SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

അധിക പി.എഫ് പെൻഷൻ തിരിച്ചു പിടിക്കൽ: പ്രതിഷേധം ശക്തം

Increase Font Size Decrease Font Size Print Page
pf-pension

തിരുവനന്തപുരം:2014ന് മുമ്പ് വിരമിച്ചവരിൽ ഓപ്ഷൻ നൽകാതെ ഉയർന്ന പെൻഷൻ

സ്വീകരിച്ചവരിൽ നിന്ന് അധിക തുക തിരിച്ചുപിടിക്കാനുള്ള പി.എഫ്.അധികൃതരുടെ നീക്കത്തിൽ പ്രതിഷേധം ശക്തം.

2022 നവംബർ അഞ്ചിലെ സുപ്രീംകോടതി വിധി യഥേഷ്ടം വ്യാഖ്യാനിച്ച് ഇപിഎഫ്ഒ ജനുവരി 25ന് ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൻഷൻ സംഘടനകളടക്കം രണ്ടു ദിവസത്തിനുള്ളിൽ സുപ്രീംകോടതിയെ സമീപിക്കും. വിധിയിലെ ചില ഭാഗങ്ങളിൽ അവ്യക്തതയുണ്ടെന്നും ,ഇതാണ് ഇപിഎഫ്ഒ ഉപയോഗിക്കുന്നതെന്നും കോടതിയെ ബോധ്യപ്പെടുത്തും. നിയമ യുദ്ധത്തോടൊപ്പം പ്രത്യക്ഷ സമരത്തിനും പെൻഷൻകാർ ഒരുങ്ങുന്നുണ്ട്.അധിക തുക തിരിച്ചുപിടിക്കാനുള്ള മേഖലാ ഓഫീസുകളുടെ സർക്കുലർ പത്രപരസ്യമായി വന്നു. കേരളത്തിൽ പ്രതിമാസം 20,000 മുതൽ 40,000 രൂപ വരെ ഉയർന്ന പെൻഷൻ വാങ്ങിയവരുണ്ട്. വിജ്ഞാപന പ്രകാരം ലക്ഷക്കണക്കിനു രൂപ പലരും അടയ്‌ക്കേണ്ടി വരും.

അതേസമയം, തുക തിരിച്ചുപിടിക്കാൻ ശുഷ്‌കാന്തി കാണിക്കുന്ന ഇ.പി.എഫ്.ഒ, 2014നു ശേഷം വിരമിച്ചവരുടെ കാര്യം മിണ്ടുന്നില്ല. ഇങ്ങനെ വിരമിച്ചവർക്കും സർവീസിൽ ഉള്ളവർക്കും കൂടിയ പെൻഷന് അപേക്ഷിക്കാൻ നാലു മാസം നൽകണമെന്ന് സുപ്രീംകോടതി വിധിയിൽ കൃത്യമായി പറയുന്നുണ്ട്. ഇതനുസരിച്ച് മാർച്ച് മൂന്നിന് അപേക്ഷിക്കാനുള്ള സമയം അവസാനിക്കും.

2014 സെപ്തംബർ ഒന്നിനു മുമ്പ് ഉയർന്ന ഓപ്ഷൻ നൽകാതെ വിരമിച്ചവരിൽനിന്ന് പെൻഷൻ തുക തിരിച്ചുപിടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പെൻഷൻകാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതും കോടതികളെ അപമാനിക്കുന്നതുമാണെന്ന് പിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ ഭാരവാഹികൾപറഞ്ഞു. ഒരിക്കൽ നൽകിയ ആനുകൂല്യം തിരിച്ചുപിടിക്കുന്നത് കോടതികൾ വിലക്കിയിട്ടുള്ളതാണ്.മാത്രമല്ല ഇ.പി.എഫിന്റെ തീരുമാനമനുസരിച്ചാണ് ഉയർന്ന പെൻഷൻ വാങ്ങിയത്. അതിന് ഉപാധികൾ വച്ചിരുന്നില്ല..

TAGS: PF PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY