ലണ്ടൻ : യു.കെയിൽ ശമ്പള വർദ്ധനവും മെച്ചപ്പെട്ട ജോലി സാഹചര്യവും ആവശ്യപ്പെട്ട് പണിമുടക്ക് സംഘടിപ്പിച്ച് 5,00,000 സ്കൂൾ - സർവകലാശാല അദ്ധ്യാപകരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും ട്രെയിൻ ഡ്രൈവർമാരും പണിമുടക്കിൽ പങ്കെടുത്തു. ഒരു ദശാബ്ദത്തിനിടെ വിവിധ മേഖലയിലുള്ള തൊഴിലാളികൾ ഒന്നായി നടത്തിയ ഏറ്റവും വലിയ പണിമുടക്കിനാണ് യു.കെ ഇന്നലെ സാക്ഷിയായത്. സ്കൂളുകൾ പ്രവർത്തനരഹിതമാകുകയും റെയിൽ സർവീസുകൾ താറുമാറാകുകയും ചെയ്തു. അതിർത്തികളിലെ പരിശോധനകൾക്ക് സൈനികർക്ക് രംഗത്തിറങ്ങേണ്ടി വന്നു. ഏകദേശം 300,000ത്തോളം അദ്ധ്യാപകരാണ് സമരത്തിന്റെ ഭാഗമായത്. 2011ന് ശേഷം ഇതാദ്യമായാണ് ഇത്രയധികം അദ്ധ്യാപകർ സമരത്തിന്റെ ഭാഗമാകുന്നത്. 120ലേറെ സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് 100,000ത്തോളം സിവിൽ സർവീസ് ഉദ്യോഗസ്ഥർ സമരത്തിന്റെ ഭാഗമായി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ 10 ശതമാനത്തിലേറെ നാണയപ്പെരുപ്പത്തിലൂടെയാണ് യു.കെ കടന്നുപോകുന്നത്. നാല് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിനിടെയാണ് ആരോഗ്യപ്രവർത്തകർ അടക്കം വ്യാപക സമരങ്ങളുമായി രംഗത്തെത്തിയത്. നിലവിലെ സാഹചര്യത്തിൽ യൂണിയനുകൾ ആവശ്യപ്പെടുന്നത്ര ശമ്പള വർദ്ധനവ് പ്രായോഗികമല്ലെന്നാണ് സർക്കാരിന്റെ നിലപാട്. സമരങ്ങൾ പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിലെ കൺസർവേറ്റീവ് സർക്കാരിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |