
കുട്ടനാട്: കുരുന്ന് മനസ്സുകൾക്ക് വിജ്ഞാനത്തിനൊപ്പം ആനന്ദവും പകരാനായി രാമങ്കരി പഞ്ചായത്തിന് കീഴിൽ നിർമ്മിച്ച സ്മാർട്ട് അംഗനവാടി നാടിന്റെ അഭിമാനമായി മാറുന്നു. ആടിയും പാടിയും ചിരിച്ചും കളിച്ചും പഠിച്ചും സ്മാർട്ടാകുന്നതിനൊപ്പം ക്ലാസ് മുറിയെ സ്വന്തം ലോകമാക്കിയിരിക്കുകയാണ് പഠിക്കുന്ന പതിനൊന്ന് കുരുന്നുകളും.
2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി ആലപ്പുഴ ജില്ലാപഞ്ചായത്ത് 35.10 രൂപ ചെലവിട്ട് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഇരുനില കെട്ടിടത്തിൽ ഒരു ക്ലാസ്റൂം, പ്രധാന മുറി, പ്രത്യേക ഹാൾ മുകളിലും താഴെയുമായി രണ്ട് ബാത്ത്റൂം കിച്ചൺ എന്നിങ്ങനെ വിവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കുട്ടികളുടെ പഠനത്തിനൊപ്പം അവരുടെ വിനോദപരമായ കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന നിരവധി കളിപ്പാട്ടങ്ങളും സജജീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ ഉൾപ്പെടെയുള്ള കൂടുതൽ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുത്താനാണ് നീക്കം. നിലവിലുണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ അംഗൻവാടി നിർമ്മിച്ചത്. കെട്ടിട നിർമാണം പൂർത്തിയായപ്പോൾ തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിനാൽ ഉദ്ഘാടനം വൈകുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്തും ബന്ധപ്പെട്ട അധികൃതരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |