SignIn
Kerala Kaumudi Online
Wednesday, 29 March 2023 9.48 PM IST

 കിഫ്ബിക്ക് ഒരു ചരമഗീതം

kifbi


നാളെയാണ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേരള ബഡ്ജറ്റ് ധനമന്ത്രി കെ..എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ആസ്തി ബാധ്യതകളും ശരിയായ വരവ്‌ചെലവുകളും കണക്കാക്കി അടുത്ത ഒരുവർഷത്തേക്ക് ആസൂത്രണം ചെയ്യപ്പെടുന്ന സാമ്പത്തിക നയരേഖയാണ് സാധാരണനിലയ്ക്ക് ബഡ്ജറ്റ് എന്ന വാക്ക്‌ കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷമായി ഇടതുസർക്കാർ നിയമസഭയിൽ അവതരിപ്പിച്ചതു ബഡ്ജറ്റ് ആയിരുന്നില്ല.

കണക്കുകൊണ്ടുള്ള കസർത്തുകളും ഭാവനയിൽ സൃഷ്ടിച്ചെടുത്ത ചില പദ്ധതികളുമായിരുന്നു. ബഡ്ജറ്റ് ദിവസം വാർത്താമാധ്യമങ്ങളിൽ തലക്കെട്ടും സ്‌ക്രോളുകളും നൽകാമെന്നല്ലാതെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ പകുതിപോലും പൂർത്തിയാക്കാനായിട്ടില്ല. ഈ ബ‌ഡ്ജറ്റിലും അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.


എന്നാൽ ബഡ്ജറ്റിനു മുൻപുതന്നെ മന്ത്രി ബാലഗോപാൽ ചില സൂചനകൾ നൽകിയിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നികുതിവരുമാനം കൂട്ടുമെന്നാണ് മന്ത്രിയുടെ ഒരുപ്രഖ്യാപനം. അത് എന്തു മാന്ത്രിക വിദ്യയാണെന്നാണു പിടികിട്ടുന്നില്ല.

വെനീസിലെ കച്ചവടക്കാരൻ എന്ന ഷേക്സ്പിയർ നാടകത്തിലെ വില്ലൻ ഷൈലോക്കിനെയാണ് ധനമന്ത്രി അനുകരിക്കുന്നതെന്നു തോന്നിപ്പോകും. ഒരു തുള്ളി ചോര ചീന്താതെ തുടയിലെ മാംസം അറുത്തെടുക്കാൻ ഷൈലോക്കിനല്ലാതെ ആർക്കാണു കഴിയുക?
കഴിഞ്ഞ വർഷത്തെ ബ‌ഡ്ജറ്റ് പ്രഖ്യാപനത്തിനുശേഷം വെള്ളക്കരം, ബസ്ചാർജ്, പാൽവില എന്നിവയെല്ലാം വർധിപ്പിച്ചു. കഴിഞ്ഞദിവസം വൈദ്യുതിനിരക്കും കൂട്ടിയിരുന്നു. കെട്ടിടനികുതി നാലിരട്ടിവരെ ഉയർത്താനുള്ള തീരുമാനം വന്നു കഴിഞ്ഞു. ഭൂമിയുടെ ഉപയോഗത്തിനനുസരിച്ച് ഭൂനികുതി പുതുക്കാനുള്ള തീരുമാനവും സർക്കാർ എടുത്തു. ഭൂമിയുടെ ന്യായവില ഉയർത്തി, ആനുപാതികമായി രജിസ്‌ട്രേഷൻ ഫീസ്‌കൂട്ടുന്ന തന്ത്രവും വർഷങ്ങളായി ആവർത്തിക്കുന്നു. ഇതിൽ ഏതു വർധനയാണ് സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്തത്?

ഈ ബുദ്ധിമുട്ടുകൾക്കു പുറമേയാണ് നാളെ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ നികുതി നിർദേശങ്ങൾ.
എന്നാൽ ബാലഗോപാലിന്റെ രണ്ടാമത്തെ സൂചനയാണ് ഏറെ കുഴപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മുൻഗാമി ആയിരുന്ന ഡോ.തോമസ്‌ ഐസക്ക്‌ കേരളത്തിന്റെ കാമധേനു എന്നു വിശേഷിപ്പിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട്‌ ബോർഡ് (കിഫ്ബി) ഉപയോഗിച്ചുള്ള പദ്ധതികൾ ഇനിയുണ്ടാവില്ലെന്നാണു മന്ത്രിപറയുന്നത്.

ആരെന്തു പറഞ്ഞാലും കിഫ്ബി പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും കേരളത്തിന്റെ സുസ്ഥിരവികസനത്തിനു കിഫ്ബി വഴി മൂലധനം കണ്ടെത്തുമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറഞ്ഞിരുന്നത്.

ബഡ്ജറ്റിലെ കടമെടുപ്പിനു പുറമേ പുറത്തു നിന്ന് സർക്കാർ ഗ്യാരന്റിയിൽ കൊള്ളപ്പലിശയ്ക്കു പണംകടമെടുത്ത് ധൂർത്ത് നടത്തുന്ന ഏർപ്പാടാണു കിഫ്ബി നിർവഹിച്ചു പോന്നിരുന്നത്. അതിനുകണക്കില്ല, ഓഡിറ്റില്ല, സി എ ജി പരിശോധനയില്ല.

അടിമുടി അഴിമതിയിൽ മുങ്ങിയ കിഫ്ബിക്കു കേന്ദ്ര സർക്കാരും സിഎജിയും മൂക്കുകയറിട്ടതോടെയാണ് ഇപ്പോഴത്തെ പിന്മാറ്റം. കിഫ്ബി ഫണ്ടും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വരുമെന്ന കേന്ദ്രനിർദേശം കർശനമാക്കിയതാണു ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ കാമധേനുവിനെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യവർഷത്തിൽ ത്തന്നെ കശാപ്പ്‌ ചെയ്യാനുള്ള കാരണം.


അഞ്ച്വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കും എന്ന് അവകാശപ്പെട്ട കിഫ്ബിയിൽ ഇതുവരെ പൂർത്തികരിച്ചത് 6,201 കോടി രൂപയുടെ പ്രവൃത്തികളാണ്. പല ബ‌ഡ്ജറ്റ് പ്രഖ്യാപനങ്ങളിലൂടെ ഇത് 73,908 കോടിയായി. കിഫ്ബിയുടെ കൈയ്യിൽ ബാക്കിയുള്ളത് 3419.75 കോടി രൂപ മാത്രമാണ്. പ്രതിസന്ധിയെ തുടർന്ന് ഈ സാമ്പത്തിക വർഷം 11,000 കോടി കടം എടുക്കാൻ അനുമതി ആവശ്യപ്പെട്ട് കിഫ്ബി ധനവകുപ്പിനെ സമീപിച്ചിരുന്നു. കിഫ്ബിയുടെ ആവശ്യം ധനവകുപ്പ് കൈയ്യോടെ തള്ളി. കിഫ്ബിക്ക് വായ്പ എടുക്കാൻ അനുമതി നൽകിയാൽ സർക്കാരിന് കടമെടുക്കാൻ സാധിക്കാതെ വരും. അതോടെ ശമ്പളവും പെൻഷനും ഉൾപ്പെടെ മുടങ്ങുമെന്ന അവസ്ഥ സംജാതമാകുമായിരുന്നു.


സർക്കാർ ഗ്യാരന്റിയിൽ എടുക്കുന്ന വായ്പയാണ് കിഫ്ബിയുടേതെന്ന് പ്രതിപക്ഷം തുടക്കം മുതൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതുകടമെടുപ്പിന്റെ പരിധിയിൽ വരും. ആഗോള വിപണിയിൽ അഞ്ചുശതമാനത്തിലും താഴെ പലിശയ്ക്ക് വായ്പ കിട്ടുമെന്നിരിക്കെ പത്ത്ശതമാനം വരെ നൽകിയാണ് സർക്കാർ കിഫ്ബിക്കു വേണ്ടി മസാല ബോണ്ടുകൾ വാങ്ങിക്കൂട്ടിയത്. അതിനി എങ്ങനെ, ആര് തിരിച്ചടയ്ക്കും?


മോട്ടോർ വാഹന നികുതി ഇനത്തിൽ ലഭിക്കുന്ന തുകയും പെട്രോളിയം സെസും ഉൾപ്പെടെ സർക്കാർ ഖജനാവിലേക്ക് വരേണ്ട തുകയാണ് കിഫ്ബിയിലേക്ക് വക മാറ്റുന്നത്. 10,135.85 കോടി രൂപ ഈ ഇനത്തിൽ സർക്കാർ ഖജനാവിൽ നിന്ന് കിഫ്ബിക്ക് നൽകി. ഇതിന് പുറമേയാണ് 9.72 ശതമാനം കൊള്ളപ്പലിശയ്ക്ക് മസാലബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചത്. ഈ തുക ന്യൂജനറേഷൻ ബാങ്കിൽ കുറഞ്ഞ പലിശയ്ക്ക് നിക്ഷേപിച്ചതു വിവാദമായിരുന്നു. വായ്പയും സർക്കാർ സഹായവും ഉൾപ്പെടെ 23, 604 കോടി രൂപ കിഫ്ബി സമാഹരിച്ചു എന്നാണ് കണക്ക്. കിഫ്ബി ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ്‌ചെലവുകളും ഏറ്റെടുത്ത പ്രവൃത്തികളുടെ ബില്ലുകളും ഉൾപ്പെടെ ഇതുവരെ ചെലവായത് 20,184 കോടി രൂപ.

കോടിക്കണക്കിനു രൂപയാണ് കരാറുകാർക്കു കുടിശികയുള്ളത്. മിച്ചമുള്ള 3,420 കോടി കൊണ്ട് എങ്ങനെ അവശേഷിക്കുന്ന പദ്ധതികൾ പൂർത്തികരിക്കാൻ സാധിക്കും? കിഫ്ബിക്ക് സർക്കാർ തന്നെ ചരമഗീതം കുറിച്ചിരിക്കുന്നു എന്ന് വ്യക്തം.


നാലുലക്ഷം കോടി രൂപയാണ്‌ കേരളത്തിന്റെ പൊതുകടം. ജനിക്കാനിരിക്കുന്ന ഒരുകുഞ്ഞുപോലും 1.10 ലക്ഷം രൂപയുടെ കടത്തിലേക്കാണു പിറന്നുവീഴുന്നത്. വിവിധ മേഖലകളിൽ നിന്ന് 70,000 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. നികുതി പിരിവിലും ധനവിനിയോഗത്തിലും സമീപകാലത്തൊന്നുമില്ലാത്ത കെടുകാര്യസ്ഥതയും സാമ്പത്തിക കുറ്റകൃത്യങ്ങളുമാണ് നടക്കുന്നത്. ചരക്കു സേവന നികുതി (ജിഎസ്ടി) വരുമ്പോൾ 2530 ശതമാനം വരെ നികുതി വരുമാനം ഉയരുമെന്നായിരുന്നു മുൻ ധനമന്ത്രി ഡോ.തോമസ്‌ ഐസക്ക് തന്നെ സമ്മതിച്ചിരുന്നത്. എന്നാലിപ്പോൾ നികുതി വരുമാന വർധന നെഗറ്റീവ്‌ സോണിലാണ്. പരോക്ഷ നികുതി പിരിവിന് ഊർജം പകരേണ്ട ജിഎസ്ടി പിരിവ്‌ കേരളത്തിൽ മാത്രം നെഗറ്റീവ് വളർച്ച കാണിക്കാൻ കാരണം മോശപ്പെട്ട ധനമാനേജ്‌മെന്റും ഭരണപരാജയവുമാണ്.
201213 കാലത്ത് വാറ്റ്നികുതി നിലനിന്ന കാലത്ത് 24 ശതമാനംവരെ നികുതി വരുമാന വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ജിഎസ്ടിക്കു മുൻപ് ശരാശരി 13 ശതമാനം വരെ നികുതി വരുമാന വർധന ഉണ്ടായിരുന്നു. 201920ൽ നികുതി വരുമാന വർധന 4.9 ശതമാനമായി ഇടിഞ്ഞു. അതിനുതൊട്ടുമുൻപിലത്തെ സാമ്പത്തികവർഷം 20,316 കോടി രൂപയുടെ നികുതി പിരിച്ചെടുത്ത സ്ഥാനത്ത് 2020- 21ൽ 20,255 രൂപയായിരുന്നു വരുമാനം. 61 കോടിരൂപയുടെ കുറവ്.


നികുതി വരുമാനത്തിലെ കുറവ് സംസ്ഥാനത്തിന്റെ വികസന പദ്ധതികളെയാകെ തകിടം മറിച്ചു.2 2,322 കോടിരൂപയുടെ പദ്ധതി അടങ്കലാണ് കഴിഞ്ഞ വർഷത്തെ ബ‌ഡ്ജറ്റിൽ വകയിരുത്തിയത്. ചെലവാക്കിയത് 10,228 കോടിരൂപ. മൊത്തംവിഹിതത്തിന്റെ 46 ശതമാനം. 1600 കോടിരൂപയുടെ റീബിൽഡ്‌ കേരള പദ്ധതികൾക്കു ചെലവിട്ടത് വെറും 28 കോടിരൂപ മാത്രവും. കിടപ്പുരോഗികളുടെ ഹതഭാഗ്യരായ സംരക്ഷകർക്ക് ഏർപ്പെടുത്തിയിരുന്ന ആശ്വാസ കിരൺ പദ്ധതിപോലും പണമില്ലാതെമുടങ്ങി. തുടർച്ചയായ പ്രളയങ്ങളിൽ സർവവും നഷ്ടപ്പെട്ട കർഷകർക്ക് കടാശ്വാസ കമ്മിഷൻ ശുപാർശ ചെയ്ത 400 കോടി രൂപയുടെ ആശ്വാസവും വെളിച്ചം കണ്ടില്ല.


മരണക്കിടക്കയിലായ കിഫ്ബി വഴി നടപ്പാക്കുമന്ന് കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്ന നാലായിരത്തിൽപ്പരം കോടിരൂപയുടെ പദ്ധതികളും പതിരായി. തിരുവനന്തപുരം അങ്കമാലി എംസി റോഡ്, കൊല്ലം ചെങ്കോ ട്ടഹരിത ദേശീയപാത എന്നിവയ്ക്കു പ്രഖ്യാപിച്ച 1,500 കോടി, സർക്കാർ സർവലാശാലകളിൽ 100 കോടിചെലവിൽ 1,500 മുറികൾ, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ ഐടിപാർക്ക് നിർമിക്കുന്നതിനു ഭൂമി ഏറ്റെടുക്കാൻ ആയിരം കോടി തുടങ്ങി എത്രയെത്ര പദ്ധതികളാണ് ആവിയായിപ്പോയത്. കിഫ്ബി ഇല്ലാതാകുന്നതോടെ ഇത്തരത്തിലുള്ള കടലാസ് പദ്ധതികളും ഇല്ലാതാവും. ഒരുകാര്യം ഉറപ്പ്. ജനങ്ങളുടെ രക്തം ചിന്താതെ മാംസം മുറിച്ചെടുക്കാൻ കത്തിരാകുന്ന ധനമന്ത്രി ബാലഗോപാലിന്റെ പെട്ടി തികച്ചും കാലിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIFBI, BUDGET 2023
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.