SignIn
Kerala Kaumudi Online
Wednesday, 20 May 2026 8.01 PM IST

തിരുവനന്തപുരത്ത് നിന്ന് കസ്‌റ്റഡിയിലെടുത്ത മൂന്നിൽ രണ്ടുപേരെ വിട്ടയച്ചു, അബിഗേൽ സാറയെ തട്ടികൊണ്ടുപോയിട്ട് 19 മണിക്കൂർ പിന്നിടുന്നു

abigel-sara

തിരുവനന്തപുരം: പൂയപ്പള്ളിയിൽ ആറുവയസുകാരി അബിഗേൽ സാറയെ തട്ടികൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് കസ്‌റ്റഡിയിലെടുത്ത രണ്ടുപേരെ വിട്ടയച്ചു. ശ്രീകണ്‌ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് രാവിലെ കസ്റ്റഡിയിലെടുത്തത്. ഇതിൽ ശ്രീകണ്‌ഠേശ്വരത്തെ കാർ വാഷിംഗ് സെന്ററിലെ രണ്ടുപേരെയാണ് വിട്ടയച്ചതെന്നാണ് വിവരം. ഇവരിൽ നിന്ന് 15 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അബിഗേൽ സാറയ്ക്കായുള്ള നാടിന്റെ തെരച്ചിൽ 19 മണിക്കൂർ പിന്നിട്ടു കഴിഞ്ഞു. കേരളം മുഴുവൻ അരിച്ചുപെറുക്കുകയാണ് പൊലീസ്. കുഞ്ഞിന് ആപത്ത് സംഭവിക്കല്ലേയെന്ന പ്രാർത്ഥയിലാണ് മലയാളികൾ. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടു.

ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. അബിഗേലിന്റെ സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു. രാത്രി 7.45ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ ഫോൺ കോളെത്തി. പാരിപ്പള്ളി കുളമടയിലെ കടയിലെത്തി ഉടമയായ ഗിരിജയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. ഓട്ടോയിലാണ് സ്ത്രീയും പുരുഷനും എത്തിയതെന്ന് അവർ പറഞ്ഞു. കടയിൽ നിന്ന് ബിസ്‌ക്കറ്റും റസ്‌കും തേങ്ങയും വാങ്ങിയാണ് മടങ്ങിയത്.അതിന് ശേഷം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാമതും അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ വിളിവന്നു. കുഞ്ഞ് ഞങ്ങളുടെ കൈയിൽ സുരക്ഷിതയാണെന്ന് അറിയിച്ചു. ഇപ്പോൾ പണം തന്നാൽ കുട്ടിയെ തിരികെ നൽകുമോയെന്ന് ചോദിച്ചപ്പോൾ രാവിലെ പത്ത് മണിക്ക് നൽകാനാണ് ബോസിന്റെ നിർദ്ദേശമെന്ന് മറുപടി. രാവിലെ 10ന് പത്തുലക്ഷം അറേഞ്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോൺ കട്ടായി. ഈ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനിൽ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേൽ. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇൻചാർജ്ജാണ് റെജി. സിജി കൊട്ടിയം കിംസിലെ നഴ്സും.


വ്യാജ നമ്പർ വച്ച വെള്ള ഹോണ്ട കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്‌കൂൾ വിട്ട ശേഷം ഒന്നാം ക്ലാസുകാരി അബിഗേലും മൂന്നാം ക്ലാസുകാരൻ ജോനാഥനും നൂറ് മീറ്ററപ്പുറമുള്ള ട്യൂഷൻ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ കുട്ടികൾക്ക് അരികിൽ നിറുത്തി. കാറിൽ നിന്നിറങ്ങിയ ഒരാൾ അമ്മയ്ക്ക് കൊടുക്കെന്ന് പറഞ്ഞ്ഒരു പേപ്പർ അബിഗേലിന് നേരെ നീട്ടിയ ശേഷം പെട്ടെന്ന് കാറിലേക്ക് വലിച്ച് കയറ്റി. ജോനാഥനെ പിടിച്ചപ്പോൾ കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് അടിച്ച് രക്ഷപ്പെട്ടു. കാർ അതിവേഗത്തിൽ ഓടിച്ചുപോയി. ഓയൂർപാരിപ്പള്ളി റൂട്ടിലേക്കാണ് കാർ പോയത്. ജോനാഥൻ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട്ടിൽ റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാർ ഉടൻ പൊലീസിൽ അറിയിച്ചു. പൊലീസ് സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറി. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു. വാഹന പരിശോധനയും തുടർന്നു. കൊട്ടാരക്കര ഡിവൈ.എസ്.പി അബിഗേലിന്റെ രക്ഷിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. എ.ഡി.ജി.പി അജിത് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ABIGEL SARA, KERALA POLICE, CHILD KIDNAPPING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY