തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഇന്നലെ മുഖ്യമന്ത്രിയെ സന്ദർശിച്ച് രാജിക്കത്ത് നൽകിയതായി അടൂർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിവാദങ്ങളെത്തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ സ്ഥാനം ശങ്കർ മോഹൻ രാജിവയ്ച്ചതിന് പിന്നാലെയാണ് അടൂരിന്റെ രാജി. ശങ്കർ മോഹനെ പിന്തുണച്ചുകൊണ്ടായിരുന്നു രാജിവിവരം അടൂർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. ശങ്കർ മോഹനോളം ചലച്ചിത്ര സംബന്ധമായ അറിവോ പ്രവർത്തനപരിചയമോ ഉള്ള ഒരു വ്യക്തി ഇന്ത്യയിലില്ല. അത്തരമൊരു പ്രമുഖനെ വിളിച്ചുവരുത്തി അപമാനിച്ച് പടിയിറക്കിവിട്ടുവെന്ന് അടൂർ ആരോപിച്ചു.
ദളിതരായ ശുചീകരണ തൊഴിലാളികളെ നിർബന്ധിച്ച് അടിമപ്പണി ചെയ്യിച്ചിരുന്നുവെന്ന ആരോപണം പച്ചക്കള്ളമാണെന്നും അവർ പട്ടികജാതിക്കാരല്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും തള്ളിയാണ് അടൂരിന്റെ രാജി പ്രഖ്യാപനം.
അടൂരിനെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമം നടത്തിയിരുന്നു. മുഖ്യമന്ത്രിയടക്കം അടൂരിനെ പിന്തുണച്ച് പിന്നാലെ രംഗത്തുവരികയും ചെയ്തു. എന്നാൽ ഇതിന് വഴങ്ങാതെയാണ് അടൂർ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |