
2026ലെ നീറ്റ്-യു.ജി പരീക്ഷ റദ്ദാക്കിയത് വെറുമൊരു ഭരണപരമായ നടപടിയല്ല; അതൊരു ഭരണഘടനാപരമായ മുറിവാണ്. 23 ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ ഒരു ദേശീയ പ്രവേശന പരീക്ഷ, ചോദ്യപ്പേപ്പർ ചോർച്ച ആരോപണങ്ങളെത്തുടർന്ന് റദ്ദാക്കുമ്പോൾ, ആ ആഘാതം ഒരു തീയതിയിലോ ഒരു ഏജൻസിയിലോ ഒരു പരീക്ഷാഹാളിലോ മാത്രം ഒതുങ്ങുന്നില്ല. അത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഏറ്റവും സുപ്രധാനമായ വാഗ്ദാനത്തെയാണ് തകർക്കുന്നത്- എത്ര അപൂർണമായ അളവുകോലാണെങ്കിലും, യോഗ്യത (merit) കരിഞ്ചന്തയിൽ വിൽക്കപ്പെടില്ല എന്ന വാഗ്ദാനം.
റിപ്പോർട്ടുകൾ പ്രകാരം, 2026 മെയ് 3ന് നടന്ന നീറ്റ്-യു.ജി പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുവെന്ന നിയമപാലകരുടെ മുന്നറിയിപ്പിനെത്തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അത് റദ്ദാക്കി. കേന്ദ്രസർക്കാർ ഈ വിഷയം സമഗ്രമായ അന്വേഷണത്തിനായി സി.ബി.ഐക്ക് വിട്ടു. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള 2024ലെ നിയമപ്രകാരം ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സി.ബി.ഐ കേസെടുത്തു. അതുകൊണ്ടാണ് നീറ്റ് പ്രതിസന്ധിയെ വെറുമൊരു 'പരീക്ഷാ ക്രമക്കേട്' ആയി കാണാതെ, വിദ്യാർത്ഥികൾക്കെതിരെയുള്ള ഒരു സംഘടിത സാമ്പത്തിക കുറ്റകൃത്യമായി പരിഗണിക്കേണ്ടത്.
അലംഭാവം എത്രത്തോളം അപകടകരമാണെന്ന് ഇന്ത്യ ഇതിനകം കണ്ടതാണ്. 2024ലെ നീറ്റ് കേസിലെ വ്യവഹാരത്തിനിടെ, ഹസാരിബാഗിലും പാട്നയിലും ചോദ്യപേപ്പർ ചോർന്നത് തർക്കമില്ലാത്ത കാര്യമാണെന്ന് സുപ്രീംകോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ ചോർച്ച പരീക്ഷാ സംവിധാനത്തെ മുഴുവനായി ബാധിച്ചുവെന്നോ അല്ലെങ്കിൽ കുറ്റക്കാരായ വിദ്യാർത്ഥികളെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിയില്ലെന്നോ തെളിയിക്കാൻ സാധിക്കാത്തതിനാൽ അന്ന് പരീക്ഷ പൂർണമായി റദ്ദാക്കാൻ കോടതി വിസമ്മതിച്ചു.
ആ വിധി രണ്ട് കാരണങ്ങളാൽ പ്രധാനമാണ്. ഒന്ന്- ഒരു ചോർച്ച നടന്നതുകൊണ്ട് മാത്രം കോടതി രാജ്യവ്യാപകമായി വീണ്ടും പരീക്ഷ നടത്താൻ ഉത്തരവിടില്ല. ആ വീഴ്ച വ്യവസ്ഥാപിതമാണോ എന്ന് പരിശോധിക്കും. രണ്ട്- ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ, അതിന്റെ ഭാരം ലക്ഷക്കണക്കിന് നിരപരാധികളായ വിദ്യാർത്ഥികളുടെ ചുമലിലാകുമെന്ന് അത് എക്സിക്യൂട്ടീവിന് മുന്നറിയിപ്പ് നൽകുന്നു.
നീറ്റ് വെറുമൊരു പരീക്ഷയല്ല, അതൊരു ദേശീയ വിശ്വാസമാണ്. ഓരോ ചോദ്യപേപ്പർ ചോർച്ചയും ഒരു കുട്ടിയുടെ അവസരം മോഷ്ടിക്കലാണ്. വെറുമൊരു പുനഃപരീക്ഷയല്ല ഇതിന് പരിഹാരം. മറിച്ച് കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന നിശ്ചയദാർഢ്യവും വ്യവസ്ഥാപിതമായ പരിഷ്കാരങ്ങളുമാണ്. പൊതുപരീക്ഷകൾ പൊതുസ്വത്താണെന്നും അത് മോഷ്ടിക്കുന്നത് ഇന്ത്യയുടെ ഭാവിക്ക് നേരെയുള്ള കുറ്റകൃത്യമാണെന്നുമുള്ള പുതിയ ബോദ്ധ്യം ഈ പ്രതിസന്ധിക്ക് അന്ത്യം കുറിക്കട്ടെ.
നിയമം കടലാസിൽ പോര
ഇന്ന് നിയമവ്യവസ്ഥ മുൻപത്തേക്കാൾ ശക്തമാണ്. 2024 ജൂൺ 21ന് നിലവിൽ വന്ന പൊതുപരീക്ഷാ (അവിഹിത മാർഗങ്ങൾ തടയൽ) നിയമം (Public Examinations Act, 2024), ഇത്തരം ക്രമക്കേടുകൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണ്. ചോദ്യപേപ്പർ ചോർത്തൽ, ഗൂഢാലോചന, വ്യാജ പരീക്ഷകൾ, പരീക്ഷാ നടത്തിപ്പുകാരുടെ വീഴ്ചകൾ എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരുന്നു.
ഇതിലെ ശിക്ഷാനടപടികൾ കഠിനമാണ്. കുറ്റവാളികൾക്ക് 3 മുതൽ 5 വർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും. സംഘടിത കുറ്റകൃത്യങ്ങൾക്ക് 5 മുതൽ 10 വർഷംവരെ തടവും കുറഞ്ഞത് ഒരു കോടി രൂപ പിഴയും. സേവനദാതാക്കളായ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപവരെ പിഴയും പരീക്ഷാ നടത്തിപ്പിൽ നിന്ന് നാല് വർഷത്തെ വിലക്കും.
പക്ഷേ, നിയമം കടലാസിലുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. ചോദ്യപേപ്പർ ചോർച്ച ഒരു 'സപ്ലൈ-ചെയിൻ' കുറ്റകൃത്യമാണ്. ഇതിൽ ഉദ്യോഗസ്ഥർ, പ്രിന്റിംഗ് പ്രസുകൾ, ലോജിസ്റ്റിക്സ് ജീവനക്കാർ, കോച്ചിംഗ് സെന്ററുകൾ എന്നിവർ ഉൾപ്പെട്ടേക്കാം. അതിനാൽ, ചോദ്യപേപ്പർ വാങ്ങിയ വിദ്യാർത്ഥികളിൽ മാത്രം അന്വേഷണം ഒതുങ്ങാതെ അതിന്റെ വേരുകളിലേക്ക് എത്തണം.
വേണം, അടിയന്തര
പരിഷ്കാരങ്ങൾ
ദേശീയ പരീക്ഷ സുരക്ഷാ ചട്ടക്കൂട് (Integrity Protocol)
പരീക്ഷാ നടത്തിപ്പിന്റെ ഓരോ ഘട്ടവും നിയമപരമായി ഓഡിറ്റ് ചെയ്യാവുന്ന രീതിയിലാക്കണം.
തത്സമയ ചോർച്ച കണ്ടെത്തൽ
സാങ്കേതികവിദ്യ ഉപയോഗിച്ച്, പ്രചരിക്കുന്ന വ്യാജ ചോദ്യപേപ്പറുകളും യഥാർത്ഥ ചോദ്യപേപ്പറുകളും തമ്മിലുള്ള സാമ്യം മുൻകൂട്ടി കണ്ടെത്തണം.
പരീക്ഷാ കേന്ദ്രങ്ങളുടെ ഉത്തരവാദിത്വം
വീഴ്ച വരുത്തുന്ന കേന്ദ്രങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണം.
സാമ്പത്തിക ശിക്ഷ
കുറ്റവാളികളുടെ സ്വത്ത് കണ്ടുകെട്ടണം. പരീക്ഷാ നടത്തിപ്പിനുണ്ടായ ചെലവ് അവരിൽ നിന്ന് ഈടാക്കണം.
വിദ്യാർത്ഥികൾക്കുള്ള അവകാശരേഖ
പരീക്ഷ റദ്ദാക്കിയാൽ കൃത്യമായ സമയക്രമം, ഫീസ് തിരിച്ചുനൽകൽ, മാനസികാരോഗ്യ പിന്തുണ എന്നിവ ഉറപ്പാക്കണം.
എൻ.ടി.എയുടെ പുനഃസംഘടന
എൻ.ടി.എയ്ക്ക് സ്വന്തമായി ഒരു സുരക്ഷാ വിഭാഗവും സൈബർ ഇന്റലിജൻസ് യൂണിറ്റും ഉണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |