SignIn
Kerala Kaumudi Online
Saturday, 27 April 2024 1.08 AM IST

തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ? വളർന്നു വരുന്ന യുവ വനിതാ നേതാവിനെ വേട്ടയാടുകയാണ്, ചിന്തയ്ക്ക് പിന്തുണയുമായി ഇ പി ജയരാജൻ

chintha-

കണ്ണൂർ : വാഴക്കുല എന്ന കാലാതീത കവിതയുടെ രചയിതാവിനെ തെറ്റിച്ചെഴുതി, ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും അപമാനിച്ചെന്ന ആക്ഷേപം കേൾക്കുന്ന യുവജനകമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് പരസ്യ പിന്തുണയുമായി എൽ ഡി എഫ് കൺവീനറും, മുതിർന്ന സി പി എം നേതാവുമായ ഇ പി ജയരാജൻ. വളർന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ സ്ഥാപിത ലക്ഷ്യങ്ങൾ വച്ചുകൊണ്ട് വേട്ടയാടുകയാണെന്നും യുവജന കമ്മീഷൻ ചെയർപേഴ്സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങൾ തീരുമാനിക്കുന്നതും ചിന്തയല്ലെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു. യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവർത്തനങ്ങൾ കണ്ട് അസഹിഷ്ണുക്കളായ ആളുകൾ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. വളർന്നുവരുന്ന നേതൃത്വത്തെ മാനസികമായി തളർത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോൺഗ്രസ് അജണ്ടയാണെന്നും ഇ പി ജയരാജൻ ആരോപിക്കുന്നു.

തെറ്റുകൾ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരിൽ. ഒരുപാട് ശരികൾ ചെയ്യുന്നതിനിടയിൽ അറിയാതെ ചില പിഴവുകൾ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോയെന്നും കവിയുടെ പേരിൽ ചിന്തയ്ക്കുണ്ടായ പിഴവിനെ ഇ പി ന്യായീകരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വളര്‍ന്നു വരുന്ന ഒരു യുവ വനിതാ നേതാവിനെ, ഒരു മഹിളാ നേതാവിനെ മന:പൂര്‍വ്വം സ്ഥാപിത ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് വേട്ടയാടുകയാണ്. അതിന്റെ ഭാഗമായി പലതരത്തിലുള്ള ആക്ഷേപങ്ങളും ഉയര്‍ത്തിവിടുകയാണ്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണിന്റെ ശമ്പളം നിശ്ചയിക്കുന്നതും ആനുകൂല്യങ്ങള്‍ തീരുമാനിക്കുന്നതും ചിന്തയല്ല. അത് ഗവണ്‍മെന്റിന്റെ പൊതുനയത്തിന്റെ ഭാഗമായാണ്. അതിന്റെ പേരില്‍ ചിന്തയെ വേട്ടയാടാന്‍ പലരും രംഗത്ത് ഇറങ്ങി.

യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്. ഈ വേട്ടയാടലിന്റെ ഭാഗമായാണ് ഒരോ കാര്യങ്ങളും തേടിപ്പിടിക്കുന്നതും വസ്തുതകള്‍ അന്യേഷിക്കാതെയുള്ള നീക്കങ്ങള്‍ നടത്തുന്നതും. ഇത്തരം നീചമായ പ്രവര്‍ത്തനങ്ങളിലൂടെ, നിരന്തര വേട്ടയാടലിലൂടെ, വിദ്യാര്‍ത്ഥി രംഗത്തും യുവജനരംഗത്തും ശക്തമായ സാന്നിദ്ധ്യമായി വളര്‍ന്നു വരുന്ന ഒരു മഹിളാനേതാവിനെ തളര്‍ത്തിക്കളയാമെന്നും തകര്‍ത്ത് കളയാമെന്നും ആരും വ്യാമോഹിക്കണ്ട.

വളര്‍ന്നുവരുന്ന നേതൃത്വത്തെ മാനസീകമായി തളര്‍ത്തി ഇല്ലാതാക്കി കളയാമെന്നത് ഒരു കോണ്‍ഗ്രസ് അജണ്ടയാണ്. സിപിഐഎമ്മിന്റെ ഭാഗമായി നേതൃനിരയിലേക്ക് വളര്‍ന്നു വരുന്ന ആളുകളെ ഒരോരുത്തരേയും തെരെഞ്ഞുപിടിച്ച് അക്രമിക്കുക, അതിലൂടെ അവരുടെ രാഷ്ട്രീയപരമായ വളര്‍ച്ചയെ തടയുക എന്നതൊക്കെ ഈ അജണ്ടയില്‍ വരും. ഇത് അങ്ങേയറ്റം അപലപനീയമാണ്. തെറ്റുകള്‍ വന്നുചേരാത്തവരായി ആരുമില്ല മനുഷ്യരില്‍. ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം. അതെല്ലാം മനുഷ്യസഹജമാണ്. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റുപറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?. ഇത്തരത്തിലുള്ള കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കാതെ അതിനെ ഉപയോഗിച്ച് അവരെ ആക്രമിക്കുക എന്നതാണ് ചിന്തക്ക് നേരെ നടക്കുന്നത്. ഒരോന്നിനെ കുറിച്ചും നിരീക്ഷണം നടത്താനും പരിശോധനകള്‍ നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ വിശകലനം ചെയ്യാനും എല്ലാം അതോറിറ്റികള്‍ ഈ രാജ്യത്തുണ്ട്. അങ്ങിനെയാണ് കാര്യങ്ങളില്‍ നിഗമനത്തിലെത്തുന്നത്. അതെല്ലാം അവര്‍ ചെയ്യട്ടെ. അതിനാല്‍ ഇത്തരം വ്യക്തിഹത്യയിലൂടെ നേതൃപദവിയിലേക്ക് വളര്‍ന്നുവരുന്നവരെ ദുര്‍ബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കപ്പെടേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, E P JAYARAJAN, CHINTHA, EP, VAZHAKKULA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.