ചെന്നൈ: തന്റെ ചിത്രങ്ങളും ശബ്ദവും ദുരുപയോഗം ചെയ്യുന്നതിനെതിരെ നടൻ രജനീകാന്ത്. അനുമതിയില്ലാതെ രജനീകാന്തിന്റെ പേര്,ചിത്രങ്ങൾ, ശബ്ദം, കാരിക്കേച്ചർ തുടങ്ങിയവ ഉപയോഗിക്കുന്ന മാദ്ധ്യമങ്ങൾ, സമൂഹ മാദ്ധ്യമങ്ങൾ, ഉത്പന്ന നിർമ്മാതാക്കൾ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. നടന്റെ പേര്, ചിത്രം, ശബ്ദം അല്ലെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും അനുമതിയില്ലാതെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ വ്യക്തിത്വ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ സിവിൽ, ക്രമിനൽ നടപടിയെടുക്കുമെന്ന് രജനീകാന്തിന്റെ അഭിഭാഷകൻ എസ്. ഇളംഭാരതി അറിയിച്ചു.
പല ഉത്പന്നങ്ങളിലും അനുമതിയില്ലാതെ അദ്ദേഹത്തിന്റെ ചിത്രങ്ങളും ശബ്‌ദവും ഉപയോഗിക്കുന്നു. ഇത്തരം പ്രവൃത്തികൾ വഞ്ചനയാണ്. നടനെന്ന നിലയിലും വ്യക്തിപ്രഭാവത്താലും നേടിയെടുത്ത സ്ഥാനത്തെ അദ്ദേഹത്തിന്റെ അറിവില്ലാതെ വാണിജ്യപരമായി ചൂഷണം ചെയ്യാനാകില്ല. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള അദ്ദേഹത്തിന് വ്യക്തിപരമായി കോട്ടം സംഭവിക്കുന്ന കാര്യങ്ങളാണിവ. അതുകൊണ്ട് അങ്ങനെയുള്ള നീക്കങ്ങൾക്കെതിരെ കർശ്ശന നടപടികളുണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. മുമ്പ് അമിതാഭ് ബച്ചനും ഇതേ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. വ്യക്തി എന്ന നിലയിൽ തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങളോ ശബ്ദമോ അനുമതി കൂടാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |