ്യത മറികടക്കാൻ സ്വർണം വിൽക്കുന്നവരുമേറെ.
പണിക്കൂലി കുറയും
നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില 42120 രൂപയാണെങ്കിലും അത്രയും അളവിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ അമ്പതിനായിരം രൂപയ്ക്കു മുകളിലാകും. വിലയുടെ എട്ടു മുതൽ 35 ശതമാനം വരെയാണ് പണിക്കൂലി. ആന്റ്വിക്, ട്രെൻഡി ഡിസൈനുകൾക്കാണ് പണിക്കൂലി 30 ശതമാനത്തിനു മുകളിൽ വരിക. സ്വർണം വിൽക്കാനെത്തുമ്പോൾ അതതു ദിവസത്തെ വിലയാണ് നൽകുക. എന്നാൽ അളവിൽ നിശ്ചിത ശതമാനം കുറയ്‌ക്കും. ഒന്നു മുതൽ അഞ്ചു ശതമാനം വരെ കുറയ്ക്കുന്നവരുണ്ട്. 22 കാരറ്റ് ശുദ്ധതയുള്ളവയ്ക്കു മികച്ച വില ലഭിക്കും.
വിൽക്കാൻ കാരണം
അടിയന്തര പ്രതിസന്ധി നേരിടാൻ ഉയർന്ന തുക കിട്ടും
പണയം വയ്‌ക്കുമ്പോൾ ഉയർന്ന പലിശ
കൊവിഡിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി
വിൽക്കാനെത്തുന്നവരുടെ വർദ്ധനവ്- 30 %
'രണ്ട് മാസത്തിനുള്ളിൽ പഴയ സ്വർണാഭരണങ്ങൾ വിൽക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വില ഉയർന്നതും സാമ്പത്തിക പ്രതിസന്ധിയുമാണ് വില്പനയ്ക്ക് പ്രേരിപ്പിക്കുന്നത്".
- അരുൺ മാർക്കോസ്, വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |