സംഭവം റിസോർട്ടിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന വഴിയിൽ
വിഴിഞ്ഞം : ചൊവ്വര അടിമലത്തുറയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച അഞ്ചംഗസംഘം തടയാനെത്തിയ റിസോർട്ടിലെ ഷെഫിനെയും ക്രൂരമായി മർദ്ദിച്ചു. പ്രദേശത്തെ ടാക്‌സി ഡ്രൈവർ ആന്റണി കൂട്ടാളിയായ ജോൺസൺ കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർ എന്നിവർക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ ചൊവ്വരയിലെ സ്വകാര്യ റിസോർട്ടിന് മുന്നിലെ ബീച്ചിലേക്കുള്ള വഴിയിൽ വച്ച് യു.കെ സ്വദേശിക്ക് നേരെയാണ് അതിക്രമമുണ്ടായത്. തുടർന്ന് വിദേശവനിത റിസോർട്ട് അധികൃതർക്ക് പരാതി നൽകി. ബുധനാഴ്ച ഷെഫ് രാജ ഷെയ്ക്കും ഇന്നലെ റിസോർട്ട് മാനേജരും പ്രത്യേകം പരാതികൾ വിഴിഞ്ഞം പൊലീസിന് നൽകി. തുടക്കത്തിൽ മെല്ലപ്പോക്ക് സമീപനം സ്വീകരിച്ച പൊലീസ് സംഭവം വിവാദമായതോടെ ഡി.സി.പിയുടെ നിർദ്ദേശത്തിൽ ഇന്നലെ രാത്രി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി വിദേശവനിതയെ നേരിൽ കണ്ട് മൊഴിയെടുത്തു. രാത്രിയിൽ അഞ്ചംഗസംഘം വനിതയെ പിന്തുടർന്ന് പാതയുടെ ഇരുട്ടുള്ള ഭാഗത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് റിസോർട്ട് മാനേജർ നൽകിയ പരാതി. ഡ്യൂട്ടി കഴിഞ്ഞ് പോകാനിറങ്ങിയ ഷെഫ് സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തി വനിതയെ രക്ഷിക്കാൻ ശ്രമിച്ചു. മദ്യ ലഹരിയിലായിരുന്ന സംഘം ഇയാളുടെ മുഖത്തടിച്ച് കുഴിയിൽ ചവിട്ടി വീഴ്ത്തിയ ശേഷം രക്ഷപ്പെട്ടു. ഇതിനിടെ സംഭവം പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിയും മുഴക്കി. ഭയന്നുവിറച്ച വനിത റിസോർട്ടിന്റെ ഗേറ്റിനുള്ളിൽ കയറിയാണ് രക്ഷപ്പെട്ടത്. ദിവസങ്ങൾക്ക് മുൻപ് അച്ഛനെ എയർപോർട്ടിലേക്ക് കൊണ്ടുപോകാനായി വിദേശ വനിതയുടെ ഫോണിൽ നിന്നും ഈ ടാക്‌സി ഡ്രൈവറെ വിളിച്ചിരുന്നു. പിന്നാലെ ഇയാൾ നിരന്തരം ഈ നമ്പരിലേക്ക് സന്ദേശമയച്ചു ശല്യപ്പെടുത്തിയെന്നും ഒപ്പം താമസിക്കാനും ടൂർ പോകാൻ നിർബന്ധിച്ചെന്നും ഇത് വിലക്കിയെങ്കിലും സന്ദേശമയ്ക്കുന്നത് തുടർന്നുവെന്നും വനിത റിസോർട്ട് അധികൃതരോട് പരാതിപെട്ടിട്ടുണ്ട്.
വിദേശവനിത പരാതി നൽകിയിട്ടില്ലെന്ന് പൊലീസ്
ചൊവ്വാഴ്ച ഷെഫ് നൽകിയ പരാതിയെ തുടർന്ന് അന്വേഷണത്തിനായി വനിതാ പൊലീസിനെ അയച്ച് ദ്വിഭാഷിയുടെ സഹായത്തോടെ വിദേശ വനിതയുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ ഇതുവരെയും വിദേശ വനിത നേരിട്ട് പൊലീസിന് പരാതി നൽകിയിട്ടില്ല. ഷെഫിനെ ആക്രമിച്ചതിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |