
തൂണുകളിൽ ട്രാക്ക്
തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സിൽവർലൈൻ ഉപേക്ഷിച്ചതിനു പകരം അതിവേഗ റെയിൽ ഇടനാഴി നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ ശ്രമിക്കും. വന്ദേഭാരത് അടക്കം മറ്റു ട്രെയിനുകൾക്കും ഗുഡ്സിനും സഞ്ചരിക്കാനാവുന്ന തരത്തിൽ ബ്രോഡ്ഗേജ് പാതയാണ് ലക്ഷ്യം. മെട്രോമാൻ ഇ.ശ്രീധരന്റെ സഹായം തേടിയിട്ടാവും റെയിൽവേ മന്ത്രാലയത്തെ സമീപിക്കുക.
എന്നാൽ, ബ്രോഡ്ഗേജിൽ സിൽവർലൈനിൽ പ്രഖ്യാപിച്ച 200കിലോമീറ്റർ വേഗം കിട്ടില്ല. ബ്രോഡ്ഗേജിലെ പരമാവധി വേഗമായ 160കി. മീറ്ററിൽ ട്രെയിനോടിക്കാവുന്ന തരത്തിൽ വളവുകൾ കുറഞ്ഞ പാതയ്ക്കായിരിക്കും ശ്രമം. ജനങ്ങൾക്ക് ദുരിതമാവാത്ത രീതിയിൽ വളരെ കുറച്ച് ഭൂമിയേറ്റെടുത്ത് തൂണുകളിലായിരിക്കും പാത. യാഥാർത്ഥ്യമായാൽ തിരുവനന്തപുരം- കാസർകോട് 580 കി. മീറ്റർ ദൂരം നാലരമണിക്കൂറിലെത്താം.
റെയിൽ പാതയുമായി ബന്ധമില്ലാത്ത സ്റ്റാൻഡേർഡ് ഗേജിലാണ് സിൽവർലൈൻ വിഭാവനം ചെയ്തിരുന്നത്. ബ്രോഡ്ഗേജിലാക്കണമെന്ന റെയിൽവേയുടെ നിർദ്ദേശം കഴിഞ്ഞ സർക്കാർ തള്ളിയിരുന്നു. ബ്രോഡ്ഗേജിനായി കൂടുതൽ ഭൂമിയേറ്റെടുക്കേണ്ടി വരുമെന്നും വേഗത കുറയുമെന്നുമായിരുന്നു എതിർവാദം. ഇതെല്ലാം കേന്ദ്രം തള്ളിയ സാഹചര്യത്തിൽ റെയിൽവേ നയത്തിനു അനുസൃതമായി പുതിയ പദ്ധതിക്കാണ് ശ്രമം.
50കിലോമീറ്ററിൽ കണക്ഷൻ
നിലവിലെ റെയിൽ പാതയുമായി ഓരോ 50കിലോമീറ്ററിലും കണക്ഷനോടെ അതിവേഗ ഇടനാഴി വന്നാൽ യാത്രക്കാർക്ക് കൂടുതൽ ഗുണകരമാകും
വിഴിഞ്ഞത്തിനും ഗുണം
കാർഗോ, പാസഞ്ചർ ട്രെയിനുകളോടിക്കാവുന്ന അതിവേഗ ഇടനാഴികൾക്കാണ് റെയിൽവേ ഇപ്പോൾ അനുമതി നൽകുന്നത്. അഹമ്മദാബാദിലെ സെമി- ഹൈസ്പീഡ് ബ്രോഡ്ഗേജ് പാത ഇത്തരത്തിലുള്ളതാണ്. കണ്ടെയ്നറുകളിൽ ചരക്കു നീക്കത്തിനുള്ള റോ- റോ സംവിധാനം കൂടി അതിവേഗ ഇടനാഴിയിൽ വരുന്നത് വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള ചരക്കുനീക്കത്തിനും ഗുണകരമാവും.
സിൽവർലൈനിന്റെ മഞ്ഞക്കുറ്റികൾ ഉടൻ മാറ്റും. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കും. ഭൂമി ഉടമസ്ഥർക്ക് വിട്ടുനൽകും
-എ.പി.അനിൽകുമാർ,
റവന്യു മന്ത്രി
സിൽവർലൈൻ മഞ്ഞക്കുറ്റികൾ മറ്റ്
ആവശ്യത്തിന് ഉപയോഗിക്കും
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി റദ്ദാക്കിയ സാഹചര്യത്തിൽ 11ജില്ലകളിലായി സ്ഥാപിച്ചിരുന്ന 7,000ഓളം മഞ്ഞക്കുറ്റികൾ മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാനാവുമോയെന്ന് സർക്കാർ പരിശോധിക്കുന്നു. ഇതിനായി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ വ്യക്തമാക്കി. 1.62കോടി ചെലവിലാണ് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചത്. എത്രയും വേഗം ഇവ പിഴുതുമാറ്റും. വില്ലേജ് ഓഫീസർമാർ മഞ്ഞക്കുറ്റികൾ സൂക്ഷിക്കും. പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തിൽ നാട്ടുകാർ പലേടത്തും മഞ്ഞക്കുറ്റി പിഴുതു മാറ്റുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |