കൊച്ചി: കൂടുമത്സ്യകൃഷി ജനകീയമാക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സംസ്ഥാന സർക്കാരിന്റെ 'തൊഴിൽശ്രേഷ്ഠ' പുരസ്‌കാരം. സി.എം.എഫ്.ആർ.ഐയുടെ കീഴിൽ കൂടുമത്സ്യകൃഷി ആരംഭിച്ച കണ്ണൂർ ജില്ലയിലെ പി.എം. ദിനിൽ പ്രസാദാണ് (28) മത്സ്യമേഖലയിൽ നിന്ന് പുരസ്‌കാരത്തിന് അർഹനായത്.
കൂടുമത്സ്യകൃഷിയിൽ ആകൃഷ്ടനായതോടെ കരസേനയിലെ ജോലി വിട്ട് 2018ലാണ് പിണറായി സ്വദേശി ദിനിൽ സി.എം.എഫ്.ആർ.ഐയുടെ പദ്ധതിയിൽ അംഗമാകുന്നത്. ആഭ്യന്തര മത്സ്യോത്പാദനം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കേരളത്തിൽ 500 കൂടുമത്സ്യകൃഷി യൂണിറ്റുകൾക്ക് സി.എം.എഫ്.ആർ.ഐ തുടക്കമിട്ടപ്പോൾ ആദ്യ മത്സ്യക്കൂട് ലഭിച്ചത് ദിനിൽ പ്രസാദിനായിരുന്നു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ (എൻ.എഫ്.ഡി.ബി) സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി തുടങ്ങിയത്.
സി.എം.എഫ്.ആർ.ഐയുടെ സാങ്കേതിക പരിശീലനവും മേൽനോട്ടവും ലഭിച്ചതോടെ മൂന്നര വർഷത്തിനുള്ളിൽ തന്നെ കൂടുമത്സ്യകൃഷിയിൽ വൻനേട്ടം സ്വന്തമാക്കാനായതാണ് ദിനിലിനെ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരത്തിന് അർഹനാക്കിയത്. ഏഴ് കൂടുകളിലായി കരിമീൻ കൃഷിയും കരിമീൻ വിത്തുത്പാദനവും ചെയ്യുന്നതോടൊപ്പം കൂടുമത്സ്യകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സാങ്കേതിക സഹായവും ദിനിൽ നൽകുന്നുണ്ട്.
നാല് മീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള ഏഴ് കൂടുകളിലായി ഏഴായിരം കരിമീൻ കുഞ്ഞുങ്ങളെയാണ് വളർത്തുന്നത്. ഓരോ കൂടിൽ നിന്നും ശരാശരി 150 കിലോ കരിമീൻ ഒരു വർഷം വിളവെടുക്കും. ദിനിലിന്റെ സഹായത്തോടെ 75ഓളം കൂടുമത്സ്യകൃഷി യൂണിറ്റുകൾ മലബാറിലെ വിവിധ സ്ഥലങ്ങളിൽ നടന്നുവരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |